ഒരു ആർട്ടിസ്റ്റ് എത് റോൾ ചെയ്യണമെന്നത് പൂർണ്ണമായും അവരുടെ മാത്രം ചോയ്സാണ്

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ബിനീഷ് കെ അച്യുതൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. അടുത്തിടെ സംവിധായകൻ സിദ്ധിഖ് അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളെ കുറിച്ചാണ് ഈ ആരാധകൻ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ഈയിടെ സഫാരി ചാനലിലെ ” ചരിത്രം എന്നിലൂടെ ” എന്ന പ്രോഗ്രാമിൽ സംവിധായകൻ സിദ്ധിഖ്, ഭാസ്ക്കർ ദ റാസ്ക്കൽ എന്ന തന്റെ സിനിമയിലെ കാസ്റ്റിംഗിനെക്കുറിച്ച് പറയുകയുണ്ടായി.

തെലുങ്ക് നടൻ ചക്രവർത്തി അഭിനയിച്ച റോളിൽ ആദ്യം തീരുമാനിച്ചത് ജയറാമിനെയാണെന്നും എന്നാൽ നെഗറ്റീവ് ഷേഡ് ഉള്ളതിനാൽ അദ്ദേഹം ആ വേഷത്തിൽ നിന്നും പിൻമാറി എന്നാണ് സിദ്ധിഖ് വ്യക്തമാക്കിയത്. ആ വേഷത്തിൽ ജയറാം ആയിരുന്നെങ്കിൽ ആ കഥാപാത്രത്തിന്റെ അധോലോക പശ്ചാത്തലമൊക്കെ മാറ്റിക്കൊണ്ട് അതൊരു ഫാമിലി മെലോഡ്രാമയായി മാറ്റി ചെയ്തേനേ എന്നും സിദ്ധിഖ് കൂട്ടിച്ചേർത്തു. ഒരു ആർട്ടിസ്റ്റ് എത് റോൾ ചെയ്യണമെന്നത് പൂർണ്ണമായും അവരുടെ മാത്രം ചോയ്സാണ്. ആ സ്വാതന്ത്ര്യത്തെ വിലമതിച്ചു കൊണ്ട് തന്നെ ചില അഭിപ്രായങ്ങൾ പറഞ്ഞു കൊള്ളട്ടെ.

jayaram photos 1
jayaram photos 1

ഒരു കാലത്ത് തെലുങ്കിലെ തിരക്കേറിയ നായക നടനായിരുന്നു ജഗപതി ബാബു. അതേ …. നമ്മുടെ ഡാഡി ഗിരിജ തന്നെ. ഏകദേശം 70 ചിത്രങ്ങളിലെങ്കിലും അദ്ദേഹം സോളോ ഹീറോ ആയിരുന്നു. തലമുറ മാറ്റത്തിന്റെ ഭാഗമായി താരമൂല്യം കുറഞ്ഞപ്പോൾ അദേഹം നെഗറ്റീവ്/ കാരക്ടർ റോളുകളിലേക്ക് ചുവട് മാറി. ഫലമോ ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലേയും തിരക്കേറിയ നടനായി ജഗപതി ബാബു മാറി. ഒപ്പം തന്നെ തെലുങ്കിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന വില്ലൻ നടനെന്ന പദവിയും.തമിഴ് ചിത്രമായ സരോജ, തെലുങ്ക് ചിത്രമായ ഭാഗ്മതി എന്നിവയിലെല്ലാം പ്രതിനായകനായി വേഷമിടാൻ മടി കാണിക്കാത്ത ജയറാം എന്ത് കൊണ്ടോ മലയാളികൾ തന്നെ നായക വേഷത്തിൽ മാത്രം കണ്ടാൽ മതി എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്.

jayaram 2
jayaram 2

സമാനമായ പ്രശ്നം റഹ്മാനും ഉണ്ട്. ജോഷി ചിത്രമായ റോബിൻ ഹുഡിൽ ബിജു മേനോന്റെ റോളിലേക്കുള്ള ഫസ്റ്റ് ചോയ്സ് റഹ്മാനായിരുന്നു. നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ താൽപ്പര്യമില്ലാത്തതിനാൽ റഹ്‌മാൻ ആ വേഷം നിരസിക്കുകയും പകരം ബിജു മേനോൻ ആ റോളിലേക്കെത്തുകയും ചെയ്തു. ബിജു അന്നൊക്കെ ധാരാളം നെഗറ്റീവ് റോളുകൾ ചെയ്യുന്ന സമയമാണ്. റഹ്മാൻ ആ കോർപ്പറേറ്റ് വില്ലനെ അവതരിപ്പിച്ചിരുന്നുവെങ്കിൽ ഒരു ഫ്രഷ്നെസ് ഫീൽ ചെയ്തേനെ. ജയറാമിനെ അപേക്ഷിച്ച് റഹ്മാന് ഒരു ഭാഷയിലും നെഗറ്റീവ് വേഷത്തോട് പ്രതിപത്തിയില്ലെന്ന് തോന്നിയിട്ടുണ്ട്.

കെ.എസ്.രവികുമാർ ചിത്രമായ എതിരിയിലെ വില്ലൻ വേഷം ചെയ്യുന്ന സമയത്തെ ഒരു ഇന്റർവ്യൂവിൽ ആ വികാരം റഹ്മാൻ പ്രകടിപ്പിച്ചിരുന്നു. ജയറാമിനും റഹ്മാനും മാതൃകയായി ജഗപതി ബാബു മാത്രമല്ല അരവിന്ദ് സാമി കൂടെയുണ്ട്. ചോക്ലേറ്റ് ഹീറോയായി തിളങ്ങിയതിന് ശേഷം കളം വിട്ട അദ്ദേഹം വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം തനി ഒരുവനിലെ അതിശക്തമായ പ്രതിനായക വേഷം അവതരിപ്പിച്ചു കൊണ്ടാണ് തന്റെ തിരിച്ച് വരവ് ഗംഭീരമാക്കിയത്. സാക്ഷാൽ അമിതാഭ് ബച്ചനു പോലും കാരക്ടർ വേഷങ്ങളിലേക്ക് തിരിഞ്ഞപ്പോഴാണ് വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞതെന്ന് മറക്കരുത്

Leave a Comment