ARTICLES

ദൈവത്തിനല്ല, കടിഞ്ഞൂല്‍ കണ്‍മണിയുടെ വരവിന് നന്ദി പ്രകൃതിക്ക്.

മലയാളത്തിലെ ശ്രദ്ധേയനായ യുവതാരമാണ് സിജുവില്‍സണ്‍. നായകന്റെ പിന്നില്‍ നില്‍ക്കുന്ന വേഷങ്ങളില്‍ തുടങ്ങിയ നടന്‍ ഇപ്പോള്‍ തിരക്കുള്ള നായകതാരമായി മാറികഴിഞ്ഞു. വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് സിജുവില്‍സണ്‍ എന്ന നായകതാരം മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയത്. വിനീത് ശ്രീനിവാസന്‍ മലയാളസിനിമയിലേക്ക് പരിചയപ്പെടുത്തിയ നടന്‍ കൂടിയാണ് സിജുവില്‍സണ്‍. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയായിരുന്നു സിജുവില്‍സണ്‍ടെ അരങ്ങേറ്റം. വിനീത് ശ്രീനിവാസന്റേയും ഒരുകൂട്ടം യുവാക്കളുടേയും അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്.

നിവിന്‍പോളി, അജുവര്‍ഗ്ഗീസ് എന്നീ നടന്മാരുടെ വരവറിയിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റായിട്ടാണ് സിജുവില്‍സണ്‍ എത്തിയത്. പിന്നെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിജുവില്‍സണ് ശ്രദ്ധിക്കപ്പെടുന്നൊരു വേഷം കിട്ടിയത്. അല്‍ഫോണ്‍സ് പുത്രേന്റെ ആദ്യചിത്രമായ നേരത്തിലൂടെയായിരുന്നു അത്. നിവിന്‍പോളി നായകനായ സിനിമയില്‍ നായക കഥാപാത്രത്തിന്റെ സുഹൃത്തായിട്ടായിരുന്നു സിജു വില്‍സണ്‍ എത്തിയത്. എന്നാല്‍ ഇതേ ടീമില്‍ നിന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം എത്തിയ പ്രേമത്തിലെ കഥാപാത്രത്തിലൂടെ സിജു വില്‍സണ്‍ ജനപ്രിയനടനായി മാറുകയായിരുന്നു. ജോജോ എന്ന കഥാപാത്രം സിജു വില്‍സണ്‍ടെ എക്കാലത്തേയും ഓര്‍മ്മിക്കപ്പെടുന്ന ഒന്നായി മാറുകയും ചെയ്തു.

എന്നാല്‍ സിജുവില്‍സണ്‍ടെ കരിയറിനെ മാറ്റിയ ചിത്രമായിരുന്നു ഹാപ്പി വെഡ്ഡിങ്. സംവിധായകന്‍ ഒമര്‍ലുലുവിന്റെ ആദ്യ സിനിമ. നായകനായി സിജുവില്‍സണ്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ അത് മലയാളത്തിലെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായി മാറി. ഇപ്പോഴും വലിയ ഫാന്‍ ഫോളോയിങുള്ള ചിത്രങ്ങളില്‍ ഒന്നാണ് ഹാപ്പി വെഡ്ഡിങ്. തുടര്‍ന്ന കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷത്തില്‍ സിജുവില്‍സണ്‍ എത്തി. പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രമായ ആദിയിലെ വില്ലന്‍ കഥാപാത്രമായി എത്തിയതും ഇതേ നടന്‍ തന്നെ ആയിരുന്നു.

ഒരുപാട് നാളത്തെ പ്രണയത്തിന് ശേഷം സുഹൃത്തായ ശ്രുതിയെ സിജുവില്‍സണ്‍ കല്യാണം കഴിച്ചു. ഇപ്പോള്‍ അവരുടെ ജീവിതത്തില്‍ ഒരു പുതിയ അഥിതി കൂടി എത്തിയിരിക്കുകയാണ്. ദമ്പതിമാര്‍ക്ക് ഒരു പെണ്‍കുട്ടി ജനിച്ചിരിക്കുന്നു. സിജു വില്‍സണ്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ വിശേഷം പങ്കുവെച്ചിരിക്കുന്നത്. ഞങ്ങളുടെ പ്രിയപ്പെട്ട പെണ്‍കുഞ്ഞിന്റെ വരവ് നിങ്ങളെ സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ഞങ്ങള്‍ക്ക് ഇന്നലെ കാറ്റും പേമാരിയുടെയും കൂടെ മുംബൈയില്‍ വച്ചു ഒരു പെണ്‍കുഞ്ഞു ജനിച്ചു. പ്രകൃതിക്ക് നന്ദി. ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിന് അടിക്കുറിപ്പായി താരം ഇങ്ങനെ കുറിക്കുകയും ചെയ്തു.

Trending

To Top
error: Content is protected !!