എവിടെ നിന്നോ ഒരു മുഴക്കം മാത്രമാണ് രാധാമണി ഇപ്പോള്‍ കേള്‍ക്കുന്നത്. അടുത്ത് തന്നെ നോക്കി നില്‍ക്കുന്ന ഒരുപാട് പേര്‍ ഉണ്ടെന്ന് അവള്‍ക്കറിയാം. എത്ര വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇത്തരത്തിലൊരു ആള്‍ക്കൂട്ടത്തിന് നടുവിലായി താന്‍ നിന്നത്? രാധാമണി അത് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പതിയെ പതിയെ ഒരു കിനാവ് പോലെ ആ ദിവസം അവളുടെ മനസ്സിലേക്ക് തെളിഞ്ഞു വന്നു. മുപ്പത് വര്‍ഷം മുന്‍പുള്ള തന്റെ കല്യാണ ദിവസം. ഹാളിലെ ചെറിയൊരു മുറിയില്‍ ഇരിക്കുകയാണ്. ചേട്ടത്തിമാരും അമ്മായിമാരുമൊക്കെ അടുത്ത് നില്‍പ്പുണ്ട്. അവര്‍ എന്തൊക്കെയോ എന്നോട് ചോദിക്കുന്നുണ്ട്. ടെന്‍ഷന്‍ കാരണം എനിക്കൊന്നും തലയിലോട്ട് കയറുന്നതുമില്ല. ഇടയ്ക്ക് അമ്മ വന്ന് മുഖത്തെ വിയര്‍പ്പൊക്കെ ചെറിയൊരു തുണികൊണ്ട് തുടച്ച് തരുന്നുണ്ട്. അവിടുത്തെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ മുറ്റത്ത് പുളിമരത്തിന് ചുവട്ടിലായി ഒ രു ചെറിയ വിമാനം കണ്ടു. ശരിക്കും വിമാനമാണ്. അവിടെ അത് പ്രദര്‍ശനത്തിന് വെച്ചിരിക്കുകയാണത്രേ. മുന്‍പില്‍ വിമാനമുള്ള ആഡിറ്റോറിയത്തിലാണ് അപ്പോള്‍ എന്റെ കല്യാണം നടക്കാന്‍ പോകുന്നത്.
ഇടയ്‌ക്കെപ്പോഴോ അമ്മ വന്ന് സമയമായി എന്ന് പറഞ്ഞു. പെണ്ണ് കാണാന്‍ വന്നപ്പോഴാണ് ഞാന്‍ ആദ്യമായി ശ്രീകുമാറേട്ടനെ കാണുന്നത്. പക്ഷെ പുള്ളി എന്നെ നേരത്തെ കണ്ടിട്ടുണ്ടത്രേ. ദേവസ്വം ബോര്‍ഡ് സ്‌കൂളിലെ മലയാളം മാഷാണ്. ദേവസ്വം സ്‌കൂള്‍ അങ്ങ് ടൗണിലാണ്. എന്റെ സ്‌കൂള്‍ അതായത് മോഡല്‍ ഗേള്‍സ് യുപിഎസ് വീടിനടുത്ത് തന്നെ. വിമാനമുള്ള ആഡിറ്റോറിയത്തിന് മുന്‍പിലുള്ള വഴിയിലൂടെ നേരെ പോയാല്‍ മതി. വഴി അവസാനിക്കുന്നത് ഗേള്‍സ് സ്‌കൂളിന്റെ ഗേറ്റിന് മുന്നിലാണ്. ഞാന്‍ നാല് വര്‍ഷമായി അവിടെ കണക്ക് ടീച്ചറായി കയറിയിട്ട്. ശ്രീകുമാറേട്ടന്‍ എന്റെ സ്‌കൂളില്‍ എന്തോ ആവശ്യത്തിന് വന്നപ്പോഴാണത്രേ എന്നെ കണ്ടത്. അതാണ് ഈ കല്യാണത്തിലും അവസാനിച്ചത്. രണ്ട് മാഷ്മാര് തമ്മിലുള്ള വിവാഹമാണ് നടക്കാന്‍ പോകുന്നത്. ഞാന്‍ മണ്ഡപത്തിലിരുന്നും നന്നായി വിയര്‍ത്തു. ആള്‍ക്കൂട്ടത്തിന്റെ നോട്ടം മൊത്തം എന്റെ നേരെയാണ്. ശ്രീകുമാറേട്ടന്‍ എന്നെ നോക്കുന്നില്ല എന്നാണ് തോന്നുന്നത്. ഞാനും വേറെയെവിടേയോ നോക്കിയിരുന്ന് എന്തൊക്കെയോ ആലോചിക്കുകയായിരുന്നു. അച്ഛനും മൂത്ത അമ്മാവനും അടുത്ത് നിന്ന് എന്തൊക്കെയോ പറയുന്നുണ്ട്. അത് പോലൊക്കെ ചെയ്തു എന്ന് മാത്രമേ ഓര്‍മ്മയുള്ളൂ. ഇടയ്ക്ക് കഴുത്ത് കുനിച്ച് കൊടുത്തു. താലിയും മാലയും കൂടെ മലയാളം അദ്ധ്യാപകനും ജീവിതത്തിലേക്ക് കയറുകയായിരുന്നു. ഫോട്ടോ എടുക്കാനായി അടുത്ത് നിന്നപ്പോഴും ശ്രീകുമാറേട്ടന്‍ എന്നെ നോക്കുന്നുണ്ടായിരുന്നില്ല. ആരൊക്കെയോ വരുന്നു. അവരോടൊക്കെ സംസാരിക്കുന്നു. കൈയില്‍ ഇരുന്ന നാരങ്ങയില്‍ മുറുകെ പിടിച്ച് ഞാന്‍ നിന്ന് വിയര്‍ത്തു.
