മലയാളികള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത നടിയാണ് സില്‍ക്ക് സ്മിത. മോഹന്‍ലാലിനൊപ്പം സ്ഫടികത്തിലും മമ്മൂട്ടിക്കൊപ്പം അഥര്‍വ്വത്തിലും തിളങ്ങിയ നടി. സില്‍ക്ക് സ്മിത ആദ്യം അഭിനയിച്ച ചിത്രം ഇണയെത്തേടി ആണെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. എന്നാല്‍ അതിനുംമുമ്പ് സ്മിത ഒരു മലയാള ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മേക്കപ്പ്ടെസ്റ്റും, ഫോട്ടോഷൂട്ടും കഴിഞ്ഞതുമാണ്. പക്ഷെ സ്മിതയ്ക്ക് അതില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല. ഐ.വി ശശിയുടെ നിരവധി ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ശേഖര്‍ കാവശ്ശേരി സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന പഞ്ചപാണ്ഡവര്‍ ആണ് ചിത്രം. ബോംബെയില്‍ താമസിക്കുന്ന അഞ്ച് യുവാക്കളുടെയും, അവരുമായി സൗഹൃദത്തിലാകുന്ന ഒരു യുവതിയുടെയും ജീവിതത്തിലെ രസകരമായ സംഭവങ്ങളാണിതിന്റെ പ്രമേയം. അക്കാലത്തെ പ്രമുഖ താരങ്ങളായ രാഘവന്, സുകുമാരന്‍, കുതിരവട്ടം പപ്പു, പൂജപ്പുര രവി എന്നിവര്‍ക്കൊപ്പം അന്ന് വില്ലന്‍ വേഷങ്ങളില്‍ നിന്നും പോസിറ്റീവ് റോളുകളിലേക്ക് ക്രമേണ കടന്നുവരാന്‍ തുടങ്ങിയ ജയനും ഉള്‍പ്പെടെയുള്ള പ്രധാന നടന്മാരെ തീരുമാനിച്ചു.
നായികയായി പുതിയൊരു നടിയെ വേണം. ശേഖര്‍ കാവശ്ശേരിയുടെ ഒരു പരിചയക്കാരന്റെ ശുപാര്‍ശയില്‍ വിജയലക്ഷ്മി എന്ന തെലുങ്കത്തിപ്പെണ്ണ് സംവിധായകനെ കാണാന്‍ വാഹിനി സ്റ്റുഡിയോയിലെത്തി. വാഹിനിയില്‍ എം എ,സ് വിശ്വനാഥന് ഒരു കമ്പോസിംഗ് റൂം ഉണ്ട്. അവിടെ പഞ്ചപാണ്ഡവര്ക്കു വേണ്ടി ശ്രീകുമാരന്‍ തമ്പി എഴുതിയ നിന്റെ ചിരിയോ നീഹാരമണിതന് പുഞ്ചിരിയോ പുലരിയാദ്യം കണ്ടു എന്ന ഗാനത്തിന്റെ കമ്പോസിംഗ് നടക്കുന്നിടത്തേക്കാണ് വിജയലക്ഷ്മി കടന്നുവന്നത്. പേര് മാറ്റണമെന്ന് ഉദ്ദേശിച്ചിരുന്നോ എന്നറിയില്ല, വിജയമാല എന്നാണ് അന്ന് പേര് പറഞ്ഞത്. ഇരുണ്ടനിറമുള്ള ആ നിഷ്കളങ്കയായ പെണ്‍കുട്ടിയെ സംവിധായകന് ഇഷ്ടപ്പെട്ടു. അന്നുതന്നെ മേക്കപ്പ്ടെസ്റ്റ് നടത്തി. ബോംബെയിലെ ഒരു ഹോസ്പിറ്റലില്‍ ജോലിചെയ്യുന്ന ഒരു നേഴ്സ് ആയിട്ടാണ് ഇതിലെ നായികാകഥാപാത്രം.
വിജയലക്ഷ്മിക്ക് നേഴ്സിന്റെ യൂണിഫോം നല്കി ഫോട്ടോഷൂട്ടും നടത്തി.
