ആമസോണ്‍ പ്രൈമിലൂടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ മുന്നിലേക്കെത്തിയ ദൃശ്യം 2 മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്. മലയാളികള്‍ മാത്രമല്ല കേരളത്തിന് പുറത്തേക്കും സിനിമയെ കുറിച്ച് ആള്‍ക്കാര്‍ക്ക് പറയാന്‍ നല്ലത് മാത്രം. സോഷ്യല്‍ മീഡിയ മുഴുവനും ഇപ്പോഴും ദൃശ്യം തന്നെയാണ് ട്രെന്‍ഡിംങ്. ആദ്യഭാഗമായ ദൃശ്യത്തോടെ പരമാവധി നീതി പുലര്‍ത്തിയ തുടര്‍ച്ച എന്ന് തന്നെയാണ് എല്ലാവരുടേയും അഭിപ്രായം. സിനിമയെ കുറച്ചുള്ള പലതരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുകയാണ്.
അത്തരത്തില്‍ സിനിമ കണ്ട് കഴിഞ്ഞ പ്രേക്ഷകര്‍ കുറച്ച് നെഗറ്റീവ് ആയി പറയുന്ന ഒരു കാര്യമാണ് ജോര്‍ജ് കുട്ടി എന്ന നായക കഥാപാത്രത്തിന്റെ ഭാര്യയായി വരുന്ന റാണിയുടെ ഓവര്‍ മേക്കപ്പ്. ജോര്‍ജ്കുട്ടിയായി സൂപ്പര്‍താരം മോഹന്‍ലാലും ഭാര്യയായി തെന്നിന്ത്യന്‍ സൂന്ദരി മീനയുമാണ് അഭിനയിച്ചിരിക്കുന്നത്. റാണി എന്ന കഥാപാത്രം സിനിമയില്‍ മിക്ക സമയത്തും വീട്ടില്‍ തന്നെയാണ് നില്‍ക്കുന്നത്. പോലീസ് ജോര്‍ജ്കുട്ടിയെ തേടി വരാന്‍ പോകുന്നു എന്ന് വിവരം അറിയുന്ന നിര്‍ണ്ണായക സീനുകളില്‍ ഉള്‍പ്പെടെ പിങ്ക് ലിപ്സ്റ്റിക്കും കൃത്രിമ ഐലാഷസുമൊക്കെ വെച്ച് ഭീകരമേക്കപ്പില് ഒരുങ്ങി വരുന്ന റാണിയെയാണ് പ്രേക്ഷകര്‍ കാണുന്നത്. അത് സിനിമ കാണുന്ന പലര്‍ക്കും നല്ല അരോചകമായി തോന്നുകയും ചെയ്തിട്ടുണ്ട്.
ഒരു ഇന്റര്‍വ്യൂവില്‍ അവതാരകന് അതിനെ പറ്റി സംവിധായകന് ജീത്തു ജോസഫിനോട് തന്നെ ചോദിച്ചു. ‘സിനിമയുടെ നെഗറ്റീവ് വശങ്ങളെ കുറിച്ച് സിനിമകണ്ടവര്‍ പറയുന്നുണ്ട്. പ്രധാന നെഗറ്റീവായി പറയുന്ന ഒരു കാര്യം മീനചെയ്ത റാണി എന്ന് കഥാപാത്രത്തെ പറ്റിയാണ്. അവരുടെ മേക്കപ്പും അറ്റയറും. ഒരു സാധാ മലയാളി വീട്ടമ്മ അതും വീട്ടില്‍ തന്നെ ഇരിക്കുമ്പോള്‍ ഇങ്ങനെ ഒക്കെ ആണോ..?എന്താണ് അതേ പറ്റി പറയാന്‍ ഉള്ളത്..?’ ഇതായിരുന്നു ചോദ്യം. ജീത്തു ജോസഫ് ഒട്ടും ആലോചിക്കാതെ തന്നെ മറുപടി പറയുന്നു
‘ആ പറഞ്ഞതിനകത്ത് കാര്യമുണ്ട്. ഞാനത് നൂറ് ശതമാനം അംഗീകരിക്കുന്നു. മീന എന്ന് അഭിനേത്രി കുറേ അധികം മലയാളം സിനിമ ചെയ്ത ഒരാളാണ്. പക്ഷെ നാട്ടിന് പുറത്ത് കാരിയായ റാണി എന്ന കഥാപാത്രത്തെ പറ്റി മീനയോട് പറഞ്ഞിട്ട് ഒട്ടും കണ്‍വീന്‍സിങ്ങ് ആകുന്നില്ല. അവര്‍ക്കത് മനസ്സിലാകുന്നില്ല. മേക്കപ്പ് കുറ്ക്കണം എന്നൊക്കെ പറഞ്ഞതാണ്. പക്ഷെ ഞാനത് പറയുമ്പോള്‍ മീന അപ്സെറ്റ് ആകാന്‍ തുടങ്ങി. എനിക്ക് മീനയില്‍ നിന്ന് നല്ല റിയാക്ഷന്‍സാണ് വേണ്ടത്. ഞാന്‍ അങ്ങനെയുള്ളൊരാളാണ്. എന്റെ സിനിമയില്‍ ആര് അഭിനയിച്ചാലും അവര്‍ അപ്സെറ്റ് ആകാതെ നോക്കും. ആര്‍ട്ടിസ്റ്റുകള്‍ കംഫോര്്ട്ടബിള് ആയിരിക്കണം എന്നെനിക്ക് നിര്‍ബന്ധം ഉണ്ട്. മീനയ്ക്ക് എത്ര പറഞ്ഞിട്ടും മനസ്സിലാകാഞ്ഞപ്പോള്‍ എനിക്ക് വിട്ടുകൊടുക്കേണ്ടി വന്നു’ – ജീത്തു ജോസഫ് പറഞ്ഞു. എന്തായാലും നടീ നടന്മാരുടെ ഇങ്ങനെയുള്ള മനസ്സിലാക്കലുകളുടെ കുറവ് സിനിമയുടെ പൂര്‍ണ്ണതയെ ബാധിക്കും എന്നതിന് തെളിവാണ് ഈ ഒരു കാര്യം.
