സൂപ്പര്‍ഹിറ്റ് ചിത്രം അനിയത്തിപ്രാവിന് സംവിധായകന്‍ പേരിട്ടത് ഇങ്ങനെ

മലയാളികള്‍ ആഘോഷമാക്കിയ പ്രണയചിത്രമായിരുന്നു ഫാസില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബന്റേയും ശാലിനിയുടെയും ആദ്യ ചിത്രം കൂടിയായിരുന്നു അത്. പുതുമുഖങ്ങളെ വെച്ച് പുതുമയുള്ളൊരു കഥ പറഞ്ഞ സംവിധായകന് പിഴവ് പറ്റിയില്ല. സിനിമ പ്രതീക്ഷിച്ചതിലും വലിയ വിജയമാവുകയും പുതുമുഖങ്ങളെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് അതേ ജോഡിയില്‍ നിന്ന് നിരവധി സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയും ചെയ്തു. ആ കാലത്തെ യുവതയുടെ ആവേശമായി മാറിയിരുന്നു ഒറ്റ സിനിമകൊണ്ട് കുഞ്ചാക്കോ ബോബനും ശാലിനിയും.

എന്നാല്‍ അനിയത്തിപ്രാവ് എന്ന വളരെ മനോഹരമായ റ്റൈറ്റിലിലേക്ക് ഫാസില്‍ എത്തിചേര്‍ന്നത് രസകരമായൊരു കഥയാണ്. തിരക്കഥ പൂര്‍ത്തിയായിട്ടും അഭിനേതാക്കളെ തീരുമാനിച്ചിട്ടും സംവിധായകന് സിനിമയുടെ റ്റൈറ്റില്‍ മാത്രം കിട്ടുന്നില്ല. പല റ്റൈറ്റിലുകള്‍ ആലോചിച്ചിട്ടും ഒന്നും കഥയോട് ചേര്‍ന്ന് നില്‍ക്കുന്നില്ല. തൃപ്തിവരുന്നതുമില്ല. സംവിധായകന്‍ താമസിക്കുന്ന തൊട്ടടുത്ത മുറിയില്‍ ഗാനരചയിതാവ് എസ് രമേശന്‍ നായര്‍ ഉണ്ട്. ഫാസില്‍ പറഞ്ഞുകൊടുത്ത കഥാസന്ദര്‍ഭത്തിന് അനുസരിച്ച് രമേശന്‍ നായര്‍ പാട്ടുകള്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. ഫാസില്‍ രമേശന്‍ നായരുടെ മുറിയിലേക്ക് ചെന്നു. ഗാനരചയിതാവ് തനിക്ക് തന്ന സന്ദര്‍ഭമനുസരിച്ച് എഴുതിയ വരികള്‍ സംവിധായകനെ കാണിച്ചു. ഫാസിലിന്റെ മുഖത്ത് പ്രകാശം പരന്നു.

രമേശന്‍ നായര്‍ എഴുതിയ വരികള്‍ ഇങ്ങനെ ആയിരുന്നു. അനിയത്തിപ്രാവിന് പ്രിയരിവര്‍ നല്‍കും ചെറുതരി സുഖമുള്ള നോവ്, അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും ഈ മണിമുറ്റമുള്ളൊരു വീട്. പില്‍ക്കാലത്ത് മലയാളികള്‍ ഏറ്റുപാടിയ സൂപ്പര്‍ഹിറ്റ് പാട്ടിന്റെ തുടക്കം. എന്നാല്‍ ഫാസില്‍ അതില്‍ കണ്ടത് തന്റെ സിനിമയുടെ റ്റൈറ്റിലായിരുന്നു. ഇത്രയും മനോഹരമായൊരു വാക്ക് റ്റൈറ്റിലായി ഇടാനില്ല എന്ന് സംവിധായകന് മനസ്സിലായി. അനിയത്തിപ്രാവ് എന്ന വാക്ക് ഫാസിലിന്റെ മനസ്സ് നിറച്ചു. അങ്ങനെ പാട്ടില്‍ നിന്നാണ് സൂപ്പര്‍ഹിറ്റ് സിനിമയുടെ റ്റൈറ്റില്‍ ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് മലയാളികള്‍ക്ക് നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച പ്രിയ കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ വിടപറഞ്ഞത്.

ഓഎന്‍വിയെ പോലെയോ ഗിരീഷ് പുത്തഞ്ചേരിയേ പോലെയൊ ഒന്നും ആരും അധികം പറഞ്ഞ് കേട്ടിട്ടില്ലാത്ത പേരാണ് എസ് രമേശന്‍ നായരുടേത്. എന്നാല്‍ പലരും പാടി നടക്കുന്ന മികച്ച പാട്ടുകള്‍ക്ക് പിറകില്‍ ആ എഴുത്തുകാരന്റെ കൈയൊപ്പ് പതിഞ്ഞിരുന്നുവെന്ന് ആരും അറിഞ്ഞിരുന്നില്ല. നീയെന്‍ കിനാവോ പൂവോ നിലാവോ, പൂമുഖ വാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന, മനസ്സ് ഒരു മാന്ത്രിക കൂട്, ദേവസംഗീതം നീയല്ലേ ദേവി വരൂ വരൂ, ഒരു രാജമല്ലി വിടരുന്ന പോലെ, ഓണത്തുമ്പി പാടു ഓരോ രാഗം നീ, മയിലായി പറന്നുവാ, ആവണി പൊന്നൂഞ്ഞാല്‍ ആടിക്കാം നിന്നെ ഞാന്‍, അമ്പാടി പയ്യുകള്‍മെയ്യും, പുതുമഴയായി വന്നു നീ, തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളാണ് എസ് രമേശന്‍ നായരുടെ തൂലികയില്‍ നിന്ന് പിറന്നത്.