മലയാളി പ്രേക്ഷകരെ ഏറെ ഭയപ്പെടുത്തിയ ചിത്രമായിരുന്നു വെള്ളി നക്ഷത്രം. വിനയന് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയില്‍ പൃഥ്വിരാജ് സുകുമാരനാണ് നായക കഥാപാത്രമായി എത്തിയത്. സിനിമ തിയേറ്ററുകളിലും മിനിസ്ക്രീനിലും വലിയ വിജയമാണ് നേടിയത്. എന്നാല്‍ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പെര്‍ഫോമന്‍സ് ബാലതാരമായി എത്തിയ തരുണി സച്ച്ദേവിന്റെ ആയിരുന്നു. പൃഥ്വിരാജ് കഥാപാത്രത്തിന്റെ മകള്‍ അമ്മുവായിട്ടാണ് തരുണി ചിത്രത്തില്‍ എത്തിയത്. മുംബൈയില്‍ ജനിച്ച് വളര്‍ന്ന തരുണിയുടെ ആദ്യ ചിത്രം കൂടിയായിരുന്നു വെള്ളി നക്ഷത്രം. സിനിമയില്‍ അഭിനയിക്കുമ്പോള്‍ പ്രായം വെറും അഞ്ച് വയസ്സ് മാത്രം.
വെള്ളി നക്ഷത്രത്തിലെ വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ് അമ്മുവിന്റേത്. ഓമനത്വമുള്ളൊരു കുട്ടിവേണം ആ കഥാപാത്രമായി അഭിനയിക്കാന്‍. അങ്ങനെ സംവിധായകനും സംഘവും അതിന് വേണ്ടി തിരച്ചില്‍ ആരംഭിച്ചു. അപ്പോഴാണ് അമിതാഭ്ബച്ചനോടൊപ്പം പരസ്യത്തില്‍ അഭിനയിക്കുന്ന ഒരു കുട്ടിയെ കാണുന്നത്. ഉടന്‍ തന്നെ അമിതാഭ് ബച്ചന്റെ മാനേജരെ വിളിച്ചു. അങ്ങനെയാണ് നിരവധി പരസ്യചിത്രങ്ങളില്‍ അഭിനയിച്ച് തിളങ്ങി നിന്ന തരുണി വെള്ളി നക്ഷത്രത്തിലെ അമ്മുവായി എത്തുന്നത്. രണ്ടോ മൂന്നോ തവണ മലയാളം ഡയലോഗ് പറഞ്ഞ് കൊടുത്താല്‍ മതി. നല്ലത് പോലെ തരുണി പെര്‍ഫോം ചെയ്യുമായിരുന്നു. വലിയ വേഗതയോടെ കറങ്ങുന്ന പ്രൊപ്പലറുകളൊക്കെയാണ് ക്ലൈമാക്സ് സീനില്‍ ഉപയോഗിച്ചത്. അത്തരത്തിലൊരു സംഗതിയില്‍ വര്‍ക്ക് ചെയ്യാന്‍ സീനിയര്‍ താരങ്ങള്‍ക്ക് പോലും പ്രയാസമാണ്.
എന്നാല്‍ ക്ലൈമാക്സ് സീനില്‍ എല്ലാവരേയും അമ്പരപ്പിക്കുന്ന പെര്‍ഫോമന്‍സാണ് തരുണി കാഴ്ചവെച്ചത്. സംവിധായകന് വിനയന് പറഞ്ഞ വാക്കുകളാണ്. തരുണിയുടെ അടുത്ത ചിത്രവും മലയാളത്തില്‍ ആയിരുന്നു. അതും ഇതേ ടീമിനൊപ്പം. വിനയന് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകന് ആയി എത്തിയ സത്യം ആയിരുന്നു ആ സിനിമ. പിന്നെ അമിതാഭ് ബച്ചനൊപ്പം പാ എന്ന ബോളിവുഡ് ചിത്രത്തിലും തരുണി അഭിനയിച്ചു. അഭിതാഭ് ബച്ചന്റെ ക്ലാസ്മേറ്റായി മികച്ച അഭിനയമായിരുന്നു കാഴ്ചവെച്ചത്. എന്നാല്‍ തന്റെ പതിനാലാം വയസ്സില്‍ നേപ്പാളില്‍ വെച്ചുണ്ടായ വിമാനാപകടത്തില്‍ തരുണി മരണപ്പെടുകയായിരുന്നു. മലയാളികള്‍ വളരെ വേദനയോടെ കേട്ട വാര്‍ത്തകളിലൊന്നായിരുന്നു അത്. അത്രയ്ക്ക് പ്രിയപ്പെട്ടവളായിരുന്നു മലയാളികള്‍ക്ക് ആ കുട്ടി.
എന്നാല്‍ പലരും ഇപ്പോള്‍ തരുണിയെ ഓര്‍മ്മിക്കുകയാണ്. പൃഥ്വിരാജിന്റെ പുതിയ ചിത്രം കോള്‍ഡ് കേസ് കഴിഞ്ഞ ദിവസം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയപ്പോള്‍ അതില്‍ പ്രധാന കഥാപാത്രമായിട്ടെത്തിയതും ഒരു കുട്ടിയായിരുന്നു. വെള്ളിനക്ഷത്രം പോലെ ഒരു ഹൊറര്‍ ത്രില്ലറാണ് കോള്‍ഡ് കേസും. അതില്‍ നായികയായി എത്തിയ അതിഥി ബാലന്റെ മകള്‍ ചിന്നൂട്ടിയായിട്ട് എത്തിയത് ബാലതാരം ബേബി അലീനയായിരുന്നു. ഭയപ്പെടുത്തുന്ന അനവധി രംഗങ്ങള്‍ അമ്മയുടെയും മകളുടേയും സീനുകളില്‍ ഉണ്ടായിരുന്നു. പലരും ആ കുട്ടിയെ കണ്ടപ്പോള്‍ വെള്ളി നക്ഷത്രത്തിലെ അമ്മുവിനെ ഓര്‍ത്തു എന്ന് സിനിമാ നിരൂപണങ്ങളില്‍ കുറിക്കുന്നു. എന്നാല്‍ വെള്ളിനക്ഷത്രത്തിലെ അമ്മു തന്നെയാണ് പെര്‍ഫോമന്‍സില്‍ മികച്ച് നിന്നത് എന്നും അവര്‍ പറയുന്നു.