പാപ്പന്‍ സിനിമയില്‍ ഒളിഞ്ഞിരിക്കുന്ന ചില കൗതുകങ്ങള്‍/രസങ്ങള്‍

പാപ്പന്‍ സിനിമ വീണ്ടും കണ്ടപ്പോള്‍ എനിക്ക് തോന്നിയ ചില കൗതുകങ്ങള്‍ പറയാം. ഒന്നില്‍ കൂടുതല്‍ തവണ കാണാനുള്ളതൊക്കെ സിനിമയിലുണ്ടോ എന്ന് ചിലര്‍ക്കെങ്കിലും ഇപ്പോള്‍ തോന്നുന്നുണ്ടാകാം. ഞാന്‍ എന്റെ അനുഭവം പറയാം. ഒരുപക്ഷെ പലര്‍ക്കും എനിക്കുള്ളത് പോലെയുള്ള തോന്നലുകള്‍ ഉണ്ടായിട്ടുണ്ടാകാം. പാപ്പന്‍ ആദ്യ തവണ ഞാന്‍ സുഹൃത്തിനൊപ്പമാണ് കണ്ടത്. സിനിമ കഴിഞ്ഞപ്പോള്‍ അവള്‍ ചില സംശയങ്ങള്‍ എന്നോട് ചോദിച്ചു. ചിലതിനൊക്കെ ഞാന്‍ മറുപടി കൊടുത്തു. സത്യം പറഞ്ഞാല്‍ ആദ്യത്തെ തവണ സിനിമ കണ്ടപ്പോള്‍ ഒരുപാട് സംശയങ്ങള്‍ എനിക്കും ഉണ്ടായിരുന്നു. ‘അതെന്താണ് അങ്ങനെ?, ഇതെന്താണ് ഇങ്ങനെ? അത് എങ്ങനെ ശരിയാകും?’ തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഉള്ളിലൂടെ കടന്നുപോയിരുന്നു. എന്നാല്‍ പിന്നീട് ഒന്ന് ആലോചിച്ച് നോക്കിയപ്പോള്‍ അതില്‍ പല ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം കിട്ടി. അതില്‍ പലതും വളരെ രസകരമായി തോന്നി. ആദ്യം സിനിമയിലെ ചില രംഗങ്ങള്‍ കണ്ടപ്പോള്‍, ചില സംഭാഷണങ്ങള്‍ കേട്ടപ്പോള്‍ ഞാന്‍ അങ്ങനെ ചിന്തിച്ചില്ലല്ലോ എന്ന് തോന്നി. പല കാര്യങ്ങളും തിരക്കഥാകൃത്തും സംവിധായകനും നമുക്ക് മുന്നിലേക്ക് ആദ്യം മുതല്‍ തന്നെ തന്നുകൊണ്ടേയിരുന്നിരുന്നു. അതൊന്ന് കണക്ട് ആയാള്‍ സംഗതി പിന്നെ രസമുള്ളൊരു യാത്രയാണ്. ആ യാത്ര ഒരിക്കല്‍കൂടി ആസ്വദിക്കുവാനാണ് വീണ്ടും പാപ്പന് ടിക്കറ്റ് എടുത്തത്. വീണ്ടും കാണുമ്പോള്‍ പുതിയ പലതും മുന്നില്‍ തെളിഞ്ഞുവരും എന്നുറപ്പായിരുന്നു. വളരെ ചുരക്കും സിനിമകള്‍ മാത്രമാണ് അത്തരത്തില്‍ ഒരനുഭവം എനിക്ക് സമ്മാനിച്ചിട്ടുള്ളത്.

