ഒരു തവണപോലും പ്രേക്ഷകര്‍ ഇവരുടെ മുഖം കണ്ടിരുന്നില്ല

രണ്ട് വര്‍ഷം മുന്‍പ് മലയാളി പ്രേക്ഷകരെ ഏറെ വിസ്മയിപ്പിച്ച സിനിമയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ ഫൈവ് പോയിന്റ് ടു ഫൈവ്. നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആയിരുന്നു സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്തത്. ബോളിവുഡിലെ പ്രശസ്തനായ പ്രൊഡക്ഷന്‍ ഡിസൈനറായിരുന്ന രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള സിനിമ കൂടിയായിരുന്നു ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍. സുരാജ് വെഞ്ഞാറുമൂടും സൗബ്ബിന്‍ ഷാഹിറുമായിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സുരാജ് വെഞ്ഞാറുമൂടിന് സിനിമയിലെ പ്രകടനത്തിന് കേരള സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. അച്ഛനും മകനുമായിട്ടാണ് സുരാജും സൗബ്ബിനും ചിത്രത്തില്‍ എത്തിയത്.

എന്നാല്‍ ഇവരെ രണ്ട് പേരേയും കൂടാതെ സിനിമയിലെ പ്രധാന കഥാപാത്രമായി വന്നത് ഒരു റോബോട്ടായിരുന്നു. വയസ്സായ അച്ഛനെ നോക്കാനായി മകന്‍ നിര്‍മ്മിക്കുന്ന റോബോട്ട് പിന്നീട് അച്ഛനുമായി വലിയ ബന്ധം സ്ഥാപിക്കുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമൊക്കെയായിരുന്നു സിനിമയുടെ ഇതിവൃത്തം. ഒറിജിനല്‍ റോബോട്ടിനെ വെല്ലുന്ന പ്രകടനമാണ് സിനിമയിലെ കുഞ്ഞപ്പന്‍ റോബോട്ട് കാഴ്ചവെച്ചത്. പ്രേക്ഷകര്‍ കരുതിയതും ശരിക്കും സിനിമയ്ക്ക് വേണ്ടി പ്രേഗ്രാം ചെയ്ത് എടുത്ത ഒരു റോബോട്ട് ആയിരുന്നു എന്ന് തന്നെയാണ്. എന്നാല്‍ സിനിമ റിലീസ് ആയതിന് ശേഷം റോബോട്ടായി എത്തിയ ആളെ കുറിച്ചുള്ള വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. സിനിമയില്‍ മിക്ക സീനുകളിലും കുഞ്ഞപ്പനായി എത്തിയത് നടന്‍ സൂരജ് തെലക്കാട് ആയിരുന്നു.

റോബോട്ടിന്റെ ചലനങ്ങളും ചേഷ്ടകളുമൊക്കെ മികച്ച രീതിയില്‍ കൈയടക്കത്തോടെയാണ് നടന്‍ ചെയ്തത്. പ്രേക്ഷകര്‍ക്ക് കുഞ്ഞപ്പന്‍ വലിയൊരു അത്ഭുതം ആയി മാറുകയും ചെയ്തു. അതുപോലെ തന്നെ ഈ വര്‍ഷം തമിഴില്‍ ഇറങ്ങി ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു ടെഡി. ആര്യയാണ് ചിത്രത്തില്‍ നായകനായി എത്തിയത്. മറ്റൊരു പ്രധാന കഥാപാത്രം വലിയൊരു കരടിയുടെ രൂപത്തിലുള്ള പാവയായിരുന്നു. നായകരും ടെഡി ബിയറും ചേര്‍ന്നുള്ള സാഹസങ്ങളായിരുന്നു സിനിമയുടെ രസകരമായ നിമിഷങ്ങള്‍. ടെഡിയുടെ പിറകിലും ഒരു നടനുണ്ടായിരുന്നു. നാടകനടനായ ഗോകുല്‍ ആണ് ടെഡിയുടെ വേഷവും ധരിച്ച് എത്തിയത്. സിനിമ റിലീസായതിന് ശേഷമാണ് സംവിധായകന്‍ തന്നെ ഇത് വെളിപ്പെടുത്തിയത്.

ടെഡിയുടെ വേഷം ധരിച്ച് എത്തുകയും ആ ചലനങ്ങളും ചേഷ്ടകളും സൃഷ്ടിച്ചതും ഗോകുലാണെന്ന് സംവിധായകന്‍ ശക്തി സൗന്ദര്‍ രാജന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍ ടെഡിയുടെ തല മാത്രം കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നും കൂട്ടിച്ചേര്‍ത്തു. സംവിധായകനും നായകനും തങ്ങളുടെ ടെഡിയെ സ്‌ക്രീനിലെത്തിച്ച ഗോകുലനോടൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹിന്ദിയിലും ഇത്തരത്തിലൊരു ചിത്രം ഇറങ്ങിയിരുന്നു. ഹൃത്വിക് റോഷന്‍ പ്രധാന കഥാപാത്രമായി എത്തിയ കോയി മില്‍ഗയാ. അതില്‍ ജാദു എന്ന ഏലിയന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടെലിവിഷന്‍ താരമായിരുന്നു ഇന്ദ്രവദന്‍ പുരോഹിതായിരുന്നു ജാദുവായി എത്തിയത്. പൂര്‍ണ്ണമായും കോസ്റ്റിയൂമിനുള്ളില്‍ അന്യഗ്രഹജീവിയായി മാറി പ്രേക്ഷകരെ അമ്പരപ്പിക്കുകയായിരുന്നു നടന്‍. ഇത്തരം വേഷങ്ങള്‍ എല്ലാവര്‍ക്കും അറിയാമെങ്കിലും അതിന് പിന്നില്‍ ഇങ്ങനെ കുറച്ച് പേര്‍ ഉണ്ടെന്ന് ആര്‍ക്കും അറിയില്ല എന്നതാണ് സത്യം.