ഒരു പത്ത് ഡിവോഴ്‌സ് എങ്കിലും സമൂഹത്തില്‍ ഉണ്ടാവുന്നെങ്കില്‍ ഞാന്‍ സന്തോഷവാനാണ്

സംവിധായകന്‍ ജിയോബേബി ഒരു ഇന്റര്‍വ്യൂവില്‍ തന്റെ അഭിപ്രായം തുറന്ന് പറയുന്നു. ഞാന്‍ വിചാരിക്കുന്നത് എന്റെ സിനിമ കണ്ടിട്ട് ഒരു പത്ത് ഡിവോഴ്‌സ് എങ്കിലും സമൂഹത്തില്‍ ഉണ്ടാവുന്നെങ്കില്‍ ഞാന്‍ സന്തോഷവാനാണ്. ഇതായിരുന്നു സംവിധായകന്റെ അഭിപ്രായം. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമ ഇറങ്ങിയതിന് ശേഷമാണ് ജിയോബേബി തന്റെ സിനിമയെ പറ്റി ഇത്തരത്തില്‍ ഒരു കാര്യം പറഞ്ഞത്. കാരണം സിനിമയില്‍ ഒരു ശരാശരി ഇന്ത്യന്‍ വീട്ടമ്മ കടന്ന് പോകുന്ന സാഹചര്യങ്ങളും അടുക്കളയില്‍ മാത്രം പുകഞ്ഞ് തീരുന്ന ജീവിതവും വീട്ടിലെ ആണധികാരങ്ങളും ഒക്കെയാണ് ചര്‍ച്ചചെയ്തത്. അതില്‍ നിന്നവള്‍ രക്ഷനേടുന്നത് സ്വതന്ത്രയാകുന്നത് വിവാഹമോചനം നേടിയാണ്. വലിയ വിജയമാണ് ചിത്രം നേടിയത്.

എന്നാല്‍ ആ ഇന്റര്‍വ്യു പോസ്റ്റുകള്‍ക്ക് താഴെ വന്ന കമന്റുകളായിരുന്നു രസകരം. സംവിധായകനെ തെറി വിളിക്കുന്ന മലയാള കുലപുരുഷന്മാരേയും സ്ത്രീകളേയുമാണ് അവിടെ കാണാന്‍ കഴിഞ്ഞത്. നിന്റെ അമ്മയോട് പറയ് ആദ്യം ഡിവോഴ്‌സ് ചെയ്യാന്‍, വിവാഹമോചനം നേടിയിട്ട് അവരെയൊക്കെ നിന്റെ തന്ത കെട്ടുമോ, സമൂഹത്തിന് മാതൃകയാകേണ്ടത് സ്വന്തം ജീവിതത്തിലൂടെയാണ് മറ്റുള്ളവരെ ഡിവോഴ്‌സ് ചെയ്യിക്കാന്‍ നടക്കുന്ന താങ്കള്‍ ആദ്യം സ്വന്തം ഭാര്യയെ ഡിവോഴ്‌സ് ചെയ്യൂ അതല്ലേ ഹീറോയിസം. ഇത്തരത്തില്‍ നൂറ് കണക്കിന് കമന്റുകളാണ് നിറഞ്ഞത്. എന്നാല്‍ ഈ അഭിപ്രായം പറഞ്ഞ പലരും ഇപ്പോള്‍ അത് മാറ്റിപറയുന്നുണ്ടാകാം. കാരണം കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ ഒരു വീട്ടമ്മ ഭര്‍ത്താവിന്റെ പിഡനങ്ങളെ തുടര്‍ന്ന് ജീവനവസാനിപ്പിച്ചത്.

അതിന്റെ കാരണം സ്ത്രീധനമായിരുന്നു. പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ സ്ത്രീധനം ഇപ്പോഴും ഒരു പ്രധാന ഘടകമാണ്. അത് അവകാശമാണെന്ന് കരുതുന്നവരാണ് സമൂഹത്തിലേറെയും. അക്കൂട്ടരാണ് ഇപ്പോള്‍ ഒരാളെ കൂടി ഇല്ലാതാക്കിയിരിക്കുന്നത്. ഭര്‍ത്താവിന്റെ പീഡനം സഹിച്ച് എന്തിനാണ് ആ വീട്ടില്‍ നിന്നത് ഡിവോഴ്‌സ് ചെയ്തൂടാരുന്നോ എന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്. സംവിധായകനെ ഇതേ കാര്യത്തിന് തെറി വിളിച്ചവരും ഇതിലുണ്ടാകും എന്നതാണ് മറ്റൊരു രസകരമായ വസ്തുത. ഡിവോഴ്‌സ് ഒരിക്കലും ഒരു തെറ്റല്ല എന്ന് പറഞ്ഞു പഠിപ്പിക്കണം. അതൊരു സെലൂഷനാണ്. ചോയിസാണ്. സമൂഹം ഡിവോഴ്‌സ് ആയ ആള്‍ക്കാരെ കാണുന്ന രീതിയിലും മാറ്റം വരേണ്ടുന്ന സമയം കഴിഞ്ഞിരിക്കുന്നു.

ഇരുപത് കൊല്ലം മുന്നേ. ഏത്. ഇരുപത് കൊല്ലം മുന്നേ ഇറങ്ങേണ്ടിയിരുന്ന സിനിമ എന്നു പറഞ്ഞു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയെ അധിഷേപിക്കുകയും സംവിധായകന്‍ തന്റെ വിപ്ലവകരമായ നിലപാട് തുറന്ന് അടിക്കുകയും ചെയ്തപ്പോള്‍ കലി പൂണ്ടവരില്‍ കുറച്ചു പേരെങ്കിലും ഇന്നൊരു സംഭവം നടന്നപ്പോള്‍ ഇറങ്ങി പോരണ്ടായിരുന്നോ കുട്ടി എന്നു പറഞ്ഞു വിലപിക്കുന്നുണ്ടാകും കുറഞ്ഞ പക്ഷം ആ കുട്ടിയെ കുറിച്ചോര്‍ത്ത് ഒരു നിമിഷം സങ്കടപ്പെടുകയോ ചെയ്തിട്ടുണ്ടാകും.വിവാഹമോചനങ്ങള്‍ നടക്കട്ടെ. വിലക്ക് വെച്ച വസ്തുവിനെ പോലെ സാരിയുടുത്ത് നിര്‍ത്തിയ മക്കളെ വാങ്ങിച്ചോണ്ടു പോയി പൊറുതി മുട്ടിക്കുമ്പോള്‍ അവന്‍ പോട്ടെ പുല്ല്, നിന്നെ ഞാന്‍ നോക്കില്ലേ മോളെ എന്നു പറയുന്നത് ഒരച്ഛന്റെ അഭിമാനമായി കരുതുക നാണക്കേട് ആയി വിചാരിക്കരുത്. ഇനിയും ഇങ്ങനെ സംഭവിക്കാതിക്കട്ടെ, പകരം വിവാഹമോചനങ്ങള്‍ അന്തസായി നടക്കട്ടെ എന്നു ആഗ്രഹിക്കാം. ജ്യൂവല്‍ എന്നൊരാള്‍ പറഞ്ഞ അഭിപ്രായം ഇങ്ങനെയായിരുന്നു.