എക്കാലത്തേക്കുമുള്ള സാക്ഷ്യപത്രങ്ങൾ തന്നെയാണ് ഈ രണ്ട് സിനിമകൾ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട രണ്ടു ചിത്രങ്ങൾ ആണ് പൊന്മുട്ട ഇടുന്ന താറാവും മഴവിൽ കാവടിയും. രണ്ടിലും ജയറാം പ്രധാന വേഷത്തിൽ എത്തുന്നു എന്നത് ശ്രദ്ധയേറിയ കാര്യം ആണ്. ഇപ്പോൾ സിനി ഫൈൽ ഗ്രൂപ്പിൽ ഈ ചിത്രങ്ങളെ കുറിച്ച് ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മഠത്തിൽ ഉണ്ണികൃഷ്ണൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഈ രണ്ടു ചിത്രങ്ങൾ തമ്മിലുള്ള സാമ്യം ആണ് പറയുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ‘പൊന്മുട്ടയിടുന്ന താറാവ്’, ‘മഴവിൽക്കാവടി’ 80 കളിൽ പുറത്തിറങ്ങിയ ഈ രണ്ട് ചിത്രങ്ങൾ, എത്രയോ വർഷങ്ങളായി ടി വി ചാനലിൽ മിക്ക ദിവസവും ഉണ്ടാകാറുണ്ട്. തിരിച്ചും മറിച്ചും ഇവ രണ്ടും തുടർച്ചയായി സംപ്രേക്ഷണം ചെയ്യപ്പെടുന്നു. എന്റെ വീട്ടിൽ ഇതെപ്പോൾ സംപ്രേക്ഷണം ചെയ്യുമ്പോഴും ഞങ്ങളെല്ലാവരും വളരെ ആഹ്ലാദത്തോടെ കാണുന്ന ചിത്രങ്ങൾ ആണ് ഇത്. എത്ര കണ്ടിട്ടും കണ്ടിട്ടും ഞങ്ങൾക്കാർക്കും മതി വരാത്തതാണ് ഈ മനോഹര സിനിമകൾ.

മലയാളികൾക്കാർക്കും ഒരിക്കലും മടുക്കാത്ത സിനിമകൾ തന്നെയാണ് ഇവ. കേരളത്തിലെ ഒരിക്കലും തിരിച്ചു വരാത്ത ഒരു കാലഘട്ടം, ഈ സിനിമകളിലൂടെ കാണുമ്പോൾ വല്ലാതെ മോഹിപ്പിക്കുന്നു. അതിലേറെ വല്ലാത്ത നഷ്ടബോധവും. സത്യൻ അന്തിക്കാടു സാറിനോട് ഇങ്ങനെ രണ്ടു ചിത്രങ്ങൾ, തലമുറകൾക്കായി ഒരുക്കി വെച്ചതിനു, എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ആ സുന്ദരമായ നാടും, നാട്ടുകാരും അവരുടെ ജീവിതവും ആരെയാണ്, മോഹിപ്പിക്കാത്തത്.

ആരെയാണ് ആഹ്ലാദിപ്പിക്കാത്തത്. ആരുടെ കണ്ണിലാണ് നനവ് പടർത്താത്തത്. അതിലെ വില്ലൻ കഥാപാത്രങ്ങൾക്ക് പോലും ഒരു വ്യക്തിത്വവും ഉള്ളിൽ ഒരു നിഷ്കളങ്കതയും ഉണ്ട്. ഇങ്ങിനെ ഒരു കേരളവും നന്മ നിറഞ്ഞ പാവം മനുഷ്യരും ഇവിടെ ഉണ്ടായിരുന്നു, എന്നതിന്റെ എക്കാലത്തേക്കുമുള്ള സാക്ഷ്യപത്രങ്ങൾ തന്നെയാണ്, ഈ രണ്ട് മനോഹര സിനിമകൾ എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

ആ ചിത്രങ്ങളുടെ മാജിക്‌ എന്തായിരിക്കും എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്, പല പല വട്ടം. എനിക്ക് മനസ്സിലായത് ഇതാണ്. ഒരു സുന്ദരമായ ഗ്രാമത്തിൽ ആ കാലത്ത് നടക്കാവുന്ന, ഏറ്റവും സത്യസന്ധമായ കഥ. അതിന്റെ ഏറ്റവും മനോഹരമായ ആവിഷ്കാരം. കഥാപാത്രങ്ങൾക്ക് 100 ശതമാനം യോജിച്ച നടീനടന്മാർ. അവരുടെ അസാധ്യമായ പകർന്നാട്ടം. ഇനിയാര് വിചാരിച്ചാലും ഇത്തരം ഒരു സിനിമ അസാദ്ധ്യം എന്നാണ് ഒരു ആരാധകൻ നൽകിയിരിക്കുന്ന കമെന്റ്.

Leave a Comment