ARTICLES

കാവ്യാമാധവനും ഇന്ദ്രജിത്തും ദിലീപും..!! ഇന്ദ്രജിത് കാവ്യയെ പെണ്ണുകാണാൻ വരുന്ന രംഗമാണ്…!! കുറിപ്പ്

മിഴിരണ്ടിലും. 2003ൽ രഞ്ജിത്ത് സംവിധാനം ചെയ്ത് കാവ്യാമാധവൻ, ഇന്ദ്രജിത്, ദിലീപ് എന്നിവർ പ്രധാനകഥാപാത്രങ്ങളായിവന്ന ചിത്രം.

കാവ്യാ മാധവൻ ഡബിൾ റോളിൽ എന്ന അപൂർവതയുണ്ടായിട്ടും, എക്കാലവും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപിടി മനോഹര ഗാനങ്ങൾ ഉണ്ടായിരുന്നിട്ടും, നല്ല കഥയും, തിരക്കഥയും, അഭിനയമുഹൂര്തങ്ങളും എല്ലാം ഒത്തുചേർന്നിട്ടും ചിത്രം ബോക്സ്‌ office പരാജയമായിരുന്നു.

എന്നാൽ എനിക്കിന്നും ഏറെ പ്രിയപ്പെട്ട ചിത്രമാണ് മിഴിരണ്ടിലും.

ഈ പോസ്റ് എഴുതാനുള്ള കാരണം സിനിമയിൽ ഇന്ദ്രജിത് കാവ്യയെ പെണ്ണുകാണാൻ വരുന്ന രംഗമാണ്.

ഏറെ കഷ്ടപാടുകൾക്കിടയിൽനിന്നും അധ്വാനിച്ചു കുടുംബം നോക്കുന്ന ഭദ്രയോടയാൾക്ക് ബഹുമാനമാണ്. സ്നേഹമാണ്. ഭദ്ര നേഴ്സ് ആയി ജോലി ചെയ്യുന്ന ആശുപത്രിയിൽ ഡോക്ടർ ആണയാൾ. സുന്ദരൻ. സുമുഖൻ.

പുറമെന്നിനൊരാൾ നോക്കുമ്പോൾ എന്തുകൊണ്ടും അനുയോജ്യമായ ബന്ധം. എന്നാൽ ആ പെണ്ണുകാണൽ എങ്ങനെയാണ് പരിണമിക്കുന്നത് എന്ന് നോക്കു.

ഭദ്രയുടെയും, ഇരട്ടസഹോദരി ഭാമയുടെയും ഏട്ടൻ, സാക്ഷാൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച “തെച്ചിക്കാട്ട് അച്യുതന്കുട്ടി ” എന്ന കഥാപാത്രമാണ് സംഭാഷണം ഏറെയും മുന്നോട്ട് കൊണ്ടുപോവുന്നത്.

അവയിൽ എടുത്ത് നിൽക്കുന്നത് ഇവയാണ്.

വരൻ ഡോക്ടർ ആണെന്നറിയുമ്പോൾ – “ഞാനും പഠിപ്പിക്കുന്നുണ്ട് ഒരുത്തിയെ “! യാഥാർത്ഥയിൽ ഭാമയുടെ പഠനം ഭദ്രയുടെ വിയപ്പാണ്. പക്ഷെ എത്ര നൈസർഗികമായ ഉളുപ്പിലായ്മയിലൂടെയാണ് അയാളാ ക്രെഡിറ്റ്‌ സ്വന്തമാക്കുന്നത് !

തെച്ചിക്കാട്ടെ പാരമ്പര്യവും പ്രതാപവും പറഞ്ഞു കാടു കയറിയവസാനം ഡോക്ടർ അരുണിന്റെ മാതാപിതാക്കൾ വേറെ ജാതിയിൽ നിന്നുള്ളവരാണ് എന്ന് മനസ്സിലാകുന്നിടത്ത് തെച്ചിക്കാട്ട് അച്യുതന്കുട്ടിയുടെ രക്‌തം വല്ലാതെ തിളയ്ക്കുകയാണ്. “സങ്കരയിനങ്ങൾക്ക് ” കൊടുക്കാൻ ആ തറവാട്ടിൽ പെണ്ണില്ല അത്രേ.

സ്വന്തമായി അവകാശപ്പെടാൻ കാൽകാശിനു വിലയില്ലാത്ത അച്യുതന്കുട്ടിക്ക് ഭദ്രയുടെയും അരുണിന്റേയും സ്നേഹത്തിന് എന്ത് വില. എത്ര നിസ്സാരമായിട്ടാണയാൾ ആ വിവാഹാലോചന വേണ്ടെന്ന് വെയ്ക്കുന്നത് ! അതും അത്രയും പരുഷമായ വാക്കുകളിൽ.

