സിനിമയുടെ തുടക്കത്തില്‍ നന്ദി എഴുതി കാണിക്കുന്നുണ്ട്. താങ്ക്‌സ് ടു ലോക്‌നാഥ് ബഹ്‌റ

മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കമ്മീഷ്ണര്‍. രഞ്ജിപണിക്കര്‍ തിരക്കഥ എഴുതിയ ചിത്രം ഷാജികൈലാസ് ആണ് സംവിധാനം ചെയ്തത്. ഭരത് ചന്ദ്രന്‍ ഐപിഎസ് എന്ന നായകകഥാപാത്രമായി എത്തിയത് സുരേഷ് ഗോപിയായിരുന്നു. സുരേഷ്‌ഗോപി എന്ന നടന്റെ കരിയറിലെ വലിയ വഴിത്തിരിവായ കഥാപാത്രമായിരുന്നു ഭരത് ചന്ദ്രന്‍ ഐപിഎസ്. ഇപ്പോഴും വലിയ ആരാധകരുള്ള ഒരു പോലീസ് കഥാപാത്രമാണ് ഭരത് ചന്ദ്രന്‍. തീപ്പൊരിഡയലോഗുകളും മാസ്സ് രംഗങ്ങളാലും സമൃദ്ധമായിരുന്നു കമ്മീഷ്ണര്‍. ഇപ്പോഴും സിനിമയിലെ പല സീനുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. കമ്മീഷ്ണര്‍ സിനിമയുടെ സീക്വല്‍ ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന പേരില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുകയുണ്ടായി.

ആദ്യ ഭാഗത്തെ പോലെ രണ്ടാം ഭാഗവും വലിയ വിജയമായിരുന്നു. സിനിമയില്‍ നിന്ന് ഇടവേള എടുത്ത സുരേഷ് ഗോപിയുടെ മടങ്ങി വരവ് കൂടിയായിരുന്നു ആ ചിത്രം. പിന്നീട് കിംഗ് ആന്റ് കമ്മീഷ്ണര്‍ എന്ന ഷാജികൈലാസ് ചിത്രത്തിലും ആ കഥാപാത്രത്തെ വീണ്ടും പ്രേക്ഷകര്‍ കണ്ടു. എന്നാല്‍ കമ്മീഷ്ണര്‍ സിനിമയെ കുറിച്ചും ആരാധകരുടെ ഇഷ്ടകഥാപാത്രമായ ഭരത് ചന്ദ്രന്‍ ഐപിഎസിനെ കുറിച്ചും അഭിപ്രായങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സ്ഥാനമൊഴിയുന്ന ഡിജിപി ലോക്‌നാഥ് ബഹ്‌റ. കേരളത്തിലെ പോലീസ് മേധാവിയുടെ അഭിപ്രായം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മിഡീയ. കൈരളി ന്യൂസിലെ ഇന്റര്‍വ്യൂവിലാണ് ലോക്‌നാഥ് ബഹ്‌റ തന്റെ ഓര്‍മ്മ പങ്കുവെച്ചത്.

ലോക്‌നാഥ് ബഹ്‌റയുടെ വാക്കുകള്‍ ഇങ്ങനെ. സംവിധായകന്‍ ഷാജികൈലാസും ഇപ്പോഴത്തെ എംപിയായ സുരേഷ് ഗോപിയും എന്നെ ഇടയ്‌ക്കൊക്കെ കാണാന്‍ വരുമായിരുന്നു. എന്നാല്‍ അവര്‍ക്ക് സിനിമ ചെയ്യാനുള്ള പദ്ധതി ഉണ്ടെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. സിനിമയുടെ തുടക്കത്തില്‍ താങ്ക്‌സ് ടു ലോക്‌നാഥ് ബഹ്‌റ എന്ന് എഴുതി കാണിച്ചിരുന്നു. എന്തിനാണ് തനിക്ക് നന്ദി പറഞ്ഞിരിക്കുന്നതെന്ന് ഞാന്‍ ഷാജി കൈലാസിനോട് ചോദിച്ചു. എന്നെ കുറിച്ച് മനോരമയില്‍ ഒരു എഡിറ്റോറിയല്‍ പബ്ലിഷ് ചെയ്തിരുന്നു. എന്റെ പ്രവര്‍ത്തികളെയും ഔട്ട് ഓഫ് ദി ബോക്‌സ് ആശയങ്ങളേയും കുറിച്ചുള്ളതായിരുന്നു അത്. ആ എഡിറ്റോറിയല്‍ വായിച്ചതിന് ശേഷമാണ് കമ്മീഷ്ണര്‍ സിനിമ ഉണ്ടായതെന്ന് ഷാജി കൈലാസ് പറഞ്ഞു. ആ സിനിമ വലിയ ഹിറ്റുമായിരുന്നു. ലോക്‌നാഥ് ബഹ്‌റ പറയുന്നു.

തൊണ്ണൂറ്റി നാലില്‍ ആണ് കമ്മീഷ്ണര്‍ സിനിമ റിലീസ് ആയത്. അത് വരെ കണ്ട് വന്നിരുന്ന പോലീസ് വേഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു കമ്മീഷ്ണറിലെ ഭരത് ചന്ദ്രന്‍. രതീഷിന്റെ മോഹന്‍തോമസ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശോഭന, വിജയരാഘവന്‍, സോമന്‍, ഗണേഷ്‌കുമാര്‍ തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയില്‍ ഉണ്ടായിരുന്നു. രാജാമണി നിര്‍വ്വഹിച്ച സിനിമയുടെ പശ്ചാത്തല സംഗീതം ഇന്നും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച ഇന്റര്‍വെല്‍ സീനുകളിലൊന്നായി വിലയിരുത്ത പെടുന്നതാണ് കമ്മീഷ്ണര്‍ സിനിമയിലെ ഇന്റര്‍വെല്‍.