ARTICLES

സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് അവര്‍ അത് പങ്കുവെച്ചിരിക്കുന്നത്

സംവിധായകന്റെ സിനിമകളിലെ ബുദ്ധിപരമായ ഇടപെടലുകളെ സൂചിപ്പിക്കാനായി അടുത്തകാലത്ത് ഏറെ പ്രചാരണം നേടിയ പ്രയോഗമായിരുന്നു പോത്തേട്ടന്‍ ബ്രില്ല്യന്‍സ്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയാണ് അതിലേക്ക് വഴിതെളിച്ചത്. ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെ ആദ്യ സിനിമകൂടിയായിരുന്നു ദേശീയ പുരസ്‌കാരമുള്‍പ്പെടെ നേടിയ മഹേഷിന്റെ പ്രതികാരം. സിനിമയുടെ ആദ്യ കാഴ്ചയില്‍ പ്രേക്ഷകര്‍ക്ക് അധികം ദൃശ്യമാകാതിരുന്നതും എന്നാല്‍ പിന്നീട് സിനിമ കണ്ടപ്പോള്‍ അവര്‍ കണ്ടെത്തിയതുമായ ചില സംവിധായ മികവാണ് പിന്നീട് പോത്തേട്ടന്‍ ബ്രില്ല്യന്‍സ് എന്ന പ്രയോഗത്തിലേക്ക് എത്തിച്ചത്.

ദിലീഷ് പോത്തന്റെ രണ്ടാമത്തെ സിനിമയായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഇറങ്ങിയപ്പോഴും ഈ പ്രയോഗം വ്യാപകമായി വീണ്ടും ഉപയോഗിക്കപ്പെട്ടു. മൂന്നാം സിനിമയായ ജോജിയില്‍ എത്തിയപ്പോഴും അതില്‍ മാറ്റമൊന്നും ഉണ്ടായില്ല. എന്നാല്‍ ആദ്യ രണ്ട് സിനിമകളെ പോലെ എല്ലാവരിലും നിന്നും മികച്ച അഭിപ്രായം നേടിയെടുത്ത ചിത്രമായിരുന്നില്ല ജോജി. ഒരുപാട് വിമര്‍ശനങ്ങളും ചിത്രത്തിന് നേരെ വന്നിരുന്നു. പക്ഷെ അമേരിക്കയിലെ പ്രമുഖ പത്രം ഉള്‍പ്പെടെ ചിത്രത്തിന് ഗംഭീര അഭിപ്രായമാണ് നല്‍കിയത്. ചിത്രത്തിന്റെ റ്റൈറ്റില്‍ ഡിസൈന്‍ മുതല്‍ ഉള്ള പോത്തേട്ടന്‍ ബ്രില്ല്യന്‍സുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു.

എന്നാല്‍ ജോജിയിലെ ക്ലൈമാക്‌സ് രംഗത്തിലെ ചില പിഴവുകള്‍ ചൂണ്ടികാണിക്കുകയാണ് ചിലര്‍. ഫഹദ്ഫാസില്‍ അവതരിപ്പിച്ച പ്രധാന കഥാപാത്രമായ ജോജി സിനിമയുടെ അവസാനം ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുണ്ട്. അതിന് മുന്‍പ് ജോജി തന്റെ മരണമൊഴി ഫോണില്‍ ടൈപ്പ് ചെയ്യുകയും സഹോദരന്റെ മകന് അയക്കുകയും ചെയ്യുന്നു. എന്നാല്‍ ആ മെസ്സേജ് സ്‌ക്രീനില്‍ കാണിക്കുമ്പോള്‍ അതിന് മുകളില്‍ കാണിച്ചിരിക്കുന്ന സമയം എട്ട് മുപ്പത്തിനാല് എ.എം എന്നാണ്. അതായത് രാവിലെ. എന്നാല്‍ അതിന് മുന്‍പുള്ള ഷോട്ടില്‍ മെസ്സേജ് ഓപ്പണ്‍ ചെയ്യുന്ന ഫോണിന്റെ സ്‌ക്രീന്‍ പ്രേക്ഷകര്‍ കാണുന്നുണ്ട്. അതില്‍ ഫോണിലെ സിസ്റ്റം ടൈമും വലുതായി തന്നെ കാണാം.

ആ സമയം പക്ഷെ എട്ട് മുപ്പത്തിനാല് പി.എം എന്നാണ്. അതായത് രാത്രി. സിനിമയില്‍ എഡിറ്റിങ്ങില്‍ വന്ന ഒരു പിഴവാണ് ഇത്. ഒരേ സമയത്ത് തന്നെയാണ് മെസ്സേജ് അയക്കുന്നതും അത് റീഡ് ചെയ്യുന്നതും. എന്നാല്‍ ഫോണിലെ സമയം രാത്രിയും മെസ്സേജ് വായിക്കുമ്പോള്‍ സമയം രാവിലേയും ആയിപ്പോയി. ധാരാളം ട്രോളുകളും ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. സിം വിഐ ആണെന്ന് കാണിക്കാന്‍ ഉണ്ടാക്കിയ പോത്തേട്ടന്‍ ബ്രില്ല്യന്‍സാണ് ഇതെന്നാണ് ചിലര്‍ പരിഹസിക്കുന്നത്. വിഐ സിം ഇപ്പോള്‍ അധിക സമയത്തും റേഞ്ച് കാണിക്കാറില്ല. അതുകൊണ്ടാണ് രാത്രി അയച്ച മെസ്സേജ് രാവിലെ കിട്ടുന്നതെന്നാണ് അവരുടെ കണ്ടെത്തല്‍. അതുകൊണ്ടു ഇതുമൊരു പോത്തേട്ടന്‍ ബ്രില്ല്യന്‍സ് തന്നെ ആകാം എന്നാണ് അവര്‍ പറയുന്നത്.

Trending

To Top
error: Content is protected !!