ലേലത്തിൽ ചാക്കോച്ചി എന്ന സുരേഷ് ഗോപി കഥാപത്രത്തെ അവതരിപ്പിച്ചത് ഓർക്കുന്നുണ്ടോ നിങ്ങൾ ?

ആരാധകരുടെ ഗ്രൂപ്പ് ആയ മൂവി സ്ട്രീറ്റിൽ ലേലം എന്ന ചിത്രത്തിനെ കുറിച്ച് വന്ന ഒരു ആരാധകന്റെ കുറിപ്പാണു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഗോപകുമാർ പുരുഷോത്തമൻ എന്ന യുവാവാണ് ചിത്രത്തിനെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ, “തങ്കച്ചീടെ ഉയിരും മാനോം കെടുത്തി ഊരു വിട്ടു പോയവനെ പുറകെ ചെന്ന് തേടിപ്പിടിച്ചു വേലന്താവളത്തിലിട്ട് കുത്തിമലത്തീട്ട്‌ ആണ്ടിപ്പെട്ടിക്കാരൻ വെറും വീരപാണ്ടി ഹൈറേഞ്ചിലേക്ക് കാട് കേറിയപ്പോ അന്നയാളെ കൊലക്കയറിന് വിട്ടുകൊടുക്കാതെ രക്ഷിച്ചു പിടിച്ചത് കാട്ടിലൊരു പഴയ വാറ്റുകാരനാ.. കള്ളവാറ്റുകാരൻ. വെല്ല സ്മരണയുണ്ടോ വീരപാണ്ടി തേവരെ? മലമ്പനി പിടിച്ചു ചാകാറായ നിങ്ങളേം തോളെ ചുമന്ന് പോലീസിന്റെ കണ്ണ് വെട്ടിച്ചു കാറ്റത്തും മഴയത്തും കാട്ടിലൂടെ പത്തിരുപത് ദിവസം അലഞ്ഞതിന്റെ കഥകൾ എന്റെ അപ്പച്ചന്റെ മടിയിൽ കിടന്ന് കേക്കുമ്പോൾ കുഞ്ഞുനാളിൽ ഈ ചാക്കോച്ചീടെ കണ്ണ് നിറഞ്ഞൊഴികിട്ടുണ്ട് തേവരെ, സ്മരണവേണം സ്മരണ..” സിനിമയുടെ തുടക്കം തന്നെ ചാക്കോച്ചിയെയും സീനിൽ ഇല്ലെങ്കിൽ പോലും ഈപ്പച്ചനെയും പ്രേക്ഷർക്ക് മുന്നിൽ അവതരിപ്പിക്കാൻ ഈ ഒറ്റ രംഗവും സംഭാഷണവും കൊണ്ട് രഞ്ജി പണിക്കർക്കും ജോഷിക്കും സാധിക്കുന്നുണ്ട്. ചാക്കോച്ചിയും സണ്ണിയും തേവരുടെ വീട്ടിൽ ചെന്ന് കയറി അവിടുന്ന് ഇറങ്ങുന്ന ആറു മിനുട്ടോളം വരുന്ന ഭാഗത്ത്‌ നർമ്മമുൾപ്പടെ വൈകാരികതയുടെ പല തലങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ടു പോകുന്നുണ്ട് രഞ്ജി പണിക്കർ തന്റെ എഴുത്തിലൂടെ.

