ഓടരുതമ്മാവാ ആളറിയാം എന്ന പ്രിയദര്ശന് ചിത്രം മലയാളികള്‍ മറക്കാന്‍ ഇടയില്ല. മലയാളികളെ അത്രത്തോളം ചിരിപ്പിച്ച സിനിമകളിലൊന്നായിരുന്നു അത്. ശ്രീനിവാസന്റെ തിരക്കഥയില്‍ പ്രേക്ഷകര്‍ക്ക് ആദ്യവസാനം ചിരിക്കാനുള്ള മരുന്ന് മുഴുവനും ഉണ്ടായിരുന്നു. എന്നാല്‍ സിനിമയില്‍ കൊല്ലത്ത് നിന്നെത്തിയ മുകേഷ് എന്ന നടന് അത്ര പരിചിതനല്ലായിരുന്നു. രണ്ട് മൂന്ന് സിനിമകള്‍ ചെയത് എക്സ്പീരിയന്‍സ് മാത്രമാണ് ഉള്ളത്. രണ്ട് വര്‍ഷം മുന്‍പാണ് ആദ്യ ചിത്രമായ ബലൂണ്‍ റിലീസായത്. ഒ മാധവന് എന്ന നാടകാചാര്യന്റെ മകന് നാടകകുടുംബത്തില്‍ നിന്ന് വരുന്നു എന്ന പശ്ചാത്തലം മാത്രമാണ് നടന് ഉണ്ടായിരുന്നത്. കോമഡി അങ്ങനെ കൈകാര്യം ചെയ്ത് പരിചയവുമില്ല.
ഓടരുതമ്മാവാ ആളറിയാം സിനിമയുടെ സെറ്റിലെത്തുമ്പോള്‍ പ്രിയദര്‍ശനും സംശയമുണ്ടായിരുന്നു ഇവന് ശരിയാകുമോ എന്ന്. എന്നാല്‍ മുകേഷ് സംവിധായകനെ ഉള്‍പ്പെടെ അമ്പരപ്പിക്കുന്ന പ്രകടനാണ് കാഴ്ചവെച്ചത്. അതിനൊരു ഉദാഹരണം പറഞ്ഞാല്‍ മുകേഷും ശ്രീനിവാസനും ശങ്കറും അഭിനയിക്കുന്ന ഒരു സീനില്‍ മുകേഷ് കുളിച്ചൊരുങ്ങി കുട്ടപ്പനായി പുറത്തേക്ക് പോകാനായി വരുന്നു. ബാക്കിയുള്ളവര്‍ മുകേഷിന്റെ വേഷവും വരവും കണ്ട് നോക്കുന്നുണ്ട്. മുകേഷ് അവരോടായി വിഷമിച്ച് കൊല്ലത്തുള്ള എന്റെ ചിറ്റപ്പന്റെ മകളുടെ ഭര്‍ത്താവ് ഇന്നലെ രാവിലെ ചത്തു. കമ്പി വന്നിരുന്നു. ശ്രീനിവാസന് കഥാപാത്രം ഇതുകേട്ട് എന്നിട്ട് നീ എന്തിന് ഇതുവരെ പറയാതിരുന്നത്. മുകേഷ് വീണ്ടും എന്തിനു വെറുതെ നിങ്ങളെ കൂടി ദുഖത്തില്‍ ആക്കുന്നത് എന്ന് കരുതി.
ശ്രീനിവാസന് അപ്പോള്‍ എന്തോ എന്ന് ആക്കി ചോദിക്കുന്നു. ജഗദീഷ് നിന്റെ ചിറ്റപ്പന്റെ മകളുടെ ഭര്‍ത്താവ് മരിച്ചാല്‍ ഞങ്ങള്‍ക്ക് എന്ത്. മുകേഷ്: നിങ്ങള്‍ക്ക് ഒന്നുല്ലേ. ശ്രീനിവാസന്: നീ ചത്താലും ഞങ്ങളു സന്തോഷിക്കുകയെ ഉള്ളു. മുകേഷ്: ഓഹോ ശവസംസ്കാരത്തിനു മുന്‍പ് എങ്കിലും എനിക്ക് അവിടെ എത്തണം എന്നും കൂളിംഗ് ഗ്ലാസ് വെച്ചിട്ട് സ്പ്രേ അടിച്ചിട്ട് ഒരു പ്രത്യേക ശൈലിയില്‍ പോകുന്നു. ഈ സിനിമയില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ മുകേഷിനെ അത്ര ഇഷ്ടമായിരുന്നില്ല പ്രിയദര്‍ശനു. തിരക്കഥയില്‍ ഇല്ലാത്ത സീന്‍ ആണ് മുകേഷ് ആ സ്പ്രേ എടുത്ത് അടിക്കുന്നത്. സ്പോട്ടില്‍ കയ്യില്‍ നിന്നു ഇട്ടു ചെയ്ത ഈ ഐറ്റം പ്രിയദര്‍ശനെ ഒരുപാട് ചിരിപ്പിക്കുകയും പിന്നീട് മുകേഷിനെ പ്രിയദര്‍ശന്റെ ഉറ്റ മിത്രമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട് എന്നദ്ധേഹം ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്.
പിന്നെ നിരവധി പ്രിയദര്ശന് ചിത്രങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു മുകേഷ്. മോഹന്‍ലാല്‍ മുകേഷ് കോമ്പിനേഷനുകള്‍ ആ ചിത്രങ്ങളിലൊക്കെ പ്രേക്ഷകരെ ചിരിപ്പിച്ചു. വന്ദനവും കാക്കകുയിലും ഒക്കെ കൈയും കണക്കുമില്ലാതെ മലയാളികള്‍ കണ്ട് രസിച്ചു. ധീം തരികിട തോം എന്ന പ്രിയദര്ശന് ചിത്രത്തില്‍ മുകേഷിനെ അഴിച്ചുവിട്ടിരിക്കുന്ന തരത്തിലുള്ള പ്രകടനമായിരുന്നു കാണാന്‍ കഴിഞ്ഞത്. ഇപ്പോഴും നടന്റെ കോമഡി ടൈംമിങ്ങിന് മാറ്റമൊന്നുമുണ്ടായിട്ടില്ല. അടി കപ്യാരെ കൂട്ടമണി, ടു കണ്ട്രീസ്, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ സിനിമകളിലൊക്കെ അത് പ്രേക്ഷകര്‍ അനുഭവിക്കുകയും ചെയ്തു. പ്രിയദര്ശന് ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബികടലിന്റെ സിംഹത്തിലും മുകേഷ് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.