പുതിയ വീട്ടിലെത്തി. അവിടെ അമ്മയും അച്ഛനുമുണ്ട്. ശ്രീകുമാറേട്ടന്റെ അച്ഛനും അദ്ധ്യാപകനായിരുന്നു. അമ്മ ബാങ്കിലും. രണ്ട് പേരും റിട്ടേര്‍ഡ് ആയി. ശ്രീകുമാറേട്ടന്‍ നാല് മക്കളില്‍ ഏറ്റവും ഇളയ ആളാണ്. മൂന്ന് സഹോദരിമാരാണുള്ളത്. ചേട്ടത്തിമാരും അവരുടെ കുട്ടികളുമൊക്കെ വന്ന് എന്തൊക്കെയോ വിശേഷങ്ങള്‍ ചോദിക്കുന്നുണ്ട്. ഞാന്‍ ചിരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കണ്ണില്‍ വെള്ളം തടം കെട്ടുന്നുണ്ടെന്ന് മനസ്സ് വിളിച്ച് പറയുന്നുണ്ടായിരുന്നു. ആദ്യമായി വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ഇനി ഇതാണ് വീട്. രാത്രി മുറിയിലേക്ക് ചെല്ലുമ്പോള്‍ ശ്രീകുമാറേട്ടന്‍ മേശയ്ക്കരികില്‍ ഇരുന്ന് എന്തൊക്കെയോ എഴുതുന്നു. ഞാന്‍ കതക് അടച്ച് കട്ടിലില്‍ വന്നിരുന്നിട്ടും ശ്രദ്ധിക്കുന്നതായി ഭാവിച്ചില്ല. കുറച്ച് നേരം അങ്ങനെ ഇരുന്നു. താന്‍ കിടന്നോ, ഞാനീ കണക്കൊക്കെ നോക്കി വരാന്‍ കുറച്ചാകും, ശ്രീകുമാറേട്ടന്റെ ശബ്ദം ഞാന്‍ ആദ്യമായി എനിക്ക് മാത്രമായി കേള്‍ക്കുകയായിരുന്നു. ഞാന്‍ പതിയെ കിടന്നു. പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് വീണു.
ഓണപരീക്ഷയ്ക്ക് ഒരു മാസം മുന്‍പായിരുന്നു കല്യാണം. അതുകൊണ്ട് തന്നെ വളരെ കുറച്ച് ദിവസമേ എനിക്ക് ലീവ് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ശ്രീകുമാറേട്ടന്‍ അടുത്ത ദിവസം മുതല്‍ തന്നെ ജോലിക്ക് പോയി തുടങ്ങിയിരുന്നു. അടുക്കളയിലും മുറ്റത്തുമൊക്കെയായി ആദ്യത്തെ ദിവസം കടന്ന് പോയി. അന്ന് രാത്രി ചെറിയൊരു മഴ പെയ്തു. ഞാന്‍ കുളിച്ചിട്ട് വരികയായിരുന്നു. മുറിയില്‍ വന്നപ്പോള്‍ കട്ടിലില്‍ ശ്രീകുമാറേട്ടന്‍ ഇരിക്കുന്നുണ്ട്. കതക് അടച്ചേക്ക്, ശ്രീകുമാറേട്ടന്‍ പറഞ്ഞു. ഞാന്‍ കതക് അടച്ചു. അടുത്തേക്ക് വരാന്‍ വിളിച്ചു. ഞാന്‍ കൈയില്‍ ഇരുന്ന തുണി കസേരയിലേക്ക് ഇട്ട് കട്ടിലിന് അടുത്തേക്ക് നടന്നു. ശ്രീകുമാറേട്ടന്‍ പതിയെ എന്നെ കൈയില്‍ പിടിച്ച് കട്ടിലിലേക്ക് ഇരുത്തി. കുളിച്ച് വന്നതിന്റെ നനവിനൊപ്പം കഴുത്തിലൂടെ താഴേക്ക് വിയര്‍പ്പിറങ്ങുന്നത് ഞാന്‍ അറിഞ്ഞു. ശ്രീകുമാറേട്ടന്‍ കൈയെത്തി ലൈറ്റ് അണച്ചു. പുറത്ത് പെയ്യുന്ന