പഴയകാല നടി റോസിയെ ഓർമ്മ ഇല്ലേ, താരം ആരായിരുന്നു എന്ന് അറിയാമോ

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ പ്രേം ചാന്ദ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, 90 പിന്നിട്ട വെള്ളിത്തിരയിലെ പെൺപോരാട്ടങ്ങൾക്ക് ആദ്യനായിക പി.കെ. റോസിയുടെ വെളളിത്തിര പ്രവേശത്തിൻ്റെയും വിഗതകുമാരൻ്റെ തിയറ്റർ യാത്രക്കും 92 വയസ്സ് പിന്നിടുന്നു . ചരിത്രത്തിലെ ഏറ്റവും നീണ്ട കൂട്ട മറവിയുടെ തിരുത്താണ് നാടുകടത്തപ്പെട്ട റോസിയുടെ മലയാളക്കരയിലേക്കുള്ള തിരിച്ചു വരവ്. അതിന്നും പൂർണ്ണമല്ല .ഒരു തുടർ പോരാട്ടമാണിത്. തിരിഞ്ഞു നോക്കുമ്പോൾ ഇന്നും നഷ്ടബോധം തോന്നുന്ന ഒരു മുഹൂർത്തമാണ് 2004 ഏപ്രിൽ നാലിൻ്റെ ചിത്രഭൂമി പെൺപതിപ്പിൻ്റെ കവർ ചിത്രം റോസിയുടെ ആർട്ടിസ്റ്റ് പ്രദീപ്കുമാർ വരച്ച ഛായാപടം ആകാതെ പോയത്.

ചലച്ചിത്ര ചരിത്രകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ൻ പി.കെ. റോസിയെ ഓർമ്മപ്പെടുത്തി ചിത്രഭൂമിയിലേക്കയച്ച ഒരു കത്തിനെ കവർ സ്റ്റോറിയായി നൽകാനുള്ള തീരുമാനവുമായാണ് പെൺപതിപ്പിൻ്റെ പണി തുടങ്ങിയത് . എന്നാൽ അവസാന നിമിഷത്തിലാണ് മാർക്കറ്റിങ്ങിലെ അടുത്ത സുഹൃത്തുക്കൾ ഒരാശങ്ക അറിയിച്ചത് : ആദ്യമായാണ് ചിത്രഭൂമിക്ക് ഒരു വർഷികപ്പതിപ്പ് ഇറങ്ങുന്നത്. വെള്ളിത്തിരയിലെ തിളങ്ങുന്ന താരങ്ങളൊന്നുമല്ലാതെ (അതാണ് പതിവ് ) ആരും അറിയപ്പെടാത്ത ഒരു ഛായാപടം കവറായി വന്നാൽ വിറ്റുപോയില്ലെങ്കിൽ പിന്നെ വലിയ ബാധ്യത വരും. അത് തുടർ ലക്കങ്ങളെ ബാധിക്കും. ഒരു ദളിത് നായിക മലയാള സിനിമയിൽ എന്തു കൊണ്ട് ഉണ്ടാകുന്നില്ല എന്ന കമ്പോള യുക്തി ഇങ്ങിനെക്കൂടിയാകാം തീരുമാനങ്ങളിൽ പണിയെടുക്കുന്നത്. ഏതായാലും അവസാന നിമിഷം വിറ്റുപോവുക എന്നതാണ് പ്രധാനം എന്ന തത്വശാസ്ത്രം അംഗീകരിക്കപ്പെട്ടതോടെ കവർ ചിത്രം പി.കെ. റോസിയിൽ നിന്നും മഞ്ജുവാര്യരിലേക്ക് മാറി. മഞ്ജു അന്ന് സിനിമയില്ല.

വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞ മഞ്ജുവിൻ്റെ സിനിമയിൽ നിന്നും വിട പറയും മുമ്പ് ജമേഷ് കോട്ടക്കൽ നടത്തിയ അവസാനത്തെ അപ്രകാശിത ഫോട്ടോ ഷൂട്ട് അങ്ങിനെ പി.കെ. റോസിക്ക് വച്ച ഇടം കവർന്നു. വിവാഹത്തോടെ അപ്രത്യക്ഷമാകുന്ന നായികാജീവിതത്തിൻ്റെ പ്രതീകമായിരുന്നു മഞ്ജു അന്ന്. ആദ്യനായിക ദുരന്ത നായിക എന്ന് തലക്കെട്ടിട്ട് ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ എഴുതിയ കത്ത് കവർ സ്റ്റോറിയാക്കി നൽകിയ പെൺപതിപ്പ് പക്ഷേ മാർക്കററിൽ ഇറങ്ങിയ ഉടനെ സൂപ്പർ ഹിറ്റായി. മഞ്ജുവിൻ്റെ കവർ ഗുണം ചെയ്തു എന്നതും നിശ്ചയം. എന്നാൽ പെൺപതിപ്പിൽ ഏറ്റവും ദൂരവ്യപകമായ പ്രത്യാഘാതമുണ്ടാക്കിയതും തിരുത്തലുകൾക്ക് ചർച്ചകൾക്കും നിമിത്തമായതും ചേലങ്ങാട്ടിൻ്റെ ആദ്യനായിക ദുരന്ത നായിക എന്ന കവർ സ്റ്റോറി തന്നെയായിരുന്നു. ഫോൺ കോളുകളും കത്തുകളും പ്രവഹിച്ചു. തുടർചലനങ്ങൾ നിരന്തരമുണ്ടായി. ജെ.സി.ഡാനിയേലിൻ്റെ മകൻ ഹാരിസ് ഡാനിയേൽ വിളിച്ചു. ചിത്രഭൂമി ലക്കം ആവശ്യപ്പെട്ട് കത്തെഴുതി.

