ഒമര്‍ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാര്‍ എന്ന സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയെ. ബാബുആന്റണി വലിയൊരു ഇടവേളയ്ക്ക് ശേഷം നായക വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഒരുകാലത്ത് നായകനായും വില്ലനായും ഒരുപോലെ തിളങ്ങി നിന്ന താരമായിരുന്നു ബാബു ആന്റണി. എന്നാല്‍ അടുത്തകാലത്ത് അധികം സിനിമകളില്‍ നടനെ കണ്ടിരുന്നില്ല. അതുകൊണ്ട് തന്നെ പവര്‍സ്റ്റാറില്‍ വലിയൊരു തിരിച്ചുവരവ് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ നടന്റെ അഭിനയത്തെ കുറിച്ചുള്ള ചില വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും മറ്റും ഇപ്പോള്‍ സജീവമായി നടക്കുകയാണ്. അതില്‍ ബാബു ആന്റണി തന്നെ പ്രതികരിച്ച് എത്തിയിരുന്നു.
അഭിനയം എന്നത് മുഖഭാഷ മാത്രമല്ല ശരീര ഭാഷ കൂടിയാണ് എന്നായിരുന്നു നടന് ഫേസ്ബുക്കില്‍ കുറിച്ചത്. അഭിനയത്തില്‍ ഒരു പഞ്ചായത്ത് അവാര്‍ഡ് പോലും കിട്ടിയിട്ടില്ല എങ്കിലും തന്റെ കാര്യത്തില്‍ സംവിധായകര്‍ തൃപ്തരാണ് എന്നായിരുന്നു ബാബു ആന്റണി പറഞ്ഞത്. നിരവധി പേര് അതിനെ അനുകൂലിച്ച് കമന്റുകളുമായി എത്തുകയും ചെയ്തു. ഒരുകാലത്ത് താടിയും നീട്ടി മുടിയും ഇറക്കി ഉള്ളിലെ ബനിയനും കാണിച്ചു നടക്കുന്ന ചെറുപ്പക്കാര്‍ ഉണ്ടായിരുന്നു. ബാബു ആന്റണി സ്റ്റൈല്‍ അത് കൊണ്ടുവന്ന സര് ആണോ ഇത് പറയുന്നത്. എന്നായിരുന്നു നടന് നിര്‍മല്‍ പാലാഴി ബാബു ആന്റണിയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്.
നായകന് കരയുന്നതും നിലവിളിക്കുന്നതും ഇമോഷണല്‍ ആയി ഡയലോഗ് പറയുന്നതുമൊക്കെ കാണാനായി ആരും ബാബു ആന്റണി പടം കാണാന്‍ കേറിയിട്ടുണ്ടാകില്ല. ബാബു ആന്റണി പടങ്ങള്‍ കാണുന്ന ആ കാലത്തെ ഓഡിയന്‍സ് പ്രതീക്ഷിക്കുന്നത് അവര്‍ക്ക് കിട്ടിയിട്ടുള്ളത് കൊണ്ടാകും അണ്ണന്റെ പടങ്ങള്‍ ഹിറ്റ് ആയത്. ഇപ്പൊ ആ കാലമൊക്കെ മാറിയിട്ടുണ്ട്. മൊത്തത്തില്‍ ഉള്ള സിനിമയുടെ ഭാഷയ്ക്കും കാഴ്ചക്കാരുടെ അഭിരുചികള്‍ക്കും വ്യത്യാസം വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനി നായകന് ആകുന്ന പടത്തിനു എങ്ങിനെയാണ് സ്വീകാര്യത കിട്ടുക എന്നത് കാത്തിരുന്നു കണ്ടറിയണം. ഫേസ്ബുക്കില്‍ സപ്പോര്‍ട്ട് തരുന്നവര്‍ എല്ലാം തീയറ്ററില്‍ പോയി പടം കാണുകയില്ല.തീയറ്ററില്‍ പടം വിജയമാകാനുള്ള ചേരുവകള്‍ പടത്തില്‍ ഉണ്ടാകട്ടെ. പണ്ടത്തെ അണ്ണന് ഹീറോ ആയ മിക്ക പടങ്ങളും ആവേശത്തോടെ തീയറ്ററില്‍ പോയി കണ്ട എനിക്കൊക്കെ ഇനിയും അണ്ണന് നായകനാവുന്നൊരു നല്ല സിനിമ കാണാന്‍ ആഗ്രഹം ഉണ്ട്. ഇതായിരുന്നു ഫോട്ടോഗ്രാഫറും ചലച്ചിത്ര പ്രവര്‍ത്തകനുമായ അരുണ്‍ പുനലൂര്‍ അഭിപ്രായപ്പെട്ടത്.
ഗാന്ധാരി ഇറങ്ങിയ സമയം. അനിയന് ജിജാസല്‍ അന്ന് നാലിലാണ്. അവന് പറയുന്നത് അവന് ബാബു ആന്റണി ആണെന്നാണ്. ശൂ ഷ്യൂ എന്നു ശബ്ദം ഉണ്ടാക്കി അവന് ഇടിക്കുന്ന ഓരോ ഇടിയും ഞാനും മറ്റൊരു അനിയനും ഏറ്റു വാങ്ങി. ഇടിയുടെ കനം കൂട്ടാന്‍ അവന് കരാട്ടെ ക്ലാസ്സില്‍ ചേര്‍ന്നു. മാഷ് പറയും മുന്‍പ് നഞ്ചാക്ക് വാങ്ങി. എന്റമ്മോ, ഞങ്ങള്‍ ചത്തില്ല എന്നേയുള്ളൂ.. ഞങ്ങളുടെ ഭാഗ്യത്തിന് അവന് ആ പഠനം ഒരു മാസം കൊണ്ട് അവസാനിപ്പിച്ചു. മാഗ്നെറ്റിക് കമ്മല്‍ ഇട്ടു നടക്കുന്നതായിരുന്നു പിന്നെയൊരു ശീലം. അന്ത കാലം. മാധ്യമ പ്രവര്‍ത്തക ജിഷ എലിസബത്ത് കമന്റില്‍ കുറിച്ചു. അവാര്‍ഡ് ഒക്കെ പലര്‍ക്കും എങ്ങനെ കിട്ടുന്നു എന്ന് ഞങ്ങള്‍ക്ക് ഒക്കെ അറിയാം ബാബു ചേട്ടാ. നായക സ്ഥാനം വിട്ടു പതിറ്റാണ്ട് ആയിട്ടും മലയാളത്തില്‍ ആക്ഷന്‍ കിങ് ഇപ്പോഴും താങ്കള്‍ തന്നെ ആണെങ്കില്‍ അതാണ് ബാബു ആന്റണിയുടെ റേഞ്ച്. എന്നായിരുന്നു മറ്റൊരു പ്രതികരണം.