മഴയിലായിരുന്നു എന്റെ ശ്രദ്ധമുഴുവന്‍. എന്റെ വസ്ത്രങ്ങളോരോന്നും ശരീരത്തില്‍ നിന്ന് വേര്‍പ്പെട്ടു തുടങ്ങി. പുതുമണ്ണിന്റെ മണത്തിനൊപ്പം ശ്രീകുമാറേട്ടന്റെ വിയര്‍പ്പിന്റെ മണവും എന്റെ മൂക്കിലേക്ക് എത്തി. എനിക്ക് പതിയെ വേദന അറിയാന്‍ തുടങ്ങി. ഞാന്‍ എന്റെ മുകളിലെ ശരീരത്തെ തള്ളിമാറ്റാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ ശക്തിയോടെ അത് എന്റെ മുകളിലേക്ക് വീഴുകയായിരുന്നു. അടുത്ത ദിവസം കുളിച്ചപ്പോള്‍ ശരീരത്തില്‍ പലയിടത്തും എനിക്ക് നീറ്റല്‍ അനുഭവപ്പെട്ടിരുന്നു.
ശ്രീകുമാറേട്ടന്‍ അധികമൊന്നും സംസാരിച്ചിരുന്നില്ല. സ്‌കൂളിലേക്ക് ദൂരമുള്ളതുകൊണ്ട് ബസ്സിലാണ് ഞാന്‍ അവിടുന്ന് പൊക്കോണ്ടിരുന്നത്. ബസ്സ് ടിക്കറ്റിനുള്ള കാശ് എന്നും രാവിലെ ടേബിളിന് പുറത്ത് വെച്ചിരിക്കും. കൃത്യമായിരിക്കും അത്. ചില്ലറയില്ലെങ്കില്‍ വൈകിട്ട് വരുമ്പോള്‍ രാവിലെ തന്നതിന്റെ ബാക്കി ചോദിക്കും. കണക്കിന്റേയും കാശിന്റേയും കാര്യത്തില്‍ ശ്രീകുമാറേട്ടന്‍ അങ്ങനെയായിരുന്നു. എന്റെ ശമ്പളം കിട്ടുന്ന് ദിവസം വൈകിട്ട് ശ്രീകുമാറേട്ടന്റെ കൈയില്‍ കൊടുക്കും. സാധനങ്ങളെല്ലാം ശ്രീകുമാറേട്ടന്‍ തന്നെയാണ് വാങ്ങിയിരുന്നത്. എന്റെ ആവശ്യത്തിന് എന്തെങ്കിലും വാങ്ങണമെങ്കില്‍ കാശ് തരും. വൈകിട്ട് ചിലവായതിന്റെ കണക്ക് കൊടുത്താല്‍ മതി. സ്റ്റാഫ് റൂമില്‍ വൈകുന്നേരം ചായയും കടിയും കൊണ്ട് വരും. ഞാന്‍ മാത്രം വാങ്ങില്ല. ഇടയ്‌ക്കെപ്പെഴോ തുണിയും മറ്റും വില്‍ക്കാനായി ഒരു തമിഴ് സ്ത്രീ വരും. ടീച്ചര്‍മാരെല്ലാം സാരി വാങ്ങും. ഞാന്‍ വാങ്ങില്ല. അതിനൊന്നും എനിക്ക് അനുവാദമില്ലായിരുന്നു. അങ്ങനെ ടീച്ചര്‍മാര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും രാധാമണി ടീച്ചര്‍ പിശുക്കിയായി. ആറ് വര്‍ഷത്തിനിടെ ഞാന്‍ രണ്ട് കുട്ടികളുടെ അമ്മയുമായി. ഇളയവന് ഒരു വയസ്സുള്ളപ്പോള്‍ ശ്രീകുമാറേട്ടന്‍ എന്റെ സ്‌കൂളിലേക്ക് ഹെഡ്മാസ്റ്ററായി പ്രമോഷന്‍ കിട്ടി വന്നു. മാസാദ്യം എന്റെ സാലറി ഒപ്പിട്ട് ശ്രീകുമാറേട്ടന് നേരിട്ട് എടുക്കാന്‍ പറ്റി എന്നതാണ് അത്‌കൊണ്ട് ശ്രീകുമാറേട്ടനുണ്ടായ നേട്ടം. എന്റെ ശമ്പളം എത്രയാണെന്ന് ഒരു ധാരണയും എനിക്കില്ലായിരുന്നു.
