സത്യം സിനിമയില്‍ നിന്ന് കോള്‍ഡ്‌കേസ് വരെയുള്ള ദൂരം. ശ്രീകാന്ത് വിജയന്റെ പതിനേഴ് വര്‍ഷങ്ങള്‍

ആമസോണ്‍ പ്രൈമിലൂടെ വേള്‍ഡ് പ്രീമിയറായി എത്തുകയും പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ചിത്രമാണ് കോള്‍ഡ് കേസ്. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനും അതിഥി ബാലനുമാണ് പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നത്. ക്യാമറമാന്‍ ആയിരുന്ന തനു ബാലക് ആദ്യമായി സംവിധായനം ചെയ്യുന്ന ചിത്രം കൂടിയാണ് കോള്‍ഡ് കേസ്. സത്യജിത്ത് എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് പൃഥ്വിരാജ് സിനിമയില്‍ എത്തിയത്. ജേര്‍ണലിസ്റ്റായ മേധ പത്മജയായി അതിഥി ബാലനും. അനില്‍ നെടുമങ്ങാട്, അലന്‍സിയര്‍, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, സുചിത്ര പിള്ള, ആത്മിയ രാജന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ അതിഥി ബാലന്റെ കഥാപാത്രമായ മേധ പത്മജ ജേര്‍ണലിസ്റ്റായി ജോലി നോക്കുന്ന ചാനലിന്റെ മേധാവിയായി വരുന്ന ഒരു കഥാപാത്രമുണ്ട്. ചാനലിന്റെ ഉടമയുടെ മകളെ വിവാഹം ചെയ്ത് അവിടെ എത്തിയതാണ് അയാള്‍. മിടുക്കനായൊരു ചെറുപ്പക്കാരന്‍. സിനിമയില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രവുമാണ് അത്. സസ്‌പെന്‍സുകള്‍ ഒരുപാട് ആ കഥാപാത്രത്തിന് പിറകില്‍ ഉള്ളതുകൊണ്ട് വെളിപ്പെടുത്താനും ആകില്ല. ചാനല്‍ ഡയറക്ടര്‍ ദര്‍ശന്‍ ദേവ് ആയി എത്തുന്നത് നടന്‍ ശ്രീകാന്ത് വിജയന്‍ ആണ്. വളരെ മികച്ച രീതിയില്‍ ആണ് ശ്രീകാന്ത് തന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം കോമ്പിനേഷന്‍ സീനുകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ പലരും കരുതിയത് അതൊരു പുതുമുഖ നടന്‍ ആണ് എന്നായിരുന്നു.

എന്നാല്‍ ചിലര്‍ ആ നടനെ മുന്‍പ് എവിടെയോ കണ്ടിട്ടുള്ളതായി ഓര്‍ത്തെടുത്തു. അത് പതിനേഴ് വര്‍ഷം മുന്‍പുള്ള ഒരു സിനിമയില്‍ ആണ്. അതിലും നായകന്‍ പൃഥ്വിരാജ് തന്നെ. വിനയന്‍ സംവിധാനം ചെയ്ത സത്യം എന്ന ചിത്രത്തില്‍ പോലീസ് ഓഫീസറായി തന്നെയാണ് പൃഥ്വിരാജ് എത്തുന്നത്. അതില്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുന്ന ഒരു കഥാപാത്രം എന്റെ പൊന്നുസാറേ എന്നെ തല്ലല്ലേ എന്ന് പറഞ്ഞ് അടിക്കാന്‍ വരുന്ന പൃഥ്വിരാജിന് മുന്നില്‍ നിന്ന് കരയുന്നുണ്ട്. ആ ഒരു സീനിലാണ് വരുന്നതെങ്കിലും കഥാപാത്രത്തിന്റെ മികച്ച പെര്‍ഫോമന്‍സുകൊണ്ട് എല്ലാവരും ശ്രദ്ധിക്കുന്ന ഒരു കഥാപാത്രമായിരുന്നു അത്. ആ ചെറിയ വേഷത്തില്‍ എത്തിയത് ശ്രീകാന്ത് വിജയനാണ്. സത്യം സിനിമ റിലീസായ വര്‍ഷം രണ്ടായിരത്തി നാല്.

പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം കോള്‍ഡ് കേസ് എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിനൊപ്പം നില്‍ക്കുന്ന കഥാപാത്രവുമായി മടങ്ങി എത്തിയിരിക്കുകയാണ് ശ്രീകാന്ത് വിജയന്‍. എന്റെ സാറേ ഞാന്‍ പണ്ടത്തെ പോലെ അല്ല. വളരെ ഡീസെന്റായി. പൃഥ്വിരാജിനെ പോലൊരു വ്യക്തിയുമായി സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നത് ഒരു അംഗീകാരമായി ഞാന്‍ കാണുന്നു. എന്ന് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ശ്രീകാന്ത് വിജയന്‍ പറയുന്നു. അന്നത്തേയും ഇന്നത്തേയും പൃഥ്വിരാജിന്റെ ലുക്ക് നോക്കാനും ശ്രീകാന്ത് പറയുന്നു. ആളൊരുക്കം എന്ന ചിത്രത്തിലും ഒരു പ്രധാന കഥാപാത്രമായി നടന്‍ എത്തിയിരുന്നു. എംഫോര്‍മാരി, സര്‍ എക്‌സല്‍, ലൂമിനസ് തുടങ്ങിയ കമ്പനികളുടെ പരസ്യചിത്രത്തിലൂടെയും ശ്രീകാന്ത് വിജയന്‍ ശ്രദ്ധേയനാണ്. പത്ത് വര്‍ഷത്തോളമായി ക്യാമറയ്ക്ക് പിന്നിലും സജീവമാണ്.