ARTICLES

പരിഹസിച്ചവര്‍ക്കൊക്കെ പെര്‍ഫോമന്‍സുകൊണ്ട് മറുപടി നല്‍കും

സോഷ്യല്‍ മീഡിയ സജീവമായ കാലം മുതല്‍ ഏറെ പരിഹാസങ്ങളും കളിയാക്കലുകളും കിട്ടയ മൂന്ന് നടന്മാരായിരുന്നു കൈലാഷും സൈജുകുറുപ്പും വിനുമോഹനും. സിനിമയില്‍ ഗംഭീരമായ തുടക്കം കിട്ടിയിട്ടും തുടര്‍ന്ന് വന്ന സിനിമകളുടെ പേരിലാണ് ഇവര്‍ ട്രോളുകള്‍ വാരികൂട്ടിയത്. എന്നാല്‍ സൈജു കുറുപ്പ് കാലങ്ങള്‍ക്ക് ശേഷം തന്റെ പെര്‍ഫോമന്‍സുകൊണ്ട്പ രിഹസിച്ചവര്‍ക്കെല്ലാം മറുപടി നല്‍കി. അന്ന് കളിയാക്കിയവര്‍ ഇപ്പോള്‍ ആരാധനയോടെ കാണുന്ന അറക്കല്‍ അബുവായും ബീമാപള്ളി നൗഷാദായും ജോണി പെരിങ്ങോടനായുമെല്ലാം നടന്‍ അവരെ വിസ്മയിപ്പിച്ചു. മയൂഖം എന്ന ഹരിഹരന്‍ ചിത്രത്തിലൂടെയായിരുന്നു സൈജു കുറുപ്പ് സിനിമയിലേക്ക് എത്തുന്നത്. മമ്ത മോഹന്‍ദാസ് ആയിരുന്നു ചിത്രത്തിലെ നായിക.

പിന്നീട് വന്ന പല സിനിമകളിലെ പ്രകടനത്തിനും നടന് പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. വിനു മോഹന്റെ കാര്യത്തിലും അത് തന്നെയായിരുന്നു അവസ്ഥ. ലോഹിതദാസ് ചിത്രം നിവേദ്യത്തിലൂടെ നായകനായിട്ടായിരുന്നു വിനു മോഹന്റെ അരങ്ങേറ്റം. എന്നാല്‍ പിന്നീട് നടന്‍ ചെയ്ത വേഷങ്ങളൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റ് ചിത്രം പുലിമുരുകനില്‍ മോഹന്‍ലാലിന്റെ അനുജന്‍ കഥാപാത്രമായി എത്തിയാണ് വിനു മോഹന്‍ തന്നെ കളിയാക്കിയവര്‍ക്ക് മറുപടി നല്‍കിയത്. എന്നാല്‍ കൈലാഷ് എന്ന നടന്റെ അവസ്ഥയില്‍ ഇപ്പോഴും വലിയ മാറ്റമുണ്ടായിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ട്രോളുകള്‍ ഏറ്റുവാങ്ങുന്ന നടനായി കൈലാഷ് മാറി.

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ലാല്‍ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തില്‍ നായകനായി സ്വപ്‌നതുല്യമായ തുടക്കമായിരുന്നു കൈലാഷിന് കിട്ടിയത്. എന്നാല്‍ പിന്നീട് നായകനായി എത്തിയ സിനിമകളെല്ലാം പരാജയത്തിലേക്ക് മാറുകയായിരുന്നു. അടുത്ത കാലത്ത് മിഷന്‍ സി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തപ്പോഴും നടന്‍ വലിയ രീതിയില്‍ ട്രോളുകള്‍ നേരിട്ടു. അവസാനം സിനിമയുടെ സംവിധായകന്‍ വരെ കൈലാഷിനെ പിന്തുണച്ച് രംഗത്ത് എത്തുന്ന അവസ്ഥയും ഉണ്ടായി. റെഡ് റിവര്‍ എന്ന കൈലാഷിന്റെ അടുത്ത ചിത്രത്തിന്റേയും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഈ രണ്ട് സിനിമകളിലൂടെയും നടന്‍ തന്റെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കും എന്നാണ് സിനിമാ സ്‌നേഹികളുടെ പ്രതീക്ഷ.

പലരും അതിനെ കുറിച്ച് അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു. അനുരാഗ വിലോചനനായി മലയാള സിനിമയിലേക്ക് കടന്ന് വന്ന് ആദ്യമുണ്ടാക്കിയ ഓളം നിലനിര്‍ത്താന്‍ പറ്റാതെ പോയ ക്ഷീണം മാറ്റാന്‍ കൈലാഷ് ഒരുങ്ങി ഇറങ്ങിയത് പോലെയുണ്ട്. മിഷന്‍ സി യിലെ ക്യാപ്റ്റന്‍ വേഷത്തിലൂടെയും റെഡ് റിവറിലൂടെയും പുള്ളിക്കാരന്‍ രണ്ടാം വരവ് ഗംഭീരമാക്കട്ടെ. ട്രോള്‍ ചെയ്യപ്പെടുക എന്നുള്ളത് ഒരിക്കലും മോശം കാര്യമല്ല. ട്രോളന്മാരെ കൊണ്ട് അത് മാറ്റിപ്പറയിക്കുമ്പോള്‍ കിട്ടുന്നൊരു സന്തോഷം വേറെ തന്നെ ആയിരിക്കും. തന്നെ കളിയാക്കിയവരുടെ മുന്നില്‍ പെര്‍ഫോമന്‍സ് കൊണ്ട് മറുപടി കൊടുത്തവരുടെ പേരുകളില്‍ കൈലാഷ് എന്ന പേരും ഉള്‍പ്പെടട്ടെ. തിരുമ്പി വാ സഹോ. എന്നാണ് ഒരാള്‍ ഇതിനെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

Trending

To Top
error: Content is protected !!