എബ്രഹാം മാത്യു മാത്തന്‍ എന്ന പാപ്പനായി സുരേഷ് ഗോപിയുടെ പ്രകടനം, വിന്‍സി എബ്രഹാം ആയി എത്തിയ നീത പിള്ള, ഷമ്മി തിലകന്റെ ഇരുട്ടന്‍ ചാക്കോ, ആശാ ശരത്ത് അവതരിപ്പിച്ച ഡോക്ടര്‍ ഷേര്‍ളി, ഗോകുല്‍ സുരേഷ് ചെയ്ത മൈക്കിള്‍ – അങ്ങനെ സിനിമയിലെ അഭിനേതാക്കളുടെ ഗംഭീര പെര്‍ഫോമന്‍സിനെ പറ്റിയൊക്കെ പലരും പറഞ്ഞ് കഴിഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ഇതുവരേയും ആരും അങ്ങനെ പരാമര്‍ശിക്കാത്ത തിരക്കഥയിലേയും സംവിധാനത്തിലേയും ചില കൗതുകമുള്ള കാര്യങ്ങളാണ് ഞാന്‍ പങ്കുവെയ്ക്കുന്നത്. ഒരുപക്ഷെ നിങ്ങള്‍ക്കും അതൊക്കെ തോന്നിയിട്ടുണ്ടാകാം. നിങ്ങള്‍ക്ക് തോന്നിയ കാര്യങ്ങളും കമന്റുകളായി കുറിക്കാം. (ഇനി പറയുന്ന കാര്യങ്ങളില്‍ സിനിമയിലെ പല സന്ദര്‍ഭങ്ങളും വരുന്നുണ്ട്. സിനിമ കണ്ടിട്ടില്ലാത്തവര്‍ ശ്രദ്ധിക്കുമല്ലോ. ഹെവി സ്‌പോയിലര്‍ അലര്‍ട്ട്).

ഒരു പക്ഷെ തുടക്കത്തില്‍ തന്നെ ക്ലൈമാക്‌സ് റിവീല്‍ ചെയ്യുന്നത് സിനിമകളില്‍ വളരെ അപൂര്‍വ്വമായിരിക്കും. എന്നാല്‍ പാപ്പനില്‍ സിനിമ തുടങ്ങുമ്പോള്‍ തന്നെ ക്ലൈമാക്‌സും നമ്മുടെ മുന്നിലേക്ക് അണിയറപ്രവര്‍ത്തകര്‍ വെച്ചുതരുന്നുണ്ട്. സിനിമയുടെ തുടക്കത്തിലുള്ള രംഗം ഒന്ന് ഓര്‍ത്തു നോക്കിയെ. ഒരു കാവിന്റെ അകത്താണ് ആ രംഗം നടക്കുന്നത്. അവിടെ വെച്ചിരിക്കുന്ന പ്രതിഷ്ഠയ്ക്ക് അടുത്തുള്ള മരത്തില്‍ ചാക്കിനുള്ളില്‍ കെട്ടി തൂക്കിയ നിലയില്‍ ഒരു ബോഡി കാണുന്നു. ശ്രീജിത്ത് രവി അവതരിപ്പിച്ച ഡ്രൈവര്‍ രാജന്റെ ബോഡിയാണത്. ആ കൊലപാതകം മുതലാണ് സിനിമയില്‍ അന്വേഷണം തുടങ്ങുന്നത്. എന്നാല്‍ അന്വേഷണം അവസാനിക്കുന്നതും അതേയിടത്ത് തന്നെയാണ്. സമൂഹം മോഷ്ടാവെന്ന് വിധിയെഴുതിയ സൈമണ്‍ എന്ന യുവാവിന്റെ അസ്ഥികൂടവും പള്ളിയിലെ പൊന്നുംകുരിശും ക്ലൈമാക്‌സില്‍ കണ്ടെത്തുന്നത് കാവിലെ ആ പ്രതിഷ്ഠയ്ക്ക് അടിയില്‍ നിന്നാണ്. ഭൂതകാലത്തില്‍ സൈമണ്‍ മരിക്കുന്നത് ഡ്രൈവര്‍ രാജന്റെ കൈകൊണ്ടാണല്ലോ. സൈമണിന്റെ ബോഡി കാവിനുള്ളില്‍ മറവ് ചെയ്യുന്നതും രാജന്‍ തന്നെ. വര്‍ഷങ്ങള്‍ക്ക് ശേഷം സൈമണെ ഇല്ലാതാക്കിയവനെ അതേയിടത്ത് തന്നെ കെട്ടിത്തൂക്കുകയും ചെയ്യുന്നു. ഒരു തരത്തില്‍ സൈമണ് നല്‍കുന്ന ട്രിബ്യൂട്ട് പോലെ. സിനിമ അവസാനിക്കുമ്പോഴാണ് നമുക്ക് ഇത് മനസ്സിലാകുന്നത്. ദൃശ്യം സിനിമയിലും ഇത്തരത്തിലൊരു സംഗതി നമ്മള്‍ കണ്ടിട്ടുണ്ട്. സിനിമ തുടങ്ങുമ്പോള്‍ തന്നെ പോലീസ് സ്‌റ്റേഷന്‍ നമുക്ക് സംവിധായകന്‍ കാണിച്ചു തരുന്നുണ്ട്. എന്നാല്‍ സിനിമ അവസാനിക്കുമ്പോഴാണ് ആദ്യം കാണിച്ച പോലീസ് സ്‌റ്റേഷന് അടിയിലാണ് അതുവരെ എല്ലാവരും അന്വേഷിച്ചിരുന്ന ഉത്തരം ഉള്ളതെന്ന് അറിയുന്നത്.