ഒരു ദിവസം ഇളയവന് പാല്‌കൊടുത്തോണ്ടിരുന്നപ്പോഴാണ് വലത് വശത്ത് സ്തനത്തിന് മുകളില്‍ ഒരു ചെറിയ തടിപ്പ് ഞാന്‍ കണ്ടത്. കൈതൊട്ട് നോക്കിയപ്പോള്‍ ചെറിയ വേദനയുമുണ്ട്. കുറേ നാള് അത് അങ്ങനെ തന്നെയിരുന്നു. രാത്രിയില്‍ കിടക്കുമ്പോള്‍ ചിലപ്പോള്‍ അതികഠിനമായ വേദന തോന്നും. ആരോടും പറയാന്‍ പോയില്ല. അതങ്ങ് മാറുമെന്ന് കരുതി. അമ്മ ഒരിക്കല്‍ മക്കളെ കാണാന്‍ വന്നപ്പോഴാണ് ഞാന്‍ ആകെ കോലം കെട്ട് പോയല്ലോ എന്ന് പറഞ്ഞത്. രണ്ടിന്റേയും പിന്നാലെ കിടന്ന് ഓട്ടമല്ലേ അതുകൊണ്ടാണെന്ന് ഞാനും അമ്മയോട് പറഞ്ഞു. സത്യത്തില്‍ എന്റെ ശരീരം ചെറുതാകുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. ശ്രീകുമാറേട്ടന്‍ അതൊന്നും കണ്ടില്ല എന്ന് തോന്നുന്നു. നീ ഒന്നും കഴിക്കുന്നില്ലേ എന്ന് ഒരിക്കല്‍ ചോദിച്ചതായി ഓര്‍മ്മയുണ്ട്. കൂടെയിരിക്കുന്ന ടീച്ചര്‍മാരൊക്കെ ചോദിച്ചു. പിശുക്കി പിശുക്കി ആഹാരവും പിശുക്കാന്‍ തുടങ്ങിയോ എന്ന്. ഞാന്‍ മറുപടി ഒരു ചിരിയില്‍ ഒതുക്കി.
കണക്ക് പരീക്ഷയുടെ അന്ന് ക്ലാസ്സില്‍ ഡ്യൂട്ടിക്ക് നില്‍ക്കുകയായിരുന്നു. പെട്ടെന്ന് തലകറങ്ങുന്നത് പോലെ തോന്നി. മുന്നിലെ ഡെസ്‌കില്‍ പിടിച്ചെങ്കിലും തറയിലേക്ക് വീണു. കണ്ണടയുമ്പോള്‍ രണ്ട് മക്കളുടേയും മുഖം മനസ്സില്‍ തെളിഞ്ഞു. അതും പതിയെ ഇല്ലാതെയായി. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ ജീവന്‍ ശരീരത്തില്‍ നിന്ന് മാറിപോയിരുന്നു. ക്യാന്‍സര്‍ ആയിരുന്നു എന്നാണത്രേ ഡോക്ടര്‍മാര്‍ വീട്ടുകാരോട് പറഞ്ഞത്. അവരോടൊന്നും പ്രയാസങ്ങള്‍ പറഞ്ഞിരുന്നില്ല എന്ന് ശ്രീകുമാറേട്ടന്‍ ഡോക്ടറോട് പറയുന്നുണ്ടാരുന്നു. ഇപ്പോള്‍ ഈ തണുത്ത പെട്ടിക്കുള്ളില്‍ ഞാന്‍ സമാധാനത്തോടെ കടക്കുകയാണ്. ഇവിടെ കിടന്ന് നോക്കുമ്പോള്‍ എനിക്ക് മുറിയിലെ ഭിത്തിയില്‍ ചാരി നില്‍ക്കുന്ന ശ്രീകുമാറേട്ടനെ കാണാം. ഫോണില്‍ ആരോടെ സംസാരിക്കുകയാണ്. പന്തലിന്റേയോ ആംബുലന്‍സിന്റേയോ വാടകയേ പറ്റി ആയിരിക്കാം. ശ്രീകുമാറേട്ടാ, ഞാന്‍ അസുഖമുണ്ടെന്നും ചികിത്സിക്കണമെന്നും പറഞ്ഞ് ഒരു രൂപപോലും നഷ്ടപ്പെടുത്തിയില്ലല്ലോ എന്ന ലാഭത്തെ കുറിച്ചല്ലേ മനസ്സില്‍ വിചാരിക്കുന്നത്. ഞാന്‍ പറയില്ല. എനിക്ക് അത്രയ്ക്കും പേടി ആയിരുന്നു.
കഥ എഴുതിയത് അതുല്യ ആസാദ്