പഠിത്തമൊക്കെ കഴിഞ്ഞ് ഇന്ത്യ ചുറ്റിയടിക്കാന്‍ വന്ന പയ്യന്‍ സിനിമാനടന്‍ ആയ കഥ

രണ്ടായിരത്തി ഒമ്പതില്‍ റിലീസായ ചിത്രമാണ് കേരളവര്‍മ്മ പഴശ്ശിരാജ. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ ആയിരുന്നു സിനിമയുടെ സംവിധാനം. റ്റൈറ്റില്‍ കഥാപാത്രമായി എത്തിയത് മലയാളികളുടെ മഹാനടന്‍ മമ്മൂട്ടിയും ആയിരുന്നു. ഒരു വടക്കന്‍ വീരഗാഥ എന്ന ഇതിഹാസ ചിത്രത്തിന് ശേഷം ഈ കൂട്ടുകെട്ട് ഒരുമിച്ച ചിത്രം കൂടിയായിരുന്നു പഴശ്ശിരാജ. തിയേറ്ററുകളില്‍ വലിയ വിജയം നേടുകയും ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിലൊന്നായി പഴശ്ശിരാജ മാറുകയും ചെയ്തു. ശരത്കുമാര്‍, മനോജ് കെ ജയന്‍, കനിഹ, പത്മപ്രിയ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. നിരവധി വിദേശ താരങ്ങളും സിനിമയില്‍ അണി നിരന്നിരുന്നു.

സിനിമയില്‍ മലബാര്‍ കളക്ടര്‍ തോമസ് ഹാര്‍വെ ബാബര്‍ എന്ന കഥാപാത്രമായി എത്തിയത് ഓസ്‌ട്രേലിയകാരനായ ഹാരി കെ ആയിരുന്നു. എന്നാല്‍ വളരെ അവിചാരിതമായി സിനിമയില്‍ എത്തിയ ആളായിരുന്നു ഹാരി. ഹാരിയുടെ ജീവിതകഥ സെബാസ്റ്റിയന്‍ സേവ്യര്‍ ഒരു സിനിമ ഗ്രൂപ്പില്‍ പങ്കുവെച്ചരിക്കുകയാണ്. അതില്‍ പറയുന്ന ചില കാര്യങ്ങള്‍ ഇങ്ങനെ. പഠിത്തമൊക്കെ കഴിഞ്ഞ സ്ഥിതിക്ക് ഇനി ഇന്ത്യയില്‍ ഒരു നെടുനീളന്‍ പര്യടനമൊക്കെ നടത്തിക്കളയാം എന്ന് കരുതിയാണ് ഹാരി എന്ന ആ ഓസ്‌ട്രേലിയക്കാരന്‍ പയ്യന്‍ കടല്‍ കടന്ന് ഇവിടെയെത്തിയത്. വന്നപാടെ ഒരു ബുള്ളറ്റൊക്കെ സംഘടിപ്പിച്ച് കറക്കവും തുടങ്ങി. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ ചുറ്റിയടിച്ച് മുംബൈയിലെത്തിയപ്പോ കീശ ഏതാണ്ട് കാലിയായി. ജാന്‍ ഇ മാന്‍ എന്ന ഹിന്ദിപ്പടത്തിന്റെ ഇന്‍ഡോര്‍ ഷൂട്ടിംഗ് അവിടെ അടുത്തൊരിടത്ത് നടക്കുന്നുണ്ട്.

ആരോ ആ ഷൂട്ടിംഗ് സെറ്റിലേക്ക് ആ ചെറുപ്പക്കാരനെ കൊണ്ടുപോയി. അങ്ങനെ വിദേശികളായ കുറേ എക്‌സ്ട്രാ ആര്‍ട്ടിസ്റ്റുകളുടെ കൂട്ടത്തിലൊരാളായി ഹാരി എന്ന ഹാരി കീയും ആ സിനിമയിലഭിനയിച്ചു. കുറച്ചധികം ദിവസങ്ങള്‍ ഷൂട്ടിംഗുണ്ടായിരുന്നു. ദിവസേന ഭക്ഷണത്തിനു പുറമേ അഞ്ഞൂറ് രൂപ പ്രതിഫലം. ആ പടം കഴിഞ്ഞയുടനേ പിന്നെയും കുറേയധികം സിനിമകളില്‍ എക്‌സ്ട്രാ ആര്‍ട്ടിസ്റ്റായും പരസ്യചിത്രങ്ങളിലുമൊക്കെ അവസരം കിട്ടിത്തുടങ്ങിയപ്പോ ഒരു വര്‍ക്കിംഗ് വിസയൊക്കെ സംഘടിപ്പിച്ച് ഇന്ത്യയില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചു. ഡാം, ദോസ്തന തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ചു. മലബാറിലെ അസിസ്റ്റന്റ് കളക്ടറായ തോമസ് ഹാര്‍വെ ബാബര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് രണ്ടായിരത്തി ഒമ്പതില്‍ പഴശ്ശിരാജയിലൂടെ മലയാള സിനിമയിലുമെത്തിയ ഹാരി, കുടുംബവും കര്‍ത്തവ്യനിര്‍വ്വഹണവും ഒരുമിച്ചു കൊണ്ടുപോവാന്‍ പാടുപെടുന്ന ആ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ റോള്‍ ഭംഗിയാക്കി.

ശത്രുവെങ്കിലും ധീരനും ദേശാഭിമാനിയുമായിരുന്ന പഴശ്ശിത്തമ്പുരാന്റെ ചേതനയറ്റ ശരീരത്തിന് ആദരവും അഭിവാദ്യങ്ങളുമര്‍പ്പിച്ചുകൊണ്ട് ആ കഥാപാത്രം പറയുന്ന ഈ വാക്കുകളോടെയാണ് സിനിമ അവസാനിക്കുന്നതും. ഹീ വാസ് അവര്‍ എനിമി. ബട്ട് ഹീ വാസ് എ ഗ്രേറ്റ് മാന്‍. എ ഗ്രേറ്റ് വാര്യര്‍. വി ഹോണേര്‍ഡ് ഹിം. രണ്ടായിരത്തി പത്തില്‍ സ്വദേശത്തേക്ക് മടങ്ങിയെങ്കിലും ഹാരി കീ വീണ്ടും ഇന്ത്യന്‍ സിനിമകളുടെ ഭാഗമായി. നിലവില്‍ ഓസ്‌ട്രേലിയലിലെ സിഡ്‌നിയില്‍ കീ ഇംപാക്ട് എന്ന സ്ഥാപനം നടത്തുന്ന ഹാരി, സ്പീച്ച് കോണ്‍ഫിഡന്റെ കോച്ച് ആയും മോട്ടിവേറ്ററായും പ്രവര്‍ത്തിക്കുന്നു. സ്പീക്ക് ഫോര്‍ യുവര്‍സെല്‍ഫ് എന്നൊരു പുസ്തകവും രചിച്ചിട്ടുണ്ട്‌