ആ അവസരത്തിൽ അച്യുതന്കുട്ടിക്ക് അത്രയ്ക്ക് അധികാരഗർവ്വ് സമ്മാനിച്ച വസ്തുത എന്തായിരിക്കും? അയാളുടെ തൊഴിലോ സാമ്പത്തികസ്ഥിതിയോ അല്ലെന്നത് ഉറപ്പ്. പിന്നെയോ? അയാളുടെ കുടുംബത്തിലെ സ്ത്രീകൾ അയാളുടെ സ്വന്തം വസ്തുക്കൾ ആണെന്ന ധാരണ. ആ വസ്തുക്കളുടെ ക്രയവിക്രയം അയാളുടെ മാത്രം അവകാശം ആണെന്ന അഹങ്കാരം. ഇത് രണ്ടുമാണ് അരുണിന്റെ മാതാപിതാക്കളോട് get out പറയാൻ അയാളെ പ്രേരിപ്പിക്കുന്നത്.

“ഞാൻ വിളിച്ചാൽ, വരില്ലേ എന്റെ കൂടെ? ഒരു കുറവും വരുത്താതെ ഞാൻ നോക്കിക്കോളാം” എന്ന് അരുൺ പറയുമ്പോൾ, “ഡോക്ടർ പൊയ്ക്കോളൂ, എനിക്കതിനൊന്നും കഴിയില്ല, എന്റെ സാഹചര്യം അതല്ല !” എന്ന് എത്ര മാത്രം വേദന കടിച്ചമർത്തിയാണ് ഭദ്ര പറയുന്നത്.

നമ്മുടെ സമൂഹത്തിലെ എത്രയോ എത്രയോ സ്ത്രീകളുടെ മറുപടിയാണത്, “നിങ്ങൾ തിരിച്ചുപോയ്ക്കോളു, എന്റെ സാഹചര്യം അതല്ല ” എന്നത് !!

പിന്നീട് vendor ശിവപിള്ളയുടെ മകൻ കൃഷ്ണകുമാര “പിള്ള ” അയാൾതന്നെ കാണിച്ച ചതിയിലൂടെ അരുണിനെ ഇല്ലാതാക്കി മനസ്സ് തകർന്ന് നിൽക്കുന്ന ഭദ്രയെ സ്വന്തമാക്കാൻ വരുമ്പോൾ, അച്യുതന്കുട്ടി മാനസികനില തകരാറിലായ ഭദ്രയെ അയാൾക്ക് കൈപിടിച്ചുകൊടുക്കുന്നത് അത്രയ്ക്ക് നിഷ്കളങ്കമായി കാണാൻ എന്തോ എനിക്ക് സാധിക്കുന്നില്ല.

അത്രയ്ക്ക് ശക്തമാണ് ഇന്നാട്ടിൽ ജാതിയും, പണവും നിർമിക്കുന്ന മതിൽക്കെട്ടുകൾ. കൃഷ്ണകുമാറിന്റെ നന്മ തിരിച്ചറിഞ്ഞാണ് അച്യുതന്കുട്ടി അത് ചെയ്തത് എന്ന് ഫലിപ്പിക്കാൻ നടന സാമ്രാട്ട് ജഗതിയുടെ അഭിനയമികവിന് കഴിഞ്ഞില്ല എന്നുവന്നു.

നമ്മുടെ നാട്ടിൽ ഇങ്ങനെ എത്രഎത്ര ഭദ്രമാരുണ്ടാവും? എത്ര അച്യുതന്കുട്ടിമാരുണ്ടാവും? പറയാൻ നല്ലൊരു വിദ്യാഭാസ്യത്തിന്റെയോ തൊഴിലിന്റെയോപോലും പിൻബലമില്ലാതെ, കേവല ആണധികാരബോധങ്ങളുടെ ബലത്തിൽ തങ്ങളുടെ ചുറ്റുമുള്ള, പഠിപ്പുള്ള, അറിവുള്ള, സ്വന്തമായൊരു വ്യക്തിത്വമുള്ള സ്ത്രീകളുടെ ജീവിതം നശിപ്പിച്ചുകളയുന്നവർ. അവരുടെ അധ്വാനത്തിൽനിന്ന് തിന്ന്, കള്ളുകുടിച്ചു, തുണിയുടുത്ത് നടന്ന്, അവരെത്തന്നെ ഇല്ലാണ്ടാക്കിക്കളയുന്നവർ !

ഞാൻ കണ്ടിട്ടുണ്ട് അങ്ങനെ അനവധി അനവധി ആണുങ്ങളെ. നിങ്ങളോ??

മാളവിക രാധാകൃഷ്ണൻ

Trending

To Top
error: Content is protected !!