അനീഷ് നിർമലൻ എന്ന ആരാധകൻ മോഹൻലാലിനെ കുറിച്ച് സിനിമ പാരഡിസോ ക്ലബ്ബ് എന്ന ഗ്രൂപ്പിൽ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാളസിനിമയും, മോഹൻലാൽ ഫാക്ടറും. (എന്ത് കൊണ്ട് മോഹൻലാൽ മാത്രം ഇത്രയധികം വിമർശിക്കപ്പെടുന്നു?) പല ഗ്രൂപ്പുകളിലും ഒട്ടും സെൻസിബിൾ അല്ലാത്ത രീതിയിൽ മോഹൻലാൽ എന്ന നടനെ പറ്റി വരുന്ന പോസ്റ്റുകൾ കണ്ടപ്പോൾ എഴുതാൻ തോന്നിയൊരു പോസ്റ്റാണിത്. ‘മോഹൻലാൽ അഭിനയം നിർത്തണം’, ‘മോഹൻലാലിന് അഭിനയിക്കാൻ അറിയില്ല’, ‘മോഹൻലാലിന്റെ അഭിനയസിദ്ധി നഷ്ടപ്പെട്ടു’, എന്ന തരത്തിലുള്ള പോസ്റ്റുകളൊക്കെ കുറേ ആയി കറങ്ങി നടക്കുന്നുണ്ട്. ഒടിയൻ എന്ന സിനിമക്ക് ശേഷം മോഹൻലാൽ എന്ന നടന്റെ അഭിനയത്തിൽ ചില പരിമിതികൾ വന്നിട്ടുണ്ട്.
അദ്ദേഹത്തിന്റെ കണ്ണുകൾ തന്നെയായിരുന്നു ലാലിസം എന്ന് പറയുന്നതിലെ ഏറ്റവും വലിയ ഫാക്ടർ. (പണ്ട് ദി പ്രിൻസ് ഇറങ്ങിയപ്പോൾ മോഹൻലാലിന്റെ ശബ്ദം പോയി, അയാളുടെ കരിയർ അവസാനിച്ചു എന്നൊക്കെ പറഞ്ഞ ഒരുപാട് പേരുണ്ടായിരുന്നു. അത് കഴിഞ്ഞിപ്പോൾ 25 കൊല്ലം കഴിഞ്ഞു. അന്ന് പറഞ്ഞവരുടെ, അടുത്ത തലമുറയും ഇപ്പോഴും ലാൽ യുഗം അവസാനിക്കാൻ പോകുന്നു എന്ന് തന്നെ പറഞ്ഞ് കൊണ്ടിരിക്കുന്നത് തന്നെയാണ് ആ നടന്റെ ഏറ്റവും വലിയ വിജയം.) പക്ഷേ, മോഹൻലാലിനെ ഉപയോഗിക്കാൻ അറിയുന്ന സംവിധായകാരുടെ കയ്യിൽ അദ്ദേഹത്തെ കിട്ടിയാൽ അദ്ദേഹത്തിൽ നിന്നും നല്ല പ്രകടനങ്ങൾ ഉണ്ടാകും എന്നതിന്റെ നല്ല ഉദാഹരണങ്ങളാണ് ഒടിയന് ശേഷം ഇറങ്ങിയ ലൂസിഫറും, ദൃശ്യം 2വും എല്ലാം.
എന്ത് കൊണ്ടായിരിക്കും മോഹൻലാലിൽ നിന്നും പ്രേക്ഷകർക്ക് ഇത്രയും പ്രതീക്ഷ. കാരണം അദ്ദേഹം മലയാളസിനിമയിൽ ഉണ്ടാക്കിയ ഒരു വസന്തം തന്നെയാണ്. മോഹൻലാലിന്റെ ഏറ്റവും വലിയ ശത്രു എന്ന് പറയുന്നത് പഴയ മോഹൻലാൽ ആണെന്നത് ആണ് സത്യം. ഇന്നും മോഹൻലാൽ ചിത്രങ്ങൾ കാണാൻ പോകുന്നവർ ആ ചിത്രങ്ങളെ കംപെയർ ചെയ്യുന്നത് അദ്ദേഹത്തിന്റെ എൺപതുകളിലെയും, തൊണ്ണൂറുകളിലെയും ചിത്രങ്ങളുമായാണ്. വളരെ നിസ്സാരമായി പറഞ്ഞാൽ ഇന്നും മോഹൻലാലിന്റെ ഒരു കോമഡി ചിത്രം എന്ന് പറയുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് പുള്ളി 26-35 വയസ്സ് കാലഘട്ടത്തിൽ ചെയ്ത സിനിമകളിലെ എനർജിയും, നിഷ്കളങ്കതയുമാണ്.
ഇത് വീണ്ടും മോഹൻലാലിനെ കൊണ്ട് ചെയ്യിപ്പിച്ച് കാശ് ഉണ്ടാക്കാമെന്ന് വിചാരിച്ച് കുറേ സിനിമക്കാരും (അതിൽ സംവിധായകനും, എഴുത്തുക്കാരനും, നിർമ്മാതാവും ഒക്കെ പെടും) ഉണ്ടെന്നത് മറ്റൊരു ദുഃഖകരമായ സത്യം. മോഹൻലാൽ പലപ്പോഴും മോഹൻലാലിനെ തന്നെ അനുകരിക്കാൻ നിർബന്ധിതനാകുന്നു എന്നത് തന്നെയാണ് ദുഃഖകരമായ സത്യം. മാനറിസംസ്, അത് നിഷ്കളങ്കത, കള്ളത്തരം, നഷ്ടബോധം, നിസ്സംഗമായ ഭാവങ്ങൾ, പ്രണയം, തുടങ്ങി എന്തുമായിക്കോട്ടെ എൺപതുകളുടെ പകുതി തൊട്ട് രണ്ടായിരം വരെയുള്ള മോഹൻലാൽ എക്സ്പ്രെഷൻസ് ആൾക്കാർക്ക് അത്രേം ഇഷ്ടം ആയത് കൊണ്ടാണ്, അവർക്ക് ആ ലാലിനെ തിരിച്ച് വേണമെന്ന് തോന്നുന്നത്.
