ഇന്നത്തെ കാലത്ത് ഇത്രയും നാൾ സംവിധാന രംഗത്ത് പിടിച്ച് നിൽക്കുക എന്ന് പറയുന്നത് കുറച്ച് ബുദ്ധിമുട്ടാണ്

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ ബിനീഷ് കെ അച്യുതൻ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇന്നത്തെ കാലത്ത് ഒന്നര ദശാബ്ധത്തിനപ്പുറം ഒരു സംവിധായകന് വിജയങ്ങളോടെ ഫീൽഡിൽ പിടിച്ചു നിൽക്കാൻ കഴിയുന്നത് അപൂർവമാണ്. അവിടെയാണ് ജോഷിയൊക്കെ വ്യത്യസ്തനാകുന്നത്. ആ നിരയിൽ വരുന്ന മറ്റൊരാളാണ് സത്യൻ അന്തിക്കാട്.

ഒരേ റൂട്ടിലോടുന്ന ബസ് എന്ന വിമർശനമേറ്റു വാങ്ങാറുണ്ടെങ്കിലും സത്യൻ അന്തിക്കാട് ചിത്രങ്ങൾക്ക് മലയാളി പ്രേക്ഷകർക്കിടയിൽ ഒരു പൊതു സ്വീകാര്യതയുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിൽ സാധാരണക്കാരന്റെ പ്രശ്നങ്ങൾ പറഞ്ഞു പോകുന്ന പതിഞ്ഞ താളത്തിലുള്ള ചിത്രങ്ങളാണ് അദ്ദേഹം കൂടുതലായും സംവിധാനം ചെയ്തിട്ടുള്ളത്. എങ്കിലും അർത്ഥം, കളിക്കളം, പിൻഗാമി തുടങ്ങിയ ചിത്രങ്ങളിലൂടെ ഇടക്കു വഴിമാറി സഞ്ചരിക്കാനുള്ള ധൈര്യവും സത്യൻ അന്തിക്കാടിന്റെ ഭാഗത്തും നിന്നുമുണ്ടായിട്ടുണ്ട്.

ഡോ. ബാലകൃഷ്ണൻ മുതൽ വി.കെ.എൻ തുടങ്ങിയ പ്രഗദ്ഭരുടെ തിരക്കഥകളെ ആധാരമാക്കി ചിത്രങ്ങൾ എടുത്തിട്ടുള്ള സത്യൻ അന്തിക്കാട്, ജനപ്രീതിയിലേക്കുയരുന്നത് ശ്രീനിവാസന്റെ തിരക്കഥകളിലൂടെയാണ്. ജോൺ പോൾ, ലോഹിതഭാസ് എന്നീ പ്രമുഖ തിരക്കഥാകാരൻമാരുടെ രചനകളും ചലച്ചിത്രമാക്കിയിട്ടുണ്ടെങ്കിലും സത്യൻ അന്തിക്കാട് – ശ്രീനിവാസൻ ടീമിന്റെ ചിത്രങ്ങളാണ് കൾട്ടായി മാറിയിട്ടുള്ളത്. മോഹൻലാലിന്റെ ജനപ്രീതിയുടെയും ആരാധക പിന്തുണയുടെയും പ്രധാന അടിത്തറകളിലൊന്ന് ഈ ടീമിൽ നിന്നും പുറത്ത് വന്ന ചിത്രങ്ങളാണ്. മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം മോഹൻലാലിനാദ്യമായി നേടിക്കൊടുക്കുന്നത് ഇവരുടെ പ്രഥമ ചിത്രമായ ടി.പി. ബാലഗോപാലൻ എം എ യിലൂടെയാണ്.

