സണ്ണി കൂട്ടുകാരനായതു കൊണ്ടും അടുത്ത് ഇടപഴകുന്നതുകൊണ്ടുമാണ് അങ്ങനെ ചെയ്തത് എന്ന് നിവിന്‍ പോളി

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു കായംകുളം കൊച്ചുണ്ണി. കായംകുളം കൊച്ചുണ്ണി എന്ന റ്റൈറ്റില്‍ വേഷത്തില്‍ എത്തിയ നിവിന്‍പോളിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായിരുന്നു അത്. മോഹന്‍ലാലും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തി. ഇത്തിക്കര പക്കിയായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തിയത്. വലിയ വിജയമാണ് സിനിമ തിയേറ്ററുകളില്‍ നേടിയത്. സണ്ണി വെയിന്‍, ബാബു ആന്റണി, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവും പ്രധാന വേഷത്തില്‍ എത്തി. കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ഇന്റര്‍വ്യുവില്‍ നിവിന്‍പോളിയും റോഷന്‍ ആന്‍ഡ്രൂസും ചിത്രത്തിന്റെ ചില രസകരമായ ഷൂട്ടിങ് വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയുണ്ടായി. സണ്ണി വെയ്‌ന്റെ കേശവ കുറുപ്പ് എന്ന കഥാപാത്രത്തെ കുറിച്ചായിരുന്നു അത്.

ഇന്റര്‍വ്യു നടക്കുമ്പോള്‍ വിഡിയോ കോളിലൂടെ എത്തിയ സണ്ണി വെയ്ന്‍ നിവിന്‍ പോളിയോട് ചോദിച്ച ചോദ്യമാണ് അവരെ കൊണ്ട് ആ അനുഭവം പറയാന്‍ നിര്‍ബന്ധിതരാക്കിയത്. അളിയാ നീയിങ്ങനെ ചിരിപ്പിക്കരുത്. വളരെ സീരിയസായിട്ടുള്ള റോളൊക്കെ ചെയ്യുമ്പോള്‍ എന്റെ ഓപ്പോസിറ്റ് നിന്നിട്ട് ഉം എന്നൊക്കെ ആഗ്യം കാണിക്കും. എന്നാല്‍ ഭയങ്കര ഇന്‍ട്രസ്റ്റിംഗ് ആയിരുന്നു. അത് ഒരു സൈഡിലൂടെ പറയുമ്പോള്‍ നമ്മള്‍ എന്നു പറയുന്ന ഒരു ആക്ടറിനെ കൂളാക്കുകയാണ് ചെയ്യുന്നത്. നിവിനോടുള്ള എന്റെ ചോദ്യം. നിവിന്റെ ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെട്ട ഇരയാകാത്ത ആരെങ്കിലും ഉണ്ടോ. ഉണ്ടെങ്കില്‍ ആളുടെ പേരൊന്ന് പറയാമോ. എന്നായിരുന്നു സണ്ണി വെയിന്‍ നിവിന്‍ പോളിയോട് ചോദിച്ചത്. അതിന് നിവിന്‍ മറുപടിയും നല്‍കി.

സണ്ണി ചെറിയ ടെന്‍ഷന്റെ ആളാണ്. സിനിമ സിങ്ക് സൗണ്ടായിരുന്നു. എല്ലാ ഡയലോഗും മനപാഠമാക്കി പഠിച്ച് പറയണം. സണ്ണിയുടെ ഡയലോഗിലെ വാക്കുകളൊക്കെ കുറച്ച് കട്ടിയുള്ളതാണ്. സണ്ണി കൂട്ടുകാരനായതുകൊണ്ടും നമ്മള്‍ വളരെ അടുത്തിടപഴകുന്നതുകൊണ്ടും സണ്ണി അങ്ങനെ സീരിയസായിട്ടുള്ള കാര്യങ്ങള്‍ മുന്നില്‍ നിന്ന് പറയുന്നു എന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ പറ്റുന്ന കാര്യമായിരുന്നില്ല. നീ പോടാ നീ ഇങ്ങനെയൊക്കെ പറയുമ്പോള്‍ എന്തോ പോലെ തോന്നുന്നു എന്നു ഞാന്‍ പറയും. നീ മിണ്ടാതിരിക്ക് ഞാന്‍ ആ മൂഡിലാണ് എന്നായിരുന്നു സണ്ണിയുടെ മറുപടി. നീ എന്തായാലും ഡയലോഗ് തെറ്റിക്കും. റോഷന്‍ ചേട്ടന്‍ നിന്നെ വന്ന് ചീത്ത പറയും. നീ നോക്കിക്കോ. എന്ന് ഞാന്‍ പറഞ്ഞു. അവന് ഭയങ്കര ടെന്‍ഷനായി. അതുപോലെ തെറ്റിക്കുകയും ചെയ്തു. നിവിന്‍ പോളി പറയുന്നു.

ഇതിന് ഉദാഹരണമായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് സെറ്റില്‍ നടന്ന ഒരു സംഭവം പറഞ്ഞു. സണ്ണി വെയിന്‍ കുതിരപ്പുറത്ത് വന്നിട്ട് രണ്ട് ആനകള്‍ നാല് കുതിരകള്‍ എന്ന് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ആ സീന്‍ പിന്നെ ഞാന്‍ മാറ്റി. രാവിലെ ഏഴ് മണി മുതല്‍ പതിനൊന്നര വരെയായിട്ടും രണ്ട് ആനകള്‍ എന്നിടത്ത് നാല് ആനകള്‍ എന്ന് പറയും അവന്‍. കുറച്ച് കഴിഞ്ഞപ്പോള്‍ കുതിര തിരിച്ച് രണ്ട് രണ്ട് എന്ന് പറയാന്‍ തുടങ്ങി. എന്ന് പറഞ്ഞ് റോഷന്‍ ആന്‍ഡ്രൂസ് ചിരിച്ചു. ഞാന്‍ സെറ്റില്‍ എത്തിയപ്പോള്‍ റോഷന്‍ ആന്‍ഡ്രൂസ് തലയ്ക്ക് കൈയും കൊടുത്ത് ഇരിക്കുവാണ്. എന്നിട്ട് പറഞ്ഞു. മൂന്നര മണിക്കൂറായി. അവന്റെ ആറ് ആനയും നാല് കുതിരയും. നിവിന്‍ പോളി അതിന് ശേഷം പറഞ്ഞു.