കുന്നുകൂഴി മണി എന്ന ദളിത് ചരിത്രകാരൻ്റെ ഇടപെടലും കുരീപ്പുഴ ശ്രീകുമാർ ചിത്രഭൂമിയിലേക്ക് എഴുതിയ നടിയുടെ രാത്രികൾ എന്ന കവിതയും പി.കെ. റോസിയുടെ വീണ്ടും ലൈംലൈറ്റിലേക്ക് കൊണ്ടുവന്നു. കുന്നുകുഴി മണി തുടർ ചരിത്രം എഴുതി. ചിത്രഭൂമി സബ്ബ് എഡിറ്റർ ജി. ജ്യോതിലാൽ കുന്നുകുഴി മണി നിർദ്ദേശിച്ച വഴികളിലൂടെ തിരുവനന്തപുരം മുതൽ ചെന്നൈയുടെ വിവിധ പ്രദേശങ്ങളിലൂടെ അലഞ്ഞ് റോസി കടന്നു പോയ വഴികളിൽ ബാക്കി നിൽക്കുന്ന ചരിത്രത്തിൻ്റെ അംശങ്ങൾ തേടിപ്പിടിച്ചു ചിത്രഭൂമിയിൽ പരമ്പരയായി എഴുതി. അപ്പോഴൊന്നും റോസിയുടെ ഒരു ഛായാപടം ഇല്ലായിരുന്നു. പ്രദീപിൻ്റെ പെയിൻ്റിങ് ആയിരുന്നു റോസി. 2005 ലെ ഐ.എഫ്.എഫ്.കെ.യിൽ റോസിയുടെ ഓർമ്മക്ക് ഒരു കുട്ടം പേർ നോട്ടീസടിച്ച് ആദ്യനായികയുടെ ആദൃശ്യത ഫെസ്റ്റിവലിനെ ഓർമ്മപ്പെടുത്തി. കുരീപ്പുഴ ശ്രീകമാറിൻ്റെ നടിയുടെ രാത്രികൾ പലരും പുന:പ്രസിദ്ധീകരിച്ചു. റോസിയുടെ വഴിതേടിപ്പോയ ജ്യോതി ലാലിനെ റോസി സമിതി പുരസ്കാരം നൽകി ആദരിച്ചു.

2004-2008 കാലത്ത് റോസിയുടെ ജീവിതം പലർക്കും സ്വന്തം സൃഷ്ടികൾക്ക് പ്രചോദനമായിട്ടുണ്ടാകും എന്നുറപ്പാണ്. ദീദി വെളളിത്തിരക്ക് അകത്തും പുറത്തുമുള്ള സ്ത്രീ എന്ന വിഷയത്തിൽ നടത്തി വരുന്ന ഗവേഷണമായിരുന്നു എനിക്ക് ചിത്രഭൂമി പെൺപതിപ്പിന് പ്രചോദനമായിരുന്നത്. എന്നാൽ അതിലൂടെ പുറത്ത് വന്ന റോസിയുടെ കഥ ദീദിക്ക് ഒരു നായികാ ജീവിതത്തെ ആസ്പദമാക്കിയുള്ള തിരക്കഥക്കുള്ള ഊർജ്ജമായി . റോസി, ശ്രീവിദ്യ തുടങ്ങി രണ്ട് നായികമാരുടെ ജീവിതം പ്രധാന ഓർമ്മയായി ഒരു നായികാ ജീവിതത്തിൻ്റെ ഭൂതവും വർത്തമാനവും പറയുന്ന നായിക എന്ന തിരക്കഥ അങ്ങിനെ ഉണ്ടായി. കോടമ്പക്കത്തിൻ്റെ ചരിത്രം പറയുന്ന നിരവധി നായികാ സ്മരണകൾ അതിലേക്ക് ഇഴ ചേർക്കപ്പെട്ടു. 2008 ൽ ജയരാജ് ഗുൽമോഹർ ചെയ്യുന്നത് മുമ്പ് മലയാളത്തിൽ ചെയ്യാനിരുന്ന സിനിമയായിരുന്നു അത്. എന്നാൽ നായികയെ തേടിയുള്ള യാത്ര അത് ഹിന്ദിയിൽ ചെയ്യാം എന്ന് വയ്ക്കുകയും അതിന് പകരം ഗുൽമോഹർ പൊടുന്നനെ മലയാളത്തിൽ ചെയ്യുകയുമാണുണ്ടായത്. എന്നാൽ നായികക്ക് വേണ്ടി ജോൺസൻ മാസ്റ്റർ സംഗീതം നൽകി ഒ.എൻ.വി. എഴുതിയ പാട്ടുകളാണ് പിന്നീട് ഗുൽമോഹറിൽ ഉപയോഗിച്ചത്.

