പ്രേമം എന്ന ഒറ്റ സിനിമകൊണ്ട് വലിയൊരു കൂട്ടം പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് സായ് പല്ലവി. സായ് പല്ലവി എന്ന തമിഴ്നാടുകാരി നായികയായി എത്തിയ ആദ്യസിനിമകൊണ്ട് തന്നെ വലിയ ജനപ്രീതിയാണ് നേടിയത്. പ്രേമത്തില്‍ മലര് മിസ്സ് എന്ന കഥാപാത്രത്തെ അതിഗംഭീരമായി അവതരിപ്പിക്കാനും സായി പല്ലവിക്ക് കഴിഞ്ഞു. കേരളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തും പ്രേമവും മലര് മിസ്സും തരംഗമായിരുന്നു. മലരേ എന്ന് തുടങ്ങുന്ന പാട്ട് ഇപ്പോഴും മലയാളികളുടെ പ്ലേ ലിസ്റ്റില്‍ പണിയെടുക്കുന്നുണ്ടാകാം. ജോര്‍ജും മലര് മിസ്സും അത്രയും സ്വാധീനമാണ് യുവ പ്രേക്ഷകരില്‍ ഉണ്ടാക്കിയത്. അല്‍ഫോണ്‍സ് പുത്രേനായിരുന്നു സംവിധാനം.
അഭിനയംകൊണ്ട് മാത്രമല്ല ചടുലമായ നൃത്തചുവടുകള്‍കൊണ്ടും സിനിമയില്‍ എല്ലാവരേയും അമ്പരപ്പിച്ച പ്രകടനമാണ് സായി പല്ലവി നടത്തിയത്. മികച്ച ഒരു നര്‍ത്തകി കൂടിയാണ് നടി. എന്നാല്‍ നൃത്തത്തോട് അതീവ താല്പര്യമുണ്ടായിരുന്നെങ്കിലും ഒരിക്കലും നൃത്തം പഠിച്ച ഒരാളായിരുന്നില്ല സായി പല്ലവി. തനിയെ നേടിയെടുത്ത അറിവായിരുന്നു അത്. പഠിക്കുന്ന സമയത്താണ് പ്രേമത്തില്‍ അഭിനയിക്കാന്‍ ക്ഷണം കിട്ടുന്നത്. അങ്ങനെ പഠനത്തിനിടയില്‍ ചെയ്ത വേഷമാണ് മലര് മിസ്സിന്റേത്. സിനിമയ്ക്ക് ശേഷം പഠനം തുടരുകയും ചെയ്തു. എംബിബിഎസിനായിരുന്നു പഠിച്ചുകൊണ്ട് ഇരുന്നത്. രണ്ടാം ചിത്രവും പഠനത്തിന് ഇടയിലായിരുന്നു.
പഠനത്തിന് ഇടവേള നല്കി ദുല്‍ഖര്‍ സല്‍മാന്റെ നായികകയായി വീണ്ടും സായി പല്ലവി മലയാളത്തില്‍ എത്തി. കലി എന്ന സിനിമയില്‍ ആയിരുന്നു സായി പല്ലവി അഭിനയിച്ചത്. എന്നാല്‍ പ്രേമത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് രണ്ട് ചിത്രങ്ങളില്‍ സായി പല്ലവി ചെറിയ വേഷങ്ങളില്‍ എത്തിയിരുന്നു. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ കസതൂരിമാന് ചിത്രത്തിന്റെ തമിഴ് പതിപ്പ് ലോഹിതദാസ് എന്ന സംവിധായകന് തമിഴില്‍ ഒരുക്കിയപ്പോള്‍ അതില്‍ ഒരു ചെറിയ വേഷത്തില്‍ സായി പല്ലവി അഭിനയിച്ചിരുന്നു. പ്രസന്നയും മീരാജാസ്മിനുമായിരുന്നു പ്രധാന താരങ്ങള്‍. കോളേജ് വിദ്യാര്‍ത്ഥിനിയുടെ വേഷത്തിലാണ് സായി പല്ലവി ചിത്രത്തില്‍ എത്തിയിരുന്നത്. എന്നാല്‍ സിനിമയില്‍ പേരൊന്നും വന്നിരുന്നില്ല. അതായിരുന്നു സായി പല്ലവിയുടെ ആദ്യ സിനിമാ അനുഭവം.
പിന്നീട് ഒരു തമിഴ് സിനിമയില്‍ കൂടി സായി പല്ലവി അഭിനയിച്ചു. ജയം രവി നായകനായി എത്തിയ ദാം ധൂം ആയിരുന്നു ആ ചിത്രം. ചിത്രത്തില്‍ കങ്കണ റാണൗത്ത് ആയിരുന്നു നായിക. കങ്കണ നായികയായി എത്തുന്ന ആദ്യ തമിഴ് ചിത്രം കൂടിയായിരുന്നു അത്. സിനിമയില്‍ കങ്കണ റാണൗത്ത് ചെയ്ത കഥാപാത്രത്തിന്റെ ബന്ധുവായിട്ടാണ് സായി പല്ലവി എത്തിയത്. എന്നാല്‍ അതിലും ക്രഡിറ്റ്സില്‍ പേരു വന്നിരുന്നില്ല. ചെറിയ വേഷം ആയതുകൊണ്ട് ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ തമിഴിലും തെലുങ്കിലും ആയി നിരവധി ചിത്രങ്ങളിലാണ് നടി അഭിനയിക്കുന്നത്. ഫഹദ് ഫാസിലിനൊപ്പം അതിരന് എന്ന ചിത്രത്തിലായിരുന്നു സായി പല്ലവി അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ നടി കാഴ്ചവെച്ചത്. ബോളിവുഡിലേക്കും അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ് സായി പല്ലവി