ഫേസ്ബുക്കും ഇന്സ്റ്റാഗ്രാമുമൊന്നുമില്ലാതിരുന്ന ഒരുകാലം. സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാനും സിനിമാതാരങ്ങളുടെ ചിത്രങ്ങള്‍ കാണാനുമുള്ള ഏക വഴി സിനിമാ മാസികകള്‍ ആയിരുന്നു. നാന, വെള്ളി നക്ഷത്രം, ചിത്രഭൂമി, സിനിമാ മംഗളം തുടങ്ങി നിരവധി സിനിമാ മാസികകളായിരുന്നു ഒരുക്കാലത്ത് മലയാളികളുടെ സോഷ്യല്‍ മീഡിയ. മാസത്തിലും ചിലപ്പോള്‍ ആഴ്ചകളിലുമെത്തുന്ന അവയൊക്കെ വാങ്ങാനായി പൈസ സ്വരുകൂട്ടി വെക്കുന്ന തലമുറയുമുണ്ടായിരുന്നു ഇവിടെ. ബാര്‍ബര്‍ഷോപ്പുകളിലും തയ്യല്കടകളുടെ മതിലിലുമൊക്കെ അതിലെ ചിത്രങ്ങള്‍ തെളിഞ്ഞു കിടന്നു. ഈ മാഗസിനുകളുടെയൊക്കെ നടുവിലെ പേജിനായിരുന്നു കൂടുതല്‍ പ്രിയം.
അതിനൊരു കാരണമുണ്ട്. സുന്ദരിമാരായ നടിമാരുടെയൊക്കെ ഗ്ലാമര്‍ ഫോട്ടോസാണ് രണ്ട് പേജ് വലിപ്പത്തില്‍ അവിടെ കാണാന്‍ പറ്റുന്നത്. അത് മാത്രം അടര്‍ത്തിയെടുത്ത് സൂക്ഷിച്ചുവെക്കുന്നവും മറ്റാരും കാണാതെ ഒളിപ്പിച്ചുവെക്കുന്നവരും ഉണ്ടായിരുന്നു. ഇപ്പോള്‍ തൊണ്ണൂറ്റിമൂന്നിലെ നാന മാസികയില്‍ വന്ന കലണ്ടര്‍ സോഷ്യല്‍ മീഡിയയില്‍ സഫീര്‍ അഹമ്മദ് എന്നൊരാള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ആദ്യത്തെ നാല് മാസങ്ങളിലെ നാല് പേജുകളാണ് പങ്കുവെച്ചിരിക്കുന്നത്. നാല് പേജിലും നാല് നായികമാരുടെ കളര്ഫോട്ടോയാണ് ഉള്ളത്. രഞ്ജിത, ഐശ്വര്യ, ഗൗതമി, ഭാനുപ്രിയ തുടങ്ങിയ നടിമാരാണ് അതില്‍ നിറഞ്ഞു നില്‍ക്കുന്നത്. നാനാ ഫോട്ടോഗ്രാഫര്‍ പ്രവീണ്‍കുമാറാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്
കലണ്ടര്‍ കണ്ടപ്പോള്‍ പലരും അക്കാലം ഓര്‍ത്തെടുക്കുകയുണ്ടായി. പലര്‍ക്കും വലിയ നൊസ്റ്റാള്‍ജിയ ആണ് കലണ്ടര്‍ നല്‍കിയത്. പണ്ട് നാനയില്‍ ലാലേട്ടന്റെ കടത്തനാടന്‍ അമ്പാടിയുടെ ഒരു പോസ്റ്റര്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്നു എന്റെ ചെറുപ്പകാലത്തു ബാര്‍ബര്‍ ഷോപ്പില്‍ പോയാല്‍ നാനായാണ് നോക്കുന്നത്. എന്നാണ് ഒരാളുടെ കമന്റ്. മുടി വെട്ടാന്‍ പോകുമായിരുന്ന ബാര്‍ബര്‍ ഷോപ്പിലെ തട്ടില്‍ നിറയെ സെന്റര്‍ സ്പ്രെഡ് ആണ്. അനുരാധ, ഡിസ്കോ ശാന്തി, സില്‍ക്ക്, അവസാനം അണ്ണന് പറയും ഡേയ് ഒന്ന് തല കുനിച്ചു വയ്യെടെയ്.നൊസ്റ്റാള്‍ജിയ. മറ്റൊരാളുടെ രസകരമായ അഭിപ്രായം ഇങ്ങനെ ആയിരുന്നു.
നാനയുടെ മുഖ്യ ആകര്‍ഷണം നടുപേജിലെ അര്ധനഗ്നാംഗികളായിരുന്നു. അനില്‍ ദിവാകര്‍ എന്നൊരു ഫോട്ടോഗ്രാഫറുമായി വെള്ളിനക്ഷത്രം വന്നതോടെ നാനക്ക് ചെറിയ ഇടിവു തട്ടി. മമ്മൂട്ടി ഏറ്റവും സുന്ദരനായിരുന്ന, അങ്ങേരുടെ നാല്പതുകളുടെ തുടക്കത്തില്‍ വിസ്മയിപ്പിക്കുന്ന ചിത്രങ്ങളാണ് അനില്‍ ദിവാകര്‍ എടുത്തത്. പിന് അപ്പ് എന്നായിരുന്നു വെള്ളിനക്ഷത്രത്തിന്റെ നടു പേജിലെ പോസ്റ്ററുകളുടെ പേര്. കേരള കൗമുദിയുടെ പ്രസിദ്ധീകരണമാണ് വെള്ളിനക്ഷത്രം. ഇപ്പോഴുണ്ടോ എന്തോ. മറ്റൊരാള്‍ ഓര്‍മ്മ പങ്കുവെച്ചു. ബാര്‍ബര്‍ ഷോപ്പില്‍ തിരക്കുണ്ടാകണേ എന്നു പ്രാര്‍ത്ഥിച്ചിരുന്ന ആ കാലം. ബാര്‍ബര്‍ ഷോപ്പുകളിലും, വായനശാലകളിലും സിനിമാ പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടി പിടിവലിയായിരുന്നു എന്നും. മറ്റൊരാള്‍ പറയുന്നു.