മറ്റ് സംസ്ഥാനങ്ങളില്‍ പോയാല്‍ അതിനുള്ള സാധ്യത കുറയുകയാണ് എന്ന് നിര്‍മ്മാതാവ്

പ്രേക്ഷകര്‍ അമ്പരപ്പോടെ കേട്ട വാര്‍ത്തയായിരുന്നു മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ട് കെട്ട് വീണ്ടും ഒരുമിക്കുന്നു എന്ന വാര്‍ത്ത. ലൂസിഫര്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യാന്‍ ഇരുന്ന സിനിമ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ആയിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധികള്‍ നീണ്ടുപോയപ്പോള്‍ മറ്റൊരു സിനിമയിലേക്ക് പൃഥ്വിരാജ് എത്തിപ്പെടുകയായിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ലാലു അലക്‌സ്, മുരളി ഗോപി, കല്യാണി പ്രിയദര്‍ശന്‍, സൗബിന്‍ ഷാഹിര്‍, മീന, കനിഹ തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്.

ഉടനെ ചിത്രീകരണം ആരംഭിക്കും എന്ന് പ്രഖ്യാപിച്ചെങ്കിലും കേരളത്തില്‍ ഇതുവരെ സിനിമാ ചിത്രീകരണത്തിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയട്ടില്ല. അതുകൊണ്ട് കേരളത്തിന് പുറത്തേക്ക് സിനിമ ചിത്രീകരണം മാറ്റും എന്നാണ് അറിയുന്നത്. നിര്‍മ്മാതാവ് ഷിബു ജി സുശീലന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റും അത് ഉറപ്പിക്കുന്നു. നിര്‍മ്മാതാവ് പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ. കേരളത്തിലെ പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയുടെ സിനിമ ചിത്രീകരണം കേരളത്തില്‍ നിന്ന് പുറത്തേക്ക്.കേരളത്തില്‍ സിനിമ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കാത്തതുകൊണ്ട് പൃഥ്വിരാജ് ഡയറക്റ്റ് ചെയ്യുന്ന സിനിമ ചിത്രീകരണ അനുമതിയുള്ള അയല്‍ സ്‌റ്റേറ്റുകളിലേക്ക് പോകുന്നു. ഇന്ന് രാവിലെ തീര്‍പ്പ് സിനിമയുടെ ഡബ്ബിങ്ങിന് വന്നപ്പോള്‍ പൃഥ്വിരാജ് എന്നോട് പറഞ്ഞതാണ്.

തൊണ്ണൂറ്റിയഞ്ച് ശതമാനം ഇന്‍ഡോര്‍ ചിത്രീകരണം ഉള്ള സിനിമയാണ് പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ട്‌കെട്ടില്‍ ആരംഭിക്കുന്നത്. കേരളത്തിലെ സിനിമ തൊഴിലാളികള്‍ മുഴുപട്ടിണിലാണ്. ഈ സിനിമകള്‍ക്ക് കേരളത്തില്‍ ചിത്രീകരണ അനുമതി നല്‍കിയാല്‍ ഈ തൊഴിലാളികളില്‍ കുറച്ചുപേര്‍ക്ക് ജോലികിട്ടും. മറ്റ് സംസ്ഥാനങ്ങളില്‍ പോയാല്‍ അതിനുള്ള സാധ്യത കുറയുകയാണ്. സിനിമ മന്ത്രിയും നമ്മുടെ മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപ്പെട്ടുകൊണ്ട് നൂറ് പേരെ വെച്ച് സിനിമ ചെയ്യുവാനുള്ള അനുമതി എത്രയുംപ്പെട്ടെന്ന് തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സിനിമ തൊഴിലാളികള്‍ അത്രേയും ബുദ്ധിമുട്ടിലാണ് പ്ലീസ്. നിര്‍മ്മാതാവ് പറയുന്നു.

ശ്രീജിത്ത്, ബിബിന്‍ മാളിയേക്കല്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നിര്‍മ്മാതാവിനെ തേടിയാണ് ഇരട്ട തിരക്കഥാകൃത്തുക്കള്‍ പൃഥ്വിരാജിനടുത്ത് എത്തുന്നത്. എന്നാല്‍ അവരുടെ കഥ കേട്ട പൃഥ്വിരാജ് സംവിധാനം ചെയ്യാന്‍ താല്‍പര്യം അറിയിക്കുകയായിരുന്നു. തിരക്കഥ കേള്‍ക്കുമ്പോള്‍ ആദ്യാവസാനം ചിരിച്ചു എന്നാണ് നടന്‍ പറഞ്ഞത്. വളരെ ചെറിയ കോമഡി സിനിമയാണ് എന്നായിരുന്നു ബ്രോഡാഡിയെ കുറിച്ച് പറഞ്ഞത്. അഭിനന്ദന്‍ രാമാനുജന്‍ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ദീപക് ദേവാണ് സംഗീതം. ലൂസിഫറിന്റെ സംഗീതം നിര്‍വ്വഹിച്ചതും ദീപക് ദേവ് ആയിരുന്നു. വളരെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുകയാണ് ബ്രോ ഡാഡിയ്ക്കായി.