സുനന്ദ നായർ എന്ന കാർത്തികയെ ഓർമ്മ ഇല്ലേ, ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നടി

മലയാളം സിനിമ പ്രേമികൾക്ക് ഏറെ പരിചിതയായ താരം ആണ് കാർത്തിക. വളരെ കുറച്ച് കാലം മാത്രമേ താരം സിനിമയിൽ നിന്നിട്ടുള്ളു എങ്കിലും ആ കാലം കൊണ്ട് ഒരു പിടി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞു. അത് കണ്ട തന്നെ പ്രേഷകരുടെ ഇഷ്ട്ട നായികമാരുടെ ഇടയിൽ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. മോഹൻലാലിനൊപ്പം ജോഡിയായി അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റ് ആയതിനാൽ മോഹൻലാലിന്റെ ഭാഗ്യ നായിക എന്നും കാർത്തിക അറിയപ്പെട്ടു. എന്നാൽ വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം ഇനിയും മടങ്ങി വന്നിട്ടില്ല.

ഇപ്പോഴിതാ കാർത്തികയെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, മലയാള സിനിമ ഒരു പരിണാമ സന്ധിയിൽ നിൽക്കുമ്പോൾ കടന്നു വരികയും ആ മാറ്റത്തിന് സൗരഭ്യം നൽകിക്കൊണ്ട് കുറച്ച് നാൾ തങ്ങിയതിന് ശേഷം ഒരു തെന്നൽ പോലെ കടന്നു പോവുകയും ചെയ്ത നടിയാണ് കാർത്തിക. എന്നെങ്കിലും ഒരിക്കൽ നേരിൽ കാണണമെന്ന് ഞാൻ ആഗ്രഹിച്ച ഏക സിനിമാ താരവും അവർ തന്നെ. തിരുവനന്തപുരം സ്വദേശിനിയായ സുനന്ദ നായർ എന്ന കാർത്തിക1979 – ൽ പി.ചന്ദ്രകുമാറിന്റെ പ്രഭാതസന്ധ്യ എന്ന ചിത്രത്തിലൂടെ ഒരു ബാലതാരമായിട്ടാണ് മലയാള സിനിമയിൽ അരങ്ങേറുന്നത്.

പിന്നീട് 1984 – ൽ ബാലചന്ദ്രമേനോന്റെ ഒരു പൈങ്കിളി കഥ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായും വേഷമിട്ടു. 1985 – ൽ ബാലചന്ദ്രമേനോന്റെ തന്നെ മണിച്ചെപ്പ് തുറന്നപ്പോൾ എന്ന ചിത്രത്തിലൂടെയാണ് കാർത്തിക നായികയാവുന്നത്. തുടർന്നുള്ള രണ്ട് വർഷത്തോളം വൈവിധ്യമാർന്ന ഒട്ടേറ വേഷങ്ങളിലൂടെ അവർ മലയാള സിനിമയിൽ സജീവമായിരുന്നു. കാർത്തികയുടെ കരിയറിനെക്കുറിച്ച് പരാമർശിക്കുമ്പോൾ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു പേരാണ് മോഹൻലാലിന്റേത്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച ജോടികളിൽ ഒന്നായിരുന്നു മോഹൻലാൽ – കാർത്തിക.

മോഹൻലാലിന്റെ ഏറ്റവും നല്ല ജോടിയായി പലരും ശോഭനയെ വിലയിരുത്താറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം കാഴ്ച്ചയിൽ പാർവ്വതിയും അഭിനയത്തിൽ ഉർവ്വശിയുമാണ് മോഹൻലാലിന് ഇണങ്ങുന്ന നായികമാർ. എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോടി മോഹൻലാൽ – കാർത്തിക തന്നെയാണ്. താളവട്ടം, ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ്, ദേശാടനക്കിളി കരയാറില്ല, സൻമനസ്സുള്ളവർക്ക് സമാധാനം, എന്റെ എന്റേതു മാത്രം, ഇവിടെ എല്ലാവർക്കും സുഖം, ജനുവരി ഒരു ഓർമ്മ, ഉണ്ണികളെ ഒരു കഥ പറയാം, കരിയിലക്കാറ്റ് പോലെ, അടിവേരുകൾ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം ഇവർ ഒരുമിച്ചു. ഇതിൽ മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു.

ഭരതൻ, പത്മരാജൻ, ശശികുമാർ, ജേസി, ജോഷി, ഭദ്രൻ, ഫാസിൽ, സത്യൻ അന്തിക്കാട്, കമൽ, പ്രിയദർശൻ, മണിരത്നം, വിജി തമ്പി തുടങ്ങി പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ നായികയാവാൻ കാർത്തികക്ക് കഴിഞ്ഞു. വിവാഹത്തെ തുടർന്ന് കരിയർ ഉപേക്ഷിച്ചു ദീർഘകാലം പൊതുവേദികളിൽ നിന്നും വിട്ടു നിന്ന കാർത്തിക സ്വപുത്രന്റെ വിവാഹ ചടങ്ങുകളിൽ വച്ചാണ് മാധ്യമങ്ങളുടെ കാമറാകണ്ണുകൾക്ക് പിടി കൊടുക്കുന്നത്.

വധുവരൻമാർക്കൊപ്പം വെള്ളിത്തിരയിലെ തന്റെ ഏറ്റവും മികച്ച ജോടിയായ മോഹൻലാലും കൂടെയുള്ള അവരുടെ ഫോട്ടോ നവമാധ്യങ്ങളിൽ വൈറലായിരുന്നു. സമകാലികരിൽ പലരും ചലച്ചിത്ര രംഗത്തേക്ക് മടങ്ങി വന്നിട്ടും കാർത്തിക മാത്രം ആ വഴിക്ക് ചിന്തിക്കുന്നില്ലെന്ന് തോന്നുന്നു. കാർത്തിക അഭിനയിച്ച ചിത്രങ്ങളിലൂടെ ഒരു തിരനോട്ടം

Leave a Comment