പ്രേംനസീര്‍ എന്ന മനുഷ്യനെ നിത്യഹരിതനായകന്‍ എന്ന് വിളിക്കുന്നത് അതുകൊണ്ടാണ്

മലയാളികളുടെ അഭിമാനവും അഹങ്കാരവുമൊക്കെയാണ് നടന്‍ പ്രേംനസീര്‍. പ്രിയപ്പെട്ട നസീര്‍ സാറിനെ കുറിച്ച് സംവിധായകന്‍ ബാലു കിരിയത്ത് കൗമുദി ചാനലില്‍ പങ്കുവെച്ച ചില കാര്യങ്ങള്‍ അത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുകയും ചെയ്യും. സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ. ഞാന്‍ സംവിധാനം ചെയ്യുന്ന വെണ്ടര്‍ ഡാനിയല്‍ സ്‌റ്റേറ്റ് ലൈസന്‍സി എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം. പ്രശസ്ത തിരക്കഥാകൃത്ത് വി ആര്‍ ഗോപാലകൃഷ്ണന്‍ ചിത്രീകരണത്തിനിടെ എന്നെ കാണാന്‍ വേണ്ടി സെറ്റില്‍ വന്നു. ഇടയ്ക്ക് അദ്ദേഹത്തിന് പനി പിടിപെടുകയും ഞങ്ങള്‍ ഉടനടി അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അന്ന് രാത്രി ഗോപാലകൃഷ്ണനെ കാണാന്‍ വേണ്ടി ഞാനും തിലകന്‍ ചേട്ടനും ജഗതി ശ്രീകുമാറും അദ്ദേഹത്തെ കിടത്തിയിരിക്കുന്ന ഹോസ്പിറ്റലില്‍ പോയി. അവിടെ അദ്ദേഹത്തിന്റെ അടുത്ത് ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. അവള്‍ അവിടത്തെ ഡോക്ടറാണ്. അവരുമായി ഞാന്‍ സംസാരിച്ചു. ഞാന്‍ സംവിധായകന്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടി എന്നോട് ചോദിച്ചു. സാര്‍ നസീര്‍ സാറിനെ വച്ച് സിനിമ ചെയ്തിട്ടുണ്ടോ. ഞാന്‍ ഉണ്ട് എന്ന് മറുപടി പറഞ്ഞു. എന്നിട്ട് ഞാന്‍ തിരിച്ച് അവളോട് ചോദിച്ചു. കുട്ടി നസീര്‍ സാറിനെ കണ്ടിട്ടുണ്ടോ.

ഒരു തവണ കണ്ടിട്ടുണ്ട് എന്ന് ആ പെണ്‍കുട്ടി എന്നോട് പറഞ്ഞു. അവള്‍ പ്രീഡിഗ്രി ഒന്‍പതാം റാങ്കോട് കൂടി പാസ്സായ പെണ്‍കുട്ടിയാണ്. അവളുടെ അമ്മ വാരസ്യാരാണ്. അമ്പലങ്ങളില്‍ പൂകെട്ടുന്ന ജോലിയാണ് അവരുടേത്. അവളുടെ അച്ഛന്‍ അവള്‍ക്ക് ഒന്നര വയസ്സുള്ളപ്പോള്‍ മരിച്ചു പോയി. പഠിക്കാന്‍ മിടുക്കി ആണെങ്കിലും തുടര്‍ന്ന് പഠിക്കണമെങ്കില്‍ അവള്‍ക്ക് മുന്‍പില്‍ ഒരു മാര്‍ഗവും ഇല്ല. അവളുടെ വീടിനോട് ചേര്‍ന്ന് ഒരു പഴയ ഓലപ്പുരയുണ്ട്. അത് അന്നാട്ടിലെ തീയേറ്റര്‍ ആണ്. പെണ്‍കുട്ടിയുടെ കാര്യം അറിഞ്ഞതും ആ തീയേറ്ററിലെ ജീവനക്കാരന്‍ അവള്‍ക്ക് ഒരു അഡ്രസ്സ് സമ്മാനിച്ച് കൊണ്ട് പറഞ്ഞു. നിന്റെ പഠിക്കാനുള്ള ആഗ്രഹം ദേ ഈ അഡ്രസ്സില്‍ ഒന്ന് എഴുതി അയച്ചേക്ക്. അത് പ്രേംനസീറിന്റെ മേല്‍വിലാസം ആയിരുന്നു.

ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞുകാണും. നസീര്‍ സാറിന്റെ മാനേജര്‍ ശ്രീമാന്‍ ചിറയിന്‍കീഴ് രാമകൃഷ്ണന്‍ ഈ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വന്നു. അവള്‍ക്ക് വേണ്ട വസ്ത്രം ഹോസ്റ്റല്‍ ഫീസ് പുസ്തകങ്ങള്‍ തുടങ്ങി സകലമാനചിലവുകള്‍ക്കുമുള്ള പണം അദ്ദേഹം അവളെ ഏല്‍പ്പിച്ചു.
ആ പെണ്‍കുട്ടി എംബിബിഎസ് പാസ്സായി അതും രണ്ടാം റാങ്കോട് കൂടി. അപ്പോള്‍ ആ കുട്ടിക്ക് ഒരു ആഗ്രഹം. നസീര്‍ സാറിനെ ഒന്ന് പോയി കാണണം. അങ്ങനെ അവളും അമ്മയും അമ്മാവനും ഒപ്പം ആ തീയേറ്റര്‍ ജീവനക്കാരനും കൂടി മദ്രാസില്‍ ചെന്നു നസീര്‍ സാറിനെ കണ്ടു. പെണ്‍കുട്ടി സ്വയം പരിചയപ്പെടുത്തിയതും നസീര്‍ സാറിന് അവളെ മനസ്സിലായില്ല. കാരണം അദ്ദേഹം അവളെ മാത്രമല്ല വേറെ ഒരുപാട് പേരെയും ഇങ്ങനെ സഹായിക്കുന്നുണ്ട്. അതിന് വേണ്ടി മാത്രം ഒരു പ്രത്യേക ഡിപാര്‍ട്ട്‌മെന്റ് തന്നെ അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നു. പെണ്‍കുട്ടി ഉടന്‍ അവളുടെ സര്‍ട്ടിഫിക്കറ്റ് എടുത്ത് അദ്ദേഹത്തെ കാണിച്ചു. അത് കണ്ട ശേഷം അദ്ദേഹം അവളോട് ചോദിച്ചു. ഇനിയെന്താ ചെയ്യാന്‍ പോകുന്നത്. എംഡിയ്ക്ക് പോകണ്ടേ. അവള്‍ പറഞ്ഞു. ഇല്ല സാര്‍ ഇനി എന്തെങ്കിലും ജോലി ചെയ്ത് കുറച്ച് കാശുണ്ടാക്കി. നസീര്‍ സാര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. അത് എന്തായാലും വേണ്ട. ഞാന്‍ പഠിപ്പിക്കാം. ഇത്ര മിടുക്കിയായ ഒരു പെണ്‍കുട്ടിയെ പഠിപ്പിക്കുന്നു എന്നത് എനിക്ക് വലിയ സന്തോഷം നല്‍കുന്ന കാര്യമല്ലേ.

നസീര്‍ സാറിന്റെ മകന്‍ ഷാനവാസിന്റെ കല്യാണം നടക്കുന്ന ദിവസം. സിഎച്ച് മുഹമ്മദ് കോയ സാഹിബ് കരുണാകരന്‍ സാര്‍ തുടങ്ങി പ്രഗത്ഭരായ ആളുകളെല്ലാം വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്നിട്ടുണ്ട്. ജനം നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. അതിനിടയില്‍ നസീര്‍ സാറിന്റെ അടുത്ത് എവര്‍ഷൈന്‍ പ്രൊഡക്ഷന്‍സിന്റെ മാനേജര്‍ ഒരാള്‍ വന്നു പറഞ്ഞു. സാര്‍ തിരുവനന്തപുരത്തെ വിവിധ കോളനികളില്‍ നിന്നായി ആയിരത്തി അഞ്ഞൂറോളം പേര് ഇതിനകത്ത് കയറിയിട്ടുണ്ട്. അവര്‍ അകത്ത് കയറി ഇരുന്ന് ബിരിയാണി കഴിക്കുകയാണ്. അപ്പോള്‍ നസീര്‍ സാര്‍ പറഞ്ഞു. ഞാന്‍ ഒരു നാലായിരം ബിരിയാണി കൂടി അവര്‍ക്ക് കരുതി വച്ചിട്ടുണ്ട്. അത് അവര്‍ക്ക് വേണ്ടി മാത്രമാണ്. അവര്‍ കഷ്ടപ്പെട്ട് അധ്വാനിച്ചെടുത്ത ടിക്കറ്റ് കാശില്‍ നിന്നല്ലേ ഞാനൊരു താരമായി മാറിയത്. പിന്നെ അവര്‍ കഴിക്കാനല്ല വന്നിരിക്കുന്നത്. ഞങ്ങളെയൊക്കെ കാണാന്‍ വേണ്ടിയാണ് വന്നിരിക്കുന്നത്. അതിനിടയില്‍ അവര്‍ ഭക്ഷണം കഴിച്ചു പോകുന്നുവെന്ന് മാത്രം.