ചിത്രീകരണം അടുത്തപ്പോഴേക്കും സുകുമാരനും, പപ്പുവും ഒരു മാസത്തോളം ബോംബെയില്‍ തങ്ങാനാവില്ല എന്ന കാരണം പറഞ്ഞുകൊണ്ട് ഈ ചിത്രത്തില്‍ നിന്നും പിന്മാറി. അവര്‍ക്കു പകരമായി ബോംബെ മലയാളി സമാജത്തിലെ അമച്വര്‍ സ്റ്റേജ് ആര്‍ട്ടിസ്റ്റുകളായ ബാലാജി, ചാക്യാര്‍ രാജന് എന്നിവരെ തിരഞ്ഞെടുത്തു. എന്നാല്‍ ഇതിനിടയില്‍ ആന്റണി ഈസ്റ്റ്മാന് എന്ന സംവിധായകന് തന്റെ ആദ്യചിത്രമായ ഇണയെത്തേടി എന്ന ചിത്രത്തിലെ നായികയായി വിജയലക്ഷ്മിയെ കണ്ടെത്തി, സ്മിത എന്നൊരു പുതിയ പേരും നല്കി ഷൂട്ടിംഗ് ആരംഭിച്ചു. ഇണയെത്തേടിയുടെ സെറ്റില്‍നിന്നും പഞ്ചപാണ്ഡവര്ക്കു വേണ്ടി ബോംബെയില്‍ എത്താന്‍ സ്മിതയ്ക്കു കഴിയാതെ വന്നപ്പോള്‍ ഉമാമഹേശ്വരി എന്ന പുതിയൊരു നടിയെ പഞ്ചപാണ്ഡവരിലെ നായികയായി തിരഞ്ഞെടുത്തു. ആ നടിയുടെ പേര് സിനിമയ്ക്കു വേണ്ടി സൗമിനി എന്നു മാറ്റി. ചിത്രീകരണം പൂര്‍ത്തിയായി സെന്സറിംഗും കഴിഞ്ഞെങ്കിലും നിര്‍മ്മാതാക്കള്‍ തമ്മിലുള്ള തര്‍ക്കം മൂലം പഞ്ചപാണ്ഡവര്‍ റിലീസായില്ല.
ഇണയെത്തേടിയും വളരെക്കാലം പെട്ടിയിലിരുന്ന ശേഷം വൈകിയാണ് റിലീസ് ചെയ്തത്. പഞ്ചപാണ്ഡവരില്‍ അഭിനയിക്കാനുളള അവസരം നഷ്ടമായെങ്കിലും പിന്നീട് സ്മിതയ്ക്ക് ആദ്യമായി ഒരു വമ്പന്‍ ബാനറിന്റെയും, സൂപ്പര്‍ സംവിധായകന്റേയും ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം നല്കിയതും പഞ്ചപാണ്ഡവരുടെ സംവിധായകനായ ശേഖര്‍ കാവശ്ശേരി ആയിരുന്നു. അദ്ദേഹം അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ച മഞ്ഞിലാസിന്റെ ബാനറില്‍ എം ഓ ജോസഫ് നിര്‍മ്മിച്ച്,ഐ.വി ശശി സംവിധാനം ചെയ്ത ഇവര്‍ ആയിരുന്നു ആ ചിത്രം.
ഇക്കാലയളവില്‍ തമിഴിലെ വണ്ടിച്ചക്രം എന്ന ചിത്രത്തില്‍ സില്‍ക്ക് എന്ന കച്ചവടക്കാരിയുടെ വേഷം അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെട്ടതോടെ സ്മിതയുടെ പേരിനു മുന്നില്‍ സില്‍ക്ക് എന്ന വിശേഷണം പതിഞ്ഞു. പിന്നീട് ഒന്നര ദശകക്കാലം സില്‍ക്ക് സ്മിത തെന്നിന്ത്യന്‍ സിനിമയില്‍ സമാനതകളില്ലാത്ത നിറഞ്ഞുനിന്നു. റോയി വി റ്റിയാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.