മുതലമട റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് നായികയ്ക്ക് ഡയലോഗ് പറഞ്ഞുകൊടുക്കുന്ന തൊപ്പിക്കാരന്‍

ആദ്യചിത്രമായ പൂച്ചയ്‌ക്കൊരു മൂക്കുത്തി മുതല്‍ മലയാളികളെ ചിരിമഴ നനയിപ്പിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളികളുടെ പ്രിയപ്പെട്ട സിനിമകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കിയാല്‍ ഉറപ്പായും അതില്‍ പ്രിയദര്‍ശന്‍ ചിത്രങ്ങളും ഉണ്ടാകും. ഇന്നത്തെ കാലത്തും പ്രേക്ഷകര്‍ ഏറെ ആസ്വദിച്ച് കാണുന്നവായാണ് ആ സിനിമകള്‍. ചിത്രം, തേന്‍മാവിന്‍ കൊമ്പത്ത്, വന്ദനം, കിലുക്കം, കാക്കക്കുയില്‍, ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം, ധിം തരികിട തോം, മഴപ്പെയ്യുന്നു മദ്ദളം കൊട്ടുന്നു തുടങ്ങി നിരവധി പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ കാലത്തേയും കടന്ന് മുന്നോട്ട് പോയ സിനിമകളാണ്. ആ സിനിമകളിലെ ഓരോ രംഗങ്ങളും പ്രേക്ഷകര്‍ക്ക് മനപാഠമാണ്. ഇപ്പോള്‍ ഹിന്ദിയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹങ്കാമ ടു റിലീസിന് തയ്യാറെടുക്കുകയാണ്. മിന്നാരം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിന്റെ റീമേക്കാണ് ഹങ്കാമ ടു.

പ്രിയദര്‍ശന്‍ സിനിമകളിലൂടെ സഹസംവിധായകരായി സിനിമയില്‍ അരങ്ങേറ്റം നടത്തുകയും പിന്നീട് എല്ലാവരും അറിയുന്ന സിനിമകളുടെ സംവിധായകരായി മാറുകയും ചെയ്തവര്‍ നിരവധിയാണ്. അങ്ങനെയുള്ള മൂന്ന് പേരെ ഒന്ന് പരിചയപ്പെടാം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വെട്ടം എന്ന സിനിമയുടെ ഷൂട്ടിങ് സ്റ്റില്‍ നോക്കിയാല്‍ അതില്‍ പില്‍ക്കാലത്ത് പ്രശസ്തനായ ഒരു നടനെ കാണാം. വെട്ടം സിനിമയുടെ ഷൂട്ടിംങ് മുതലമട റെയില്‍വെ സ്റ്റേഷനില്‍ നടക്കുകയാണ്. സിനിമയില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച രംഗങ്ങളിലൊന്നാണ്. നായകനായി ദിലീപും നായികയായി ഭാവന പാനിയുമാണ്. ദിലീപിന് സീനിനെ കുറിച്ച് വിവരിച്ചുകൊടുക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. രണ്ട് പേരും നല്ല ചിരിച്ച് ആസ്വദിച്ചാണ് സീന്‍ വിവരിക്കുന്നതും കേള്‍ക്കുന്നതും.

അടുത്തായി നായക ഭാവനയ്ക്ക് സീന്‍ വിവരണം നടത്തുകയാണ് വെട്ടത്തിന്റെ സഹസംവിധായകരില്‍ ഒരാള്‍. നീല നിറത്തിലെ ഷര്‍ട്ടും തൊപ്പിയും കണ്ണടയും അയാള്‍ ധരിച്ചിട്ടുണ്ട്. പ്രിയദര്‍ശനൊപ്പം നിരവധി സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ പേര് ശ്രീകാന്ത് മുരളി എന്നാണ്. ആക്ഷന്‍ ഹിറോ ബിജു എന്ന സിനിമയില്‍ വക്കീല്‍ ആയി വരുന്നയാള്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയില്‍ സുരാജിനേയും നിമിഷയും സഹായിക്കുന്ന വക്കീല്‍ ലൂക്കയിലെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായും ഒക്കെ എത്തിയ മലയാളികള്‍ക്ക് ഏറെ പരിചിതനായ നടന്‍ കൂടിയാണ് ശ്രീകാന്ത് മുരളി. വിനീത് ശ്രീനിവാസന്‍ നായകനായ എബി എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായും ശ്രീകാന്ത് മുരളി മാറി.

മറ്റൊരു ഷൂട്ടിങ് സ്റ്റില്ലില്‍ പില്‍ക്കാലത്ത് പ്രശസ്തരായ രണ്ട് സംവിധായകരെ കാണാം. അതില്‍ മോണിറ്ററിന് അരികില്‍ പ്രിയദര്‍ശന്‍ ഇരിപ്പുണ്ട്. അടുത്തായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും. അവര്‍ തമ്മില്‍ എന്തോ സംസാരിക്കുകയാണ്. കുറച്ചപ്പുറം മാറി തൊപ്പി ധരിച്ച് രണ്ട് ചെറുപ്പക്കാര്‍ നില്‍പ്പുണ്ട്. അതില്‍ ഒരാള്‍ പില്‍ക്കാലത്ത് മലയാളത്തിലാണ് സിനിമകള്‍ സംവിധാനം ചെയ്തതെങ്കില്‍ അടുത്തയാള്‍ തമിഴിലെ നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ആയിരുന്നു. ചിത്രത്തില്‍ ക്യാമറയിലേക്ക് നോക്കി നില്‍ക്കുന്ന നീല ഷര്‍ട്ട് ധരിച്ചയാള്‍ സംവിധായകന്‍ എ എല്‍ വിജയ് ആണ്. മദ്രാസിപ്പട്ടണം, ദൈവത്തിരുമകള്‍, താണ്ടവം, തലൈവ, ദേവി, ദിയ തുടങ്ങിയ സിനിമകളുടെ സംവിധായകന്‍. തലൈവി എന്ന ചിത്രമാണ് അടുത്ത റിലീസാകാന്‍ ഇരിക്കുന്ന ചിത്രം. ചിത്രത്തില്‍ വെള്ളഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ചെറുപ്പക്കാരന്‍ സംവിധായകന്‍ ദീപുകരുണാകരന്‍ ആണ്. ക്രേസി ഗോപാലന്‍, കരിങ്കുന്നം സിക്‌സസ്, ഫയര്‍മാന്‍ തുടങ്ങിയ സിനിമകളുടെ സംവിധായന്‍ ആയിരുന്നു പ്രിയദര്‍ശന്റെ സഹസംവിധായകനായിരുന്ന ദീപു കരുണാകരന്‍.