മോഹന്‍ലാലിനേക്കാളും മമ്മൂട്ടിയേക്കാളും മികച്ച നടന്‍ മലയാളത്തില്‍ ഉണ്ട്

മലയാള സിനിമാപ്രേക്ഷകരുടെ ഇഷ്ടനടിമാരില്‍ മുന്‍പന്തിയിലാണ് മീനയുടെ സ്ഥാനം. അതിന്റെ പ്രധാന കാരണം തങ്ങളുടെ പ്രിയതാരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പം മീനയെ അവര്‍ക്ക് നായികയായി കാണാന്‍ കഴിയുന്നു എന്നതാകാം. ഇരുവരുടേയും നായികയായി മീന എത്തുമ്പോള്‍ ഒക്കെ സിനിമ ബോക്‌സ് ഓഫീസ് വിജയങ്ങളുമായിരുന്നു. ഹിറ്റ് നായിക, ഭാഗ്യനായിക എന്നൊക്കെ അതുകൊണ്ടാകാം മീനയെ വിശേഷിപ്പിക്കുന്നത്. അവസാനം റിലീസായ ദൃശ്യം ടുവിലും മോഹന്‍ലാലിനൊപ്പം മികച്ച പ്രകടനമാണ് മീന കാഴ്ചവെച്ചത്. സിനിമ വലിയ വിജയവുമായിരുന്നു. അടുത്ത കാലത്തിറങ്ങിയ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഏറെ മുന്നിലാണ് സിനിമയുടെ സ്ഥാനം.

മീനയുടെ അടുത്ത മലയാള ചിത്രവും മോഹന്‍ലാലിനൊപ്പമാണ്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ബ്രോഡാഡിയിലാണ് മീന അഭിനയിക്കുന്നത്. ലൂസിഫര്‍ എന്ന ബ്രഹ്മാണ്ട വിജയചിത്രത്തിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ബ്രോഡാഡി. ഷൂട്ടിംങ് അനുമതി കിട്ടിയാല്‍ ഉടന്‍ വീണ്ടും മോഹന്‍ലാലിന്റെ നായികയായി മീന സിനിമാ സെറ്റിലേക്ക് എത്തും. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് മുന്‍പ് മീന അഭിനയിച്ചത് ഒരു മമ്മൂട്ടി ചിത്രത്തില്‍ ആയിരുന്നു. അതും ആ വര്‍ഷത്തെ വലിയ വിജയം നേടി. മമ്മൂട്ടിയുടെ മാസ്സ് പരിവേഷം പ്രേക്ഷകര്‍ ആഘോഷമാക്കിയ ആ സിനിമ ഷൈലോക്ക് ആയിരുന്നു.

രണ്ടായിരത്തി പതിനേഴില്‍ ആകെ രണ്ട് സിനിമകളിലാണ് മീന അഭിനയിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും ആയിരുന്നു സിനിമയിലെ നായകന്മാര്‍. ആ രണ്ട് ചിത്രങ്ങളും ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളായി. കഥപറയുമ്പോള്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ സിനിമകളായിരുന്നു അത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യ വേഷത്തിലാണ് മീന എത്തിയത്. വര്‍ണ്ണപകിട്ട് എന്ന സിനിമയിലാണ് മോഹന്‍ലാലിന്റെ നായികയായി ആദ്യമായി മീന അഭിനയിക്കുന്നത്. ഒളിമ്പ്യന്‍ അന്തോണി ആദം, ഉദയനാണ് താരം, ചന്ദ്രോത്സവം തുടങ്ങിയ ചിത്രങ്ങളിലും ആ ഹിറ്റ് കൂട്ടുകെട്ട് ഒരുമിച്ചു. രാക്ഷസരാജാവ്, കറുത്ത പക്ഷികള്‍, ബാല്യകാലസഖി തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടിക്കൊപ്പവും പ്രേക്ഷകര്‍ മീനയെ കണ്ടു.

ഇപ്പോള്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് നടി. മോഹന്‍ലാല്‍ ആണോ അതോ മമ്മൂട്ടിയാണോ എന്നായിരുന്നു ഒരാളുടെ ചോദ്യം. എന്നാല്‍ മീനയുടെ മറുപടി ലാലൂട്ടി എന്നായിരുന്നു. രണ്ടുപേരുടേയും ഭാഗങ്ങള്‍ ചേര്‍ത്താണ് അങ്ങനെയൊരു രസകരമായ മറുപടി മീന നല്‍കിയത്. നിങ്ങളുടെ പ്രിയപ്പെട്ട നടന്മാര്‍ ആരാണെന്നായിരുന്നു മറ്റൊരു ചോദ്യം. ശിവാജി ഗണേഷന്‍, നാഗേഷര്‍ റാവു, നെടുമുടി വേണു എന്നായിരുന്നു മീനയുടെ ഉത്തരം. പ്രിയപ്പെട്ട സംവിധായകര്‍ ആരാണെന്നെ ചോദ്യത്തിന് മലയാളത്തില്‍ ജീത്തു ജോസഫും സിദ്ധിഖും ആണെന്നായിരുന്നു മീനയുടെ മറുപടി.