നിവിൻ പോളി ചിത്രമായ ആക്ഷൻ ഹീറോ ബിജുവിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് മേരി. ഒറ്റ സീനിൽ കൂടി ആണ് താരം പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഇപ്പോൾ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അജിൽ അശോകൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ലോട്ടറി വിറ്റ് ആക്‌ഷൻ ഹീറോ ബിജുവിലെ നടി എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത് . ‘‘ഒന്നു പോ സാറേ’’, ഈ ഒരൊറ്റ ഡയലോഗുകൊണ്ട് ആക്ഷൻ ഹീറോ ബിജുവിൽ കൂടി മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് എരമല്ലൂർ സ്വദേശിനിയായ മേരി.
ആക്‌ഷൻ ഹീറോ ബിജു ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. എന്നാൽ കോവിഡ് കാലം മേരിക്ക് ദുരിതമായിരുന്നു സമ്മാനിച്ചത്. കോവിഡ് മൂലം ഉണ്ടായ പ്രതിസന്ധികൾ കൊണ്ട് ഇപ്പോൾ മേരി ചിരിക്കാൻ പോലും മറന്നു. കുറച്ച് കാലം കൊണ്ട് സിനിമയിൽ സജീവമായി എങ്കിലും സിനിമ ഇല്ലാതായതോടെ ഭാഗ്യക്കുറി വിൽപ്പന തുടങ്ങിയിരിക്കുകയാണ് മേരി. ചേർത്തല അരൂർ ദേശീയപാതയ്ക്ക് സമീപമാണ് ഇപ്പോൾ മേരി ലോട്ടറി വിൽക്കുന്നത്. ജില്ലാ സഹകരണ ബാങ്കിൽ നിന്നും മേരി ലോൺ എടുക്കുന്നത് കൂടുതൽ അവസരങ്ങൾ സിനിമയിൽ നിന്ന് ലഭിക്കുമെന്ന് കരുതിയാണ്. വീട് വെക്കാൻ വേണ്ടി ആണ് ലോൺ എടുത്തത്.
സിനിമ കുറഞ്ഞതോടെ തിരിച്ചടവ് മുടങ്ങി. ഇപ്പോൾ ജപ്തി നോട്ടീസുമെത്തി. സിനിമാക്കാരാരും തന്നെ വിളിക്കുന്നില്ല. എന്തെങ്കിലും വഴി നോക്കണ്ടേ എന്നോർത്ത് ലോട്ടറി വിറ്റാണ് ജീവിക്കുന്നതെന്ന് മേരി പറഞ്ഞു. ആലപ്പുഴ എഴുപുന്ന ചാണിയിൽ ലക്ഷംവീട് കോളനി വീട്ടിലാണ് മേരി താമസിക്കുന്നത്. തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സമയത്താണ് ആക്‌ഷൻ ഹീറോ ബിജുവിൽ അവസരം ലഭിക്കുന്നത്. മകളെ വിവാഹം കഴിച്ചയച്ചു. ഒപ്പമുള്ള മകന് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ട്. രാവിലെ 6.30ന് വീട്ടിൽ നിന്നിറങ്ങും. ഉച്ചവരെ ദേശീയപാതയോരത്തെ പൊരിവെയിലത്ത്ലോട്ടറി വിൽക്കും.
300 രൂപ വരെ കിട്ടും. ഒരു കൊച്ചുഫോണും കയ്യിലുണ്ട്. സിനിമയിൽ എന്തെങ്കിലും ഒരു വേഷവുമായി ആരെങ്കിലും വിളിക്കും എന്ന പ്രതീക്ഷയോടെ. അഭിനയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ല. സ്വന്തം കഴിവും പ്രയത്നവും മാത്രമാണ് മുപ്പത്തിയഞ്ച് സിനിമകളിൽ മേരിക്ക് മുതൽക്കൂട്ടായത്. ആക്‌ഷൻ ഹീറോ ബിജു കഴിഞ്ഞ് ഒരുപാട് പരസ്യങ്ങളും മേരി ചെയ്തിട്ടുണ്ട്. അധ്വാനിക്കാനുള്ള മനസ്സും, ഒപ്പം വീണ്ടും സിനിമയിൽ സജീവമാകാമെന്ന പ്രതീക്ഷയും ഉള്ളതുകൊണ്ടാണ് ഈ ടിക്കറ്റിന്റെപുറകെ നടക്കുന്നതെന്ന് മേരി കൂട്ടിച്ചേർത്തു എന്നുമാണ് പോസ്റ്റ്.