ഫാമിലി മെലോഡ്രാമയിൽ പെട്ട് ഉഴറിയ മലയാള സിനിമയിൽ മാറ്റത്തിന്റെ ഇളം കാറ്റ് വിശാൻ പര്യാപ്തമാക്കുന്നതായിരുന്നു ഈ ടീമിന്റെ 1986 – ൽ റിലീസ് ചെയ്ത മൂന്ന് ചിത്രങ്ങളും. നാടോടിക്കാറ്റിലൂടെ ദാസനും വിജയനും എന്ന എക്കാലത്തെയും ജനപ്രിയമാർജ്ജിച്ച കോംബോയും ഈ ടീമിന്റെ തന്നെ സംഭാവനയാണ്. എന്നാൽ 1989 – ൽ റിലീസ് ചെയ്ത വരവേൽപ്പിന് ശേഷം ഈ കോംബോ പിന്നീടൊരിക്കലും ഒരുമിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 90 – കൾക്ക് ശേഷം മോഹൻലാൽ ഈ ശ്രേണിയിൽ വരുന്ന ചിത്രങ്ങളിൽ നിന്നും പതിയെ പിൻമാറുകയും തൽസ്ഥാനത്ത് ജയറാം അവരോധിതനാവുകയും ചെയ്തു.

പിന്നീടുള്ള സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ഭൂരിപക്ഷത്തിലും ജയറാമായിരുന്നു നായകൻ. മുകേഷ് നായക വേഷത്തിൽ തിളങ്ങിയ 90 – കളുടെ ആദ്യ പകുതിയിൽ പോലും ഒരു സത്യൻ അന്തിക്കാട് ചിത്രത്തിലെ നായകനാകാൻ അദ്ദേഹം ക്ഷണിക്കപ്പെട്ടില്ല എന്നത് വിചിത്രമായി തോന്നുന്നു. 2000 – ന് ശേഷം മീശ പിരിയൻ പടങ്ങളിൽ പെട്ട് പോയി എയറിലായ മോഹൻലാൽ വിജയപാതയിലേക്ക് തിരിച്ചെത്തിയപ്പോൾ സത്യൻ അന്തിക്കാടുമായി വീണ്ടും സഹകരിക്കേണ്ട സാഹചര്യം സംജാതമായി. ആ കൂട്ടുകെട്ടിൽ നിന്നും പിന്നെയും ധാരാളം ചിത്രങ്ങൾ പിറന്നു. എന്നാൽ 80 – കളിലെ മാജിക് ആവർത്തിക്കാനായില്ല. ശ്രീനിവാസന്റെ തിരക്കഥകളുടെ അഭാവമോ കാലഘട്ടത്തിന്റെ മാറ്റമോ ആകാം കാരണങ്ങൾ.

പുതിയ കാലത്തിൽ പുതിയ നായകൻമാരുമായി സഹകരിക്കുന്ന സംവിധായകനായാണ് സത്യൻ അന്തിക്കാടിനെ പിന്നെ നാം കാണുന്നത്. നിവിൻ പോളി, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, ആസിഫ് അലി തുടങ്ങിയവരോടൊപ്പം സത്യൻ അന്തിക്കാട് തന്റെ വിജയമാവർത്തിച്ചു പോന്നു. 40 വർഷങ്ങൾക്ക് മുമ്പ് ഇന്നേ ദിവസം ( 12.11.1982) കുറുക്കന്റെ കല്യാണം എന്ന സുകുമാരൻ നായക വേഷം ചെയ്ത ചിത്രത്തിലൂടെ സംവിധായകനായി മലയാള സിനിമയിൽ അരങ്ങേറിയ സത്യൻ അന്തിക്കാട് ഇന്ന് ഓടിത്തളർന്ന കുതിരയല്ല. തന്റെ സ്ഥിരം പാതിയിൽ, തനത് ശൈലിയിലും താളത്തിലും അത് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു. തന്റെ കരിയറിൽ 40 വർഷം വിജയകരമായി പിന്നിട്ട സത്യൻ അന്തിക്കാടിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു എന്നുമാണ് പോസ്റ്റ്.

Leave a Comment