അപ്പച്ചന്റെ കഥ കേട്ട് കണ്ണ് നിറഞ്ഞ ചാക്കോച്ചിയുടെ അതേ മാനസികാവസ്ഥയാണ് പ്രേക്ഷകന്റെയും. ഒന്ന് ചിന്തിച്ചാൽ ഇവിടെ കണ്ണ് നിറയുന്നത് എന്തിനാണെന്ന് ചോദിക്കാം. രഞ്ജി പണിക്കർക്ക് പോലും ഒരു പക്ഷെ മറുപടിയുണ്ടാവില്ല. ഒരു സ്വാർത്ഥതയുമില്ലാതെ മറ്റൊരു മനുഷ്യനെ സഹായിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ഈപ്പച്ചനോടുള്ള ആരാധനയും സ്നേഹവുമായിരിക്കാം ചിലപ്പോൾ. ഇതേ വികാരമായിരിക്കാം കെ.ജി.എഫിൽ റോക്കി ഭായ് ബൺ എടുക്കുമ്പോളും വൃദ്ധനെ രക്ഷിക്കുമ്പോളും കൈവണ്ടി വലിക്കുമ്പോഴും ഒക്കെ പ്രേക്ഷകന് തോന്നുന്നത്. ഇത് കൊണ്ട് രഞ്ജി പണിക്കറും ജോഷിയും നിർത്തുന്നില്ല. ചെക്ക് പോസ്റ്റിൽ വീണ്ടും ചാക്കോച്ചിയുടെ ചരിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നു മരുതിലൂടെ. അതിന് തൊട്ടു മുൻപ് വീണ്ടും സിദ്ദിഖിന്റെ ഹുസ്സൈൻ എന്ന കഥാപാത്രം ആരാണെന്നും എന്താണെന്നും രണ്ട്‌ രംഗങ്ങളിലൂടെ എഴുതി വെയ്ക്കുന്നുണ്ട്. ലോറി താൻ എടുത്തോളാം എന്ന് ചാക്കോച്ചിയോടു ആദ്യം തന്നെ പറയുന്നുണ്ട് ഹുസ്സൈൻ. വേണ്ടന്ന് ചാക്കോച്ചി പറഞ്ഞൊഴിവാക്കുന്നുണ്ടെങ്കിലും വീണ്ടും ഒരു തവണ കൂടെ ഓടി വന്ന് ചാക്കോച്ചിയോട് വണ്ടി ഞാൻ എടുക്കാം എന്ന് പറയുന്ന ഹുസൈനെ ഉപയോഗിച്ച് പ്രേക്ഷകരെ വികാരാധീനരാക്കാൻ രഞ്ജി പണിക്കർക്ക് സാധിക്കുന്നുണ്ട്. സിനിമയിൽ പിന്നീട് ഹുസ്സൈൻ തന്റെ കഥ പറയുന്ന രംഗം സിദ്ധിഖിന്റെ തന്നെ ഏറ്റവും മികച്ച പ്രകടങ്ങളിലൊന്നാണ്. ഈപ്പച്ചന്റെ ബിഷപ്പുമായുള്ള സംഭാഷണമാണ് ഇന്നും ആഘോഷിപ്പെടുന്നതെങ്കിലും തന്നെ പിന്നിൽ നിന്ന് കുത്തിയ ബേബിയോട് കടയാടി കൂട്ടത്തിൽ ആണായിട്ടൊരുത്തൻ ഉണ്ടെന്നാ നിന്നെ ഞാൻ കരുതിയത് ഇങ്ങനെ പുറകിന്നു കുത്തുന്ന ഭീരുവായിട്ടല്ല എന്നും പോയി രക്ഷപെട്ടോ എന്നും ഈപ്പച്ചൻ പറയുമ്പോൾ പ്രേക്ഷകരെ വീണ്ടും ഇതേ വികാരതീവ്രതയിൽ എത്തിക്കുകയാണ് രഞ്ജി പണിക്കരും ജോഷിയും. എം ജി സോമൻ എന്ന അതികായന്റെ പ്രകടനം കുടെയാവുമ്പോൾ മറ്റൊരു തലത്തിലെത്തുകയാണ് ഈ രംഗം.

സോമന്റെ “swan song”-ന് തന്റെ എഴുത്ത് കാരണമായി എന്നത് രഞ്ജി പണിക്കർക്ക് ഒരേ സമയം അഭിമാനവും വേദനയും നൽകുന്നുണ്ടാവാം. ഇവിടെ എഴുത്തും പ്രകടനവും ആവിഷ്കാരവും കൊണ്ട് മാത്രം “മാസ്സ്” രംഗങ്ങൾ സൃഷിടിച്ചവരാണ് രഞ്ജി പണിക്കരും ജോഷിയും സോമനും സുരേഷ്‌ഗോപിയും സിദ്ദിഖുമൊക്കെ. ശ്രദ്ധേയമായ ഒരു പശ്ചാത്തല സംഗീതം പോലും ലേലത്തിന് ഇല്ല. ഏകലവ്യനിലും കമ്മീഷണറിലും കിങ്ങിലും കണ്ട രോഷം മാത്രമല്ല ലോഹിതദാസൊക്കെ കൗരവറിൽ കൊണ്ട് വന്ന വികാരതീവ്രതയും തനിക്ക്‌ വഴങ്ങും എന്ന് കൂടെ രഞ്ജി പണിക്കർ ഇവിടെ തെളിയിച്ചു. മലയാള സിനിമയെ കുറിച്ച് പൊതുവേ പറയുകയാണെങ്കിൽ തന്നെ ജയന് ശേഷം ടി ദാമോദരനും ഐ വി ശശിയും ഡെന്നിസ് ജോസെഫും ജോഷിയും ഭദ്രനും രഞ്ജിത്തും ഷാജി കൈലാസും മമ്മൂട്ടിയും മോഹൻലാലും സുരേഷ്‌ഗോപിയും ഒക്കെ ഒരേ സമയം “ക്ലാസ്സും, മാസ്സും” ഉള്ള ചിത്രങ്ങളും സൃഷ്ടിച്ചത് മറ്റ് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ എഴുത്തിലും അഭിനയിത്തിലും സംവിധാനത്തിലും കൈവരിച്ച മികവ് കൊണ്ട് മാത്രമാണ്.