നെടുമുടി പറയുന്നത് കേട്ട് വണ്ടി തിരിച്ചുവരാൻ വേണ്ടി ജയറാം വെയിറ്റ് ചെയ്തത് ആണോ ?

മലയാള.സിനിമയിൽ സത്യൻ അന്തിക്കാട് എന്ന സംവിധായകന് എന്നും തന്റേതായ ഒരു സ്ഥാനം ഉണ്ട്. കുടുംബ ചിത്രങ്ങളിലൂടെ എന്നും പ്രേക്ഷകരെ രസിപ്പിക്കുവാനുള്ള ഫോർമുല ഇന്നും കൈമോശം വന്നിട്ടില്ലാത്ത സംവിധായകനാണ് അദ്ദേഹം. ആയിരത്തി തൊള്ളായിരത്തിഎൺപ്പത്തിരണ്ടിൽ കുറുക്കന്റെ കല്യാണം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സത്യൻ അന്തിക്കാട് സംവിധാന രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിരുന്നു. എല്ല വിധത്തിലുമുള്ള പ്രേക്ഷകരെയും രസിപ്പിക്കുവാൻ സത്യൻ അന്തിക്കാട് ചിത്രങ്ങൾക്ക് സാധിച്ചിരുന്നു. അതിന് ഉദാഹരണമാണ് ഇന്നും പ്രേക്ഷക പ്രീതിയുള്ള നാടോടികാറ്റ് ഉൾപ്പടെയുള്ള ചിത്രങ്ങൾ.കുടുംബ പ്രേക്ഷകർക്ക് എന്നും സത്യൻ അന്തിക്കാട് ചിത്രങ്ങൾ പ്രിയപ്പെട്ടതു തന്നെയാണ്. പുത്തൻ തലമുറയ്ക്കും സത്യൻ അന്തിക്കാട് ചിത്രങ്ങൾ പ്രിയപ്പെട്ടതാണ്. അതിനുള്ള ഉദാഹരണമാണ് ജോമോന്റെ സുവിശേഷത്തിന്റെയും ഞാൻ പ്രകാശന്റെയും വിജയം.

നമ്മുക്ക് നഷ്ടമായി പോയ ഗ്രാമീണത കാണുവാൻ സത്യൻ അന്തിക്കാട് ചിത്രങ്ങൾ കണ്ടാൽ മതിയാകും. തന്റെ ചിത്രങ്ങളിൽ മലയാളിക്ക് നഷ്ടമായ ഗ്രാമീണത നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇന്നും സാധിക്കുന്നുണ്ട്. നെല്പാടങ്ങളും തെങ്ങിൻ തോപ്പുകളും മലയാളീ തനിമയുള്ള ഗ്രാമങ്ങളും, അവിടുത്തെ കവലകളുമൊക്കെ ഇന്ന് മലയാളികൾക്ക് കാണണം എങ്കിൽ അത് അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയാണ് കാണുവാൻ സാധിക്കുക. ഒരു കൊച്ചു ഗ്രാമത്തിൽ നിന്നും വന്നതുകൊണ്ടാകാം അദ്ദേഹത്തിന്റെ ചിത്രങ്ങളിലും ഈ തനിമ നിറഞ്ഞു നിൽക്കുന്നത്.

സത്യൻ അന്തിക്കാടിനൊപ്പം പ്രവർത്തിക്കാത്ത അഭിനേതാക്കൾ ചുരുക്കമാണ്. മമ്മൂട്ടിയും മോഹൻലാലുമൊക്കെ സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ മിന്നും പ്രകടങ്ങൾ കാഴ്ച വച്ചിരുന്നു. എന്നാൽ മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടാണ് സത്യൻ ജയറാം കൂട്ടുകെട്ട്. കുടുംബ പ്രേക്ഷകർക്ക് ഈ കൂട്ടുകെട്ടിൽ ഉള്ള വിശ്വാസം ഈ ചിത്രങ്ങളുടെ വിജയം പറയും. പൊന്മുട്ടയിടുന്ന താറാവ് മുതൽ ഈ കൂട്ടുകെട്ട് പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഈ കൂട്ടുകെട്ടിൽ രണ്ടായിരത്തി മൂന്നിൽ പുറത്തിറങ്ങിയ ചിത്രമാണ് മനസ്സിനക്കരെ. മലയാളത്തിന്റെ സൂപ്പർ നായികയായിരുന്ന ഷീല ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ വന്നതും ഈ ചിത്രത്തിലൂടെയാണ്. ഒപ്പം ഇന്ന് ലേഡി സൂപ്പർ സ്റ്റാറായി തിളങ്ങുന്ന നയൻതാരയുടെ ആദ്യ ചിത്രവും ഇതു തന്നെ. ഇവരോടൊപ്പം ഇന്നസെന്റ്, സിദ്ദിഖ്, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, സുകുമാരി, നെടുമുടി വേണു തുടങ്ങി ഒരു വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരന്നിരുന്നു. ചിത്രം ഒരു വൻവിജയവുമായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിൽ സത്യൻ അന്തിക്കാടിന്റെ അശ്രദ്ധയെ കുറിച്ചാണ് ഓണ്ലൈനില് ചർച്ചയാകുന്നത്. ചിത്രത്തിൽ ജയറാമിനോടൊപ്പം പോകുന്ന ഷീലയെ കാണുമ്പോൾ നെടുമുടി വേണു തന്റെ ലോറി തിരിക്കാൻ പറയുമ്പോൾ അപ്പോൾ തന്നെ ഡ്രൈവർ ലോറി തിരിക്കുന്നു. വണ്ടി ജയറാമിന്റെ വണ്ടിക്ക് വട്ടം പിടിച്ചു സീൻ ആക്കുന്നു. അതാണ് സീൻ. അതിലെന്താണ് ഇത്ര ചർച്ച ചെയ്യാൻ എന്നാകും ചിന്തിക്കുന്നത്. ഒരു ചെറിയ റോഡിൽ വലിയ അശോക് ലെയിലാന്റിന്റെ ആ വലിയ ലോറി എങ്ങനെ തിരിഞ്ഞു എന്നാണ് സംശയം. അതോ ഇനി പാടത്തിന്റെ നടുക്കുള്ള റോഡിൽ നിന്നും പുറത്തിറങ്ങി വണ്ടി തിരിച്ചു വരുന്നത് വരെ ജയറാം കാത്തിരുന്നതാണോ എന്തോ. എന്തായാലും ആ ഡ്രൈവർ ഒരു കില്ലാടി തന്നെ.