പാപ്പന്‍ സിനിമയിലെ ആ ലൊക്കേഷനും പ്രത്യേകതയുണ്ട്. കാവിലെ പ്രതിഷ്ഠയ്ക്ക് മുകളിലായിട്ടാണല്ലോ ഡ്രൈവര്‍ രാജന്റെ ബോഡി നില്‍ക്കുന്നത്. ചാക്കിന് പുറത്ത് ചോരയും നമുക്ക് കാണാന്‍ കഴിയും. പ്രതിഷ്ഠയെ പ്രീതിപ്പെടുത്തുവനായി നേര്‍ച്ചകോഴിയെ കെട്ടിതൂക്കിയത് പോലെ ആ കാഴ്ചയെ വ്യാഖ്യാനിക്കുവാന്‍ കഴിയും. പ്രതിഷ്ഠ ഇവിടെ സൈമണും നേര്‍ച്ചക്കോഴി ഡ്രൈവര്‍ രാജനുമാണ്. സൈക്ലിക് സ്‌ക്രീന്‍പ്ലെ ടെക്‌നിക് ആണ് തിരക്കഥാകൃത്ത് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. തുടങ്ങിയിടത്ത് തന്നെ കഥ അവസാനിക്കുന്ന രീതി. കാവിന്റെ കാര്യത്തില്‍ മാത്രമല്ല അത്. സിനിമയുടെ ആദ്യത്തെ രംഗം ഒരു ആലയിലെ തീപ്പൊരിയില്‍ നിന്നാണ് തുടങ്ങുന്നത്. എബ്രഹാം മാത്യു മാത്തന്റെ നിര്‍ദ്ദേശപ്രകാരം ആലയില്‍ ഇരട്ടത്തല കത്തി പണിതുകൊണ്ടിരിക്കുകയാണ്. സിനിമ അവസാനിക്കുമ്പോഴും തീയിടെ സാന്നിധ്യം നമുക്ക് കാണാം. സ്മശാനത്തിലെ തീച്ചൂളയില്‍ നിന്നാണല്ലോ വിന്‍സി എബ്രഹാമിനെ അവസാന രംഗത്ത് എബ്രഹാം മാത്യു മാത്തന്‍ രക്ഷപ്പെടുത്തുന്നത്. ആദ്യം മുതല്‍ അവസാനം വരെയുള്ള തീ, ഒരിക്കലും കെടാത്ത പകയെ തന്നെയാകാം സൂപിപ്പിക്കുന്നത്. മറ്റൊന്ന് കൂടിയുണ്ട്. തുടക്കത്തില്‍ ആലയില്‍ നിന്ന് എബ്രഹാം മാത്യു മാത്തന്‍ ഇരട്ടത്തല കത്തി പണിയിപ്പിക്കുന്നുണ്ട്. അവസാന രംഗത്ത് അതേ കത്തി ഉപയോഗിച്ചാണ് എബ്രഹാം മാത്യു മാത്തന്‍ സോളമനെ കൊല്ലുന്നതും. ഇരട്ടത്തല കത്തിയില്‍ തുടങ്ങി അതേ കത്തിയില്‍ തന്നെ അവസാനിക്കുന്ന മറ്റൊരു യാത്ര.