അത് മറ്റൊരു കഥ. നായികയുടെ ഹിന്ദി പ്രോജക്ട് നടന്നില്ല. 2011 ൽ നായിക വീണ്ടും ജയരാജ് മലയാളത്തിൽ പൂർത്തിയാക്കിയെങ്കിലും അതിൽ വരുത്തിയ മാറ്റങ്ങൾ കാരണം ദീദി ഇന്നുവരെയും ആ സിനിമ കണ്ടിട്ടില്ല. ഗുൽമോഹറിൽ സംഭവിച്ച ദുരന്തം നായികയിലും ആവർത്തിക്കാൻ സമ്മതിച്ചത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. അതാണ് മലയാള സിനിമ എന്ന ആണിടം. ആണിൻ്റെ അജണ്ടയാണ് കഥയുടെയും തിരക്കഥയുടെയും ഭാവനയുടെയും സ്വപ്നങ്ങളുടെയും എഡിറ്റിങ്ങ് നിർവ്വഹിക്കുന്നത് പിന്നിട്ട 92 വർഷക്കാലമായി ഈ ആണത്തമാണ്. ഏതായാലും 2008 ൽ പിറക്കാതെ പോയ നായികക്ക് പകരം ഗുൽമോഹർ വന്നു എന്നു മാത്രം. 2008 ൽ അന്നത്തെ ഡെപ്യൂട്ടി ഡയറക്ടർ സജിത മഠത്തിൽ ക്യൂറേറ്റ് ചെയ്ത വെള്ളിത്തിരയിലെ സ്ത്രീ എന്ന സ്മൃതി പരമ്പരയിൽ പി.കെ. റോസിയുടെ ഛായാപടമായി പ്രദീപിൻ്റെ പെയിൻ്റിങ് വന്നു. പിന്നീട് വിനു എബ്രഹാമിൻ്റെ നഷ്ടനായിക എന്ന നോവലും കമലിൻ്റെ സിനിമയും റോസിക്കുള്ള സ്മാരകങ്ങളായി വന്നു.

ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ് വിട പറഞ്ഞതിന് ശേഷം അദ്ദേഹത്തിൻ്റെ പാത പിൻതുടർന്ന് മകൻ അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയ ഒരു പഴയ ഫോട്ടോഗ്രാഫ് റോസി ആണ് എന്ന നിശ്ചയത്തിൽ മാതൃഭൂമി പ്രസിദ്ധീകരിച്ചു. അത് 2010 ൽ ആയിരുന്നു എന്നാണ് ഓർമ്മ. തിരുവനന്തപുരത്തെ ഒരു സ്റ്റുഡിയോവിൽ റോസിയുടെ പടം കണ്ടിട്ടുണ്ട് എന്ന് ചിത്രഭൂമിയിൽ എഴുതിരുന്ന കുന്നുകുഴി മണിയെ കാണിച്ചാണ് അത് ഉറപ്പു വരുത്തിയത്. ചേലങ്ങാട്ടിനോടും കുന്നുകുഴി മണിയുടെയുടെയും ഓർമ്മയോട് കേരളം കടപ്പെട്ടിരിക്കുന്നു . ഒരു ശൂന്യത നികത്തി ആ ഇരുളിലേക്ക് വെളിച്ചം വീശിയതിന്. എന്നാലും റോസിക്ക് അവകാശപ്പെട്ട മരണാനന്തര നീതി പൂർത്തിയായിട്ടില്ല. അതിന് മലയാള സിനിമക്ക് ഒരു തൊഴിലിടമെന്ന നിലയിൽ പരാതി പരിഹാര സമിതി ഉണ്ടായേ തീരൂ. മലയാള സിനിമക്ക് പിതാവ് മാത്രം പോര. അത് ജെ. സി. ഡാനിയേലിന് അർഹതപ്പെട്ടത് തന്നെ. മാതാവായി പി.കെ. റോസി അംഗീകരിക്കപ്പെട്ടേ തീരൂ. ഏറ്റവും വലിയ സ്ത്രീ പുരസ്കാരം റോസിയുടെ ഓർമ്മക്കായി ഉണ്ടാകണം. റോസി റോസിയുടെ മരണാന്തര പോരാട്ടങ്ങൾ തുടരട്ടെ .

Leave a Comment