സാധാരണക്കാരൻ ആയാലും, അസാധാരണത്വം ആയാലും വലിയ മേയ്ക്കോവറുകളുടെ സഹായമില്ലാതെ തന്നെ അദ്ദേഹത്തെ കൊണ്ട് അനായാസം ചെയ്യാൻ സാധിച്ചിട്ടുണ്ട്. അതിനുള്ള മകുടോദാഹരണങ്ങൾ ആണ് ഉള്ളടക്കവും, കിലുക്കവും, സദയവും, ദശരഥവും, ദേവാസുരവും നാടോടിക്കാറ്റും ഒക്കെ പോലെയുള്ള ഏകദേശം 4-5 കൊല്ലങ്ങൾക്കുള്ളിൽ ഇറങ്ങിയ മോഹൻലാൽ സിനിമകൾ. സൂക്ഷ്മഭാവങ്ങൾ കൊണ്ട് പ്രേക്ഷകരെ മോഹിപ്പിച്ച നടൻ ആണ് മോഹൻലാൽ. മോഹൻലാലിന് കിട്ടിയ സ്വീകാര്യത മറ്റൊരു നടനും ലഭിച്ചിട്ടില്ല. അദ്ദേഹം മുൻപ് ചെയ്ത് വെച്ചത് ഉണ്ടാക്കുന്ന പ്രതീക്ഷ തന്നെയാണ് മോഹൻലാൽ എന്ന നടൻ ഇന്ന് ഒരുപാട് വിമർശനങ്ങൾക്ക് വിധേയനാകാനുള്ള കാരണം.
അത് തന്നെയാണ് അയാളിലെ ബ്രാൻഡ് വാൽയു ഉയർത്തുന്നതും. അല്ലെങ്കിൽ ഇത്രയുമധികം ബോഡി ഷേമിങ്ങും, വിമർശനങ്ങളും നേരിട്ടിട്ടും ഒരു കോട്ടവും തട്ടാതെ പോകുന്ന ഒരു കരിയർ മറ്റൊരു നടനും ഉണ്ടായിട്ടില്ല. തടി കൂടിയെന്ന് പറഞ്ഞിട്ടും, ഫേസ് ലിഫ്റ്റ് ചെയ്തെന്ന് പറഞ്ഞിട്ടും, അയാളുടെ പഴയ ഐശ്വര്യം പോയെന്ന് പറഞിട്ടുമൊക്കെ ഇന്നും പ്രേക്ഷകർ ആ പഴയ ലാലിനെ വേണം എന്ന് വാശി പിടിക്കുന്നത് അയാൾ മലയാളിയുടെ മനസ്സിൽ അത്ര ആഴത്തിൽ പതിഞ്ഞ് പോയിട്ടുള്ളത് കൊണ്ടാണ്. മലയാളസിനിമയെ പാൻ ഇന്ത്യൻ ലെവലിലും, യൂണിവേഴ്സൽ ലെവലിലും എത്തിക്കാൻ കഴിവുള്ള, അല്ലെങ്കിൽ നല്ലൊരു പരിധി വരെ എത്തിക്കാൻ കഴിഞ്ഞിട്ടുള്ള നടൻ തന്നെയാണ് മോഹൻലാൽ.
അത് കൊണ്ട് തന്നെ മലയാള സിനിമയുടെ വളർച്ചക്ക് മോഹൻലാൽ എന്ന ബ്രാൻഡ് അനിവാര്യം തന്നെയാണ്. പക്ഷേ, അതിനിടയിൽ മോഹൻലാൽ എന്ന നടനെ കൂടി കാണാൻ കഴിയണമെന്ന് എല്ലാ സിനിമ ആരാധകരെയും പോലെ തന്നെ എൺപതുകളിലെ അവസാനത്തിലും, തോണ്ണൂറുകളുടെ ആദ്യത്തിലും സിനിമ സിരകളിൽ പടർന്ന് പിടിച്ച, എന്തെങ്കിലും പ്രശ്നം വന്നാൽ ഗുരുവായൂരപ്പൻ, ഡിങ്കൻ, അല്ലെങ്കിൽ ലാലേട്ടൻ, ഇവരിൽ ആരെങ്കിലും രക്ഷിക്കുമെന്ന് കരുതിയിരുന്ന ഒരു പഴയ ഫാൻബോയ്. (ഇപ്പോഴും ഫാൻബോയ് തന്നെയാണ്. പക്ഷേ പഴയ പോലെ എന്ത് ചെയ്താലും ജയ് വിളിച്ചിരുന്ന പ്രായമല്ല എന്ന് മാത്രം.) ലിജോയുമായും, മറ്റുള്ള നല്ല സംവിധായകരുമായുമൊക്കെ മോഹൻലാലിന്, മലയാളിയുടെ ലാലേട്ടന് നല്ല സിനിമകൾ ചെയ്യാൻ കഴിയട്ടെ എന്നുമാണ് പോസ്റ്റ്.