സിനിമയിലെ കഥാപാത്രങ്ങള്‍ക്കുള്ള രണ്ട് പേരുകളാണ് മറ്റൊരു കൗതുകം. ഇരട്ടത്തല ത്തിയാണല്ലോ സിനിമയിലെ ഒരു പ്രധാന കഥാപാത്രം. രണ്ട് തലകളുള്ള കത്തി. ജീവിതത്തിലെ ശരിയും തെറ്റും, നന്മയും തിന്മയും – ഇങ്ങനെ രണ്ട് വശങ്ങള്‍ തന്നെയാകാം അത് സൂചിപ്പിക്കുന്നത്. സുരേഷ് ഗോപിയുടെ കഥാപാത്രത്തിനും രണ്ട് മുഖങ്ങളുണ്ട്. പോലീസുകാരനായ എബ്രഹാം മാത്യും മാത്തനും കുടുംബത്തെ സ്‌നേഹിക്കുന്ന പാപ്പനും. ബെനീറ്റ ഐസക്, ഡോക്ടര്‍ ഷേര്‍ളി എന്നീ രണ്ട് പേരുകളാണ് ആശാ ശരത്തിന്റെ കഥാപാത്രത്തിനുള്ളത്. ജൂവല്‍മേരി അവതരിപ്പിച്ച എഴുത്തുകാരിയുടെ കഥാപാത്രം കുറച്ചുകൂടി വ്യക്തമായി പ്രേക്ഷകരോട് സംസാരിക്കുന്നുണ്ട്. ഡോക്ടര്‍ പ്രിയ നളിനി എഴുത്തുകാരി ആയപ്പോള്‍ സ്വീകരിച്ച തൂലികനാമം ആയിരുന്നു ദ്രൗപതി. നമുക്ക് രണ്ടു മുഖങ്ങളില്ലേ എന്ന് ആ എഴുത്തുകാരി കഥാപാത്രം ചോദിക്കുന്നുമുണ്ട്. അതുപോലെ മാളവിക മേനോന്‍ അവതരിപ്പിച്ച കന്യാസ്ത്രീ കഥാപാത്രം ഐഷ ഫാത്തിമ എന്ന കള്ളപേരിലാണ് ഇരുട്ടന്‍ ചാക്കോയെ കാണാന്‍ ജയിലില്‍ എത്തുന്നത്. അതുപോലെ സാധിക വേണുഗോപാല്‍ അവതരിപ്പിച്ച പോലീസ് കോണ്‍സ്റ്റബിള്‍ കഥാപാത്രം ഐഷ ഫാത്തിമയുടെ അമ്മയാണെന്ന് പറഞ്ഞ് വാര്‍ത്തയില്‍ വരുകയും ചെയ്യുന്നുണ്ട്. അങ്ങനെ രണ്ട് പേരുകളുള്ള അല്ലെങ്കില്‍ രണ്ട് മുഖങ്ങളുടെ ഒരുപാട് കഥാപാത്രങ്ങളെ സിനിമയിലുടനീളം കാണാം.

ക്ലിയോപാട്ര അതുപോലെ ദ്രൗപതി റെഫറന്‍സുകളാണ് സിനിമയിലെ രസമുള്ള മറ്റൊരു കാര്യം. ചന്തുനാഥ് അവതരിപ്പിച്ച സിദ്ധാര്‍ത്ഥനും ഡയാന ഹമീദിന്റെ ഋതുപര്‍ണയും ചേര്‍ന്ന് അവതരിപ്പിക്കുന്ന നാടകമാണ് ക്ലിയോപാട്ര. ഗ്രീക്ക് രാഞ്ജിയുടെ ജീവിതംപോലെയാണ് സിനിമയില്‍ ഡോക്ടര്‍ ഷേര്‍ളിയുടെ കഥാപാത്രം. സഹോദരനെ ക്ലിയോപാട്ര കൊല്ലുന്നത് പോലെ ഇവിടെ ഡോക്ടര്‍ ഷേര്‍ളിയും സ്വന്തം സഹോദരനെ ഇല്ലാതാക്കുന്നുണ്ട്. മഹാഭാരത കഥയിലെ ദ്രൗപതിയോടും ഒരുപാട് സാമ്യത ഷേര്‍ളിയ്ക്ക് ഉണ്ട്. കുലം മുടിച്ച് കളയും എന്ന് പ്രതിജ്ഞയെടുത്ത ആളാണ് ദ്രൗപതി. പാണ്ഡവര്‍ അങ്ങനെ നൂറ്റിയൊന്ന് കൗരവരേയും വകവരുത്തി ദ്രൗപതിയുടെ പ്രതിജ്ഞ നിറവേറ്റുന്നു. അതുപോലെ തന്നെയാണ് ഡോക്ടര്‍ ഷേര്‍ളിയും എല്ലാവരേയും ഭൂമിയില്‍ നിന്ന് യാത്രയാക്കുന്നത്. ഡോക്ടര്‍ ഷേര്‍ളി എന്ന ബെനീറ്റ ഐസകിന്റെ കൗമാരകാലം കാണിക്കുന്ന ഒരു രംഗമുണ്ട്. രാത്രിയില്‍ സൈമണിനൊപ്പം ബെനീറ്റ നില്‍ക്കുമ്പോള്‍ അമ്മ കത്രീന ബെനീറ്റയെ തിരയുന്നുണ്ട്. അപ്പോള്‍ ഭയപ്പെട്ട് നില്‍ക്കുന്ന സൈമണിനോട് അമ്മ കണ്ടാലെന്താ കൊന്ന് കളയുമോ എന്ന് ബെനീറ്റ ചോദിക്കുന്നുണ്ട്. പിന്നീട് കഥയില്‍ അമ്മ ആ ബന്ധം കാണുകയും സൈമണിനെ കൊന്ന് കളയുകയും ചെയ്യുന്നു. തന്റെ കാമുകനെ ഇല്ലാതാക്കിയവരെയെല്ലാം ബെനീറ്റ കൊലപ്പെടുത്തുകയും ദ്രൗപതിയുടെ പ്രതിജ്ഞ നിറവേറ്റുകയും ചെയ്യുന്നു.

സിദ്ധാര്‍ത്ഥിന്റെ നാടക കളരിയില്‍ വിന്‍സി എബ്രഹാം എത്തുന്ന ഒരു രംഗമുണ്ട്. എബ്രഹാം മാത്യു മാത്തന്‍ ഇരുട്ടന്‍ ചാക്കോയോട് ജയിലില്‍ വെച്ചു സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യത്തില്‍ മാത്തന്‍ പറയുന്നത് എന്താണെന്ന് മനസ്സിലാക്കുവാന്‍ ആണ് വിന്‍സി അവിടെ എത്തുന്നത്. അതിന് സഹായിക്കുന്നത് സംസാരിക്കുവാനും കേള്‍ക്കുവാനും കഴിയാത്ത ഒരു പെണ്‍കുട്ടിയാണ്. ഋതുപര്‍ണ്ണയാണ് ആ കുട്ടിയെ വിന്‍സിക്ക് പരിചയപ്പെടുത്തുന്നത്. ആ പെണ്‍കുട്ടിയ ആദ്യം അവര്‍ കാണുമ്പോള്‍ ചുവരിലെ ഒരു പെയിന്റിംഗില്‍ ആ കുട്ടി നോക്കി നില്‍ക്കുകയാണ്. നമ്മള്‍ കാണാത്തത് പലരും അവര് കാണും, നമ്മള്‍ കേള്‍ക്കാത്തത് പലതും അവര് കേള്‍ക്കും എന്ന് ഋതുപര്‍ണ്ണ വിന്‍സിയോട് അപ്പോള്‍ പറയുന്നുണ്ട്. പെണ്‍കുട്ടി നോക്കി നില്‍ക്കുന്ന പെയിന്റിംഗ് സിനിമയുടെ അവസാനത്തെ ഭാഗത്ത് വളരെ നിര്‍ണ്ണായകമായ ഒരു ലീഡ് വിന്‍സിക്ക് നല്‍കുന്നുണ്ട്. പോലീസ് സെര്‍വ്വറിലേക്ക് വരുന്ന വീഡിയോ കാണുമ്പോള്‍ അതിലുള്ള സ്ഥലം സിദ്ധാര്‍ത്ഥിന്റെ നാടക കളരിയാണെന്ന് വിന്‍സി തിരിച്ചറിയുന്നത് വീഡിയോയില്‍ കാണുന്ന പെയിന്റിംഗില്‍ നിന്നാണ്.

അതുപൊലെ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്. തന്റെ ഭൂതകാലം എബ്രഹാം മാത്യു മാത്തന്‍ ഓര്‍മ്മിക്കുന്ന ഒരു രംഗമുണ്ട് സിനിമയില്‍. ആ രംഗത്ത് എബ്രഹാം മാത്യു മാത്തനും ഭാര്യ നാന്‍സിയും കൂടി മകളെയും എടുത്ത് ആശുപത്രിയില്‍ കാറില്‍ പോകുന്നത് കാണിക്കുന്നുണ്ട്. അവിടെ ഔട്ട് ഓഫ് ഫോക്കസില്‍ ഒരാളെ നമുക്ക് കാണാം. അത് സോളമനാണ്. സിനിമയുടെ അവസാനം ആ രംഗം വീണ്ടും സോളമന്റെ പോയിന്റ് ഓഫ് വ്യൂവില്‍ കാണിക്കുമ്പോഴാണ് അന്ന് സംഭവിച്ച കാര്യങ്ങള്‍ പ്രേക്ഷകര്‍ക്ക് പിടിക്കിട്ടുന്നത്. എന്നാല്‍ അതിനും മുന്‍പും വളരെ ബ്രില്യന്റായി സോളമന്റെ സാന്നിധ്യം അണിയപ്രവര്‍ത്തകര്‍ കാണിച്ചിരുന്നു. ഇങ്ങനെ എഴുതിയാലും തീരാത്ത നിരവധി രസകരമായ കാര്യങ്ങള്‍ സിനിമയിലുടനീളം ഉണ്ട്. പാപ്പന്‍ അതുകൊണ്ട് തന്നെ വളരെ പ്രിയപ്പെട്ട സിനിമകളിലൊന്നായി മാറുകയും ചെയ്യുന്നു.

ഇങ്ങനെ പല രീതിയില്‍ സമീപിക്കുവാന്‍ കഴിയുന്ന, പല തലങ്ങളുള്ള, ഗംഭീരമായൊരു സിനിമ സമ്മാനിച്ച സംവിധായകന്‍ ജോഷിക്ക് നന്ദി. എനിക്കുറപ്പാണ്, ജോഷി ഇതുവരെ സംവിധാനം ചെയ്ത സിനിമകളില്‍ നിന്നെല്ലാം മാറി നടക്കുന്ന മികച്ചൊരു സൃഷ്ടി തന്നെയാണ് പാപ്പന്‍. പുതുതലമുറ സംവിധായകര്‍ക്ക് പോലും അടിപതറുമ്പോള്‍ തീയേറ്ററുകളില്‍ വീണ്ടും ആള്‍ക്കൂട്ടത്തെ എത്തിക്കുന്ന ആ ‘ജോഷി മാജിക്കിന്’ കൈയടിച്ചേ മതിയാകൂ. സുരേഷ് ഗോപിയ്‌ക്കൊപ്പം ലേലം, വാഴുന്നോര്‍, പത്രം തുടങ്ങിയ സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ വീണ്ടും തന്റെ പ്രിയനായകനുമായി ഒന്നിച്ചപ്പോള്‍ മുന്‍ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കാഴ്ച തന്നെയാണ് നമ്മള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയത്. എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരാള്‍ സിനിമയുടെ തിരക്കഥാകൃത്താണ്. ആദ്യ തവണ സിനിമ കാണുമ്പോള്‍ തന്നെ തിരക്കഥാകൃത്തിന്റെ പേര് ശ്രദ്ധയില്‍പ്പെട്ടിരുന്നു. കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് ആര്‍.ജെ ഷാന്‍ ആണ്. സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ തന്നെ ഗൂഗിളില്‍ ആ പേര് നോക്കി. പയ്യനാണല്ലോ. മുന്‍പ് ഒരു സിനിമയക്ക് കൂടി തിരക്കഥ എഴുതിയിട്ടുണ്ട്. മഞ്ജുവാര്യര്‍, അമല, ഷെയിന്‍ നിഗം തുടങ്ങിയവര്‍ അഭിനയിച്ച C/o സൈറ ബാനു. അതും എനിക്ക് ഇഷ്ടമായ ഒരു സിനിമയാണ്. തീയേറ്ററില്‍ വിജയിക്കുകയും ചെയ്തിരുന്നു എന്നാണ് ഓര്‍മ്മ. രണ്ടാമത്തെ സിനിമ ജോഷിയെ പോലെ ഒരു സംവിധായകന്‍ ഏറ്റെടുക്കുമ്പോള്‍ തന്നെ ആ തിരക്കഥയില്‍ എന്തെങ്കിലും സ്പാര്‍ക്ക് ഉണ്ടാകണം. അന്ന് സംവിധായകന് കിട്ടിയ സ്പാര്‍ക്ക് തന്നെ ഇന്ന് പ്രേക്ഷകര്‍ക്കും കിട്ടി. നല്ല ഒന്നാന്തരം സ്‌ക്രീന്‍പ്ലെ തന്നെയായിരുന്നു പാപ്പന്റേത്. അറിയുന്തോറും അടുക്കുംതോറും ആഴം കൂടുന്ന തിരക്കഥ.