പ്രിയദർശൻ ഗൗരവമുള്ള വിഷയങ്ങളിലേക്ക് ചുവട് മാറിയത് താളവട്ടത്തോടെ ആണ്

പ്രിയദർശന്റെ സംവിധാനത്തിൽ 1986 ൽ പുറത്തിറങ്ങിയ ചിത്രം ആണ് താളവട്ടം. മോഹൻലാൽ പ്രധാന കഥപാത്രത്തെ അവതരിപ്പിച്ച ചിത്രം തിയേറ്ററിൽ വലിയ വിജയം ആണ് നേടിയത്. മോഹൻലാലിനെ കൂടാതെ മുകേഷ്, നെടുമുടി വേണു, എം ജി സോമൻ, കാർത്തിക, ലിസി തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ബിനീഷ് കെ അച്യുതൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, പ്രിയദർശൻ – മോഹൻലാൽ ടീമിന്റെ സൂപ്പർ ഹിറ്റ് ചിത്രം താളവട്ടം റിലീസായിട്ട് ഇന്ന് 36 വർഷം പിന്നിടുന്നു. 1962 – ൽ പ്രസിദ്ധീകരിച്ച കെൻ കേസെ യുടെ നോവലിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് പ്രിയദർശൻ താളവട്ടത്തിന്റെ രചന നിർവഹിച്ചത്. പ്രിയന്റെയും മോഹൻലാലിന്റെയും കരിയറിലെ ആധികാരിക വിജയമായിരുന്നു താളവട്ടം. സോളോ ഹീറോ എന്ന നിലയിൽ റിലീസ് സെന്ററിൽ റെഗുലർ ഷോയിൽ 100 ദിനം പൂർത്തിയാക്കുന്ന ആദ്യ മോഹൻലാൽ ചിത്രമാണിത്. അതിലുപരി പ്രിയദർശൻ ഗൗരവമുള്ള വിഷയങ്ങളിലേക്ക് ചുവട് മാറുന്നതും ഈ ചിത്രത്തിലൂടെയാണ്.

രാജാവിന്റെ മകനിലൂടെ സൂപ്പർ താര പദവി കൈവരിച്ച മോഹൻലാലിന്റെ താരമൂല്യത്തെ അരക്കിട്ടുറപ്പിക്കും വിധം അത് വരെയുളളതിൽ വച്ചേറ്റവും വലിയ വിജയ ചിത്രമായിരുന്നു താളവട്ടം. മാനസികരോഗ ചികിത്സാ കേന്ദ്രത്തിലെ രോഗിയായ വിനോദ്, എന്ന പ്രേക്ഷകരെ ഒത്തിരി ചിരിപ്പിക്കുകയും അതിലേറെ നൊമ്പരപ്പെടുത്തുകയും ചെയ്ത മോഹൻലാൽ കഥാപാത്രമാണ്. പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടാൻ വിനോദിലൂടെ മോഹൻലാലിന് കഴിഞ്ഞു. നായികയായ കാർത്തികയും ഉപനായികയായ ലിസിയും അവരവരുടെ കരിയറുകളിലെ ഏറ്റവും മികച്ച വേഷങ്ങളായിരുന്നു ഇതിൽ അവതരിപ്പിച്ചത്.

എം ജി സോമന്റെ കരിയറിലെ എണ്ണം പറഞ്ഞ ഒരു കഥാപാത്രമായിരുന്നു താളവട്ടത്തിലെ ഡോ.രവീന്ദ്രവർമ്മ. സ്വന്തം മകളോടുള്ള സ്നേഹത്താലും സ്വാർത്ഥതയാലും ക്രൂരതയുടെ ഏതറ്റം വരെ പോകാനും മടിയില്ലാത്ത ഒരു കഠിന ഹൃദയൻ. നൂറ് കണക്കിന് നെഗറ്റീവ് വേഷങ്ങൾ ചെയ്തിട്ടുള്ള എം ജി സോമന്റെ കരിയറിൽ രവീന്ദ്ര വർമ്മ വേറിട്ടു നിൽക്കുന്ന ഒന്നാണ്. ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്ന നാരായണൻ രസകരമായ ഒരു കഥാപാത്രമായിരുന്നു. ജോലിയിൽ നിന്നും പിരിച്ചു വിടപ്പെട്ട നാരായണൻ തന്നെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്ന അപേക്ഷയുമായി ചെല്ലുന്ന രംഗമൊക്കെ ഇന്നും പ്രേക്ഷകരിൽ ചിരിയുണർത്തുന്ന രംഗങ്ങളാണ്. ജഗതി നാരായണനായി നിറഞ്ഞാടുകയായിരുന്നു.

“രവീന്ദ്രാ തന്നെയും തന്റെ മോളെയും ഈ നാട്ടിലീ നാരായണൻ നാറ്റിച്ചില്ലെങ്കിൽ തന്റെ പേര് തന്റെ പട്ടിക്ക് താനിട്ടോ ” എന്ന ഡയലോഗിന് വരെ പ്രത്യേക ഫാൻ ബേസുണ്ട്. പൂവച്ചൽ ഖാദറിന്റെ വരികൾക്ക് രഘുകുമാർ സംഗീതം നൽകിയ താളവട്ടത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റുകളായി എന്നതിലുപരി ഇന്നും അവ ശ്രോതാക്കളുടെ ഇഷ്ട ഗാനങ്ങളാണ്. എം ജി ശ്രീകുമാറിന്റെ കരിയറിൽ ശക്തമായ ഒരു അടിത്തറയിടാൻ താളവട്ടം ഇടയാക്കി. 1988 – ൽ ” മനസ്സുക്കുൾ മത്താപ്പ് “എന്ന പേരിൽ പ്രഭു നായകനായി താളവട്ടത്തിന്റെ തമിഴ് പതിപ്പ് റിലീസ് ചെയ്തു . അതൊരു വിജയ ചിത്രമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തെ മുൻ നിർത്തി ഏറ്റവും മികച്ച നടനുള്ള സിനിമാ എക്സ്പ്രസ് അവാർഡ് പ്രഭുവിന് ലഭിക്കുകയുണ്ടായി. രണ്ട് പതീറ്റാണ്ടുകൾക്കിപ്പുറം 2005 – ൽ സൽമാൻ ഖാൻ നായകനായി ‘ ക്യോം കി ‘ എന്ന പേരിൽ താളവട്ടത്തിന്റെ ഹിന്ദി പതിപ്പ് പ്രിയദർശൻ സംവിധാനം ചെയ്യുകയുണ്ടായി.

എന്നാൽ ആ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു . എങ്കിൽ തന്നെയും തന്റെ ഇഷ്ട കഥാപാത്രങ്ങളിൽ ഒന്നായിട്ടാണ് ക്യോം കി – യിലെ ആനന്ദിനെ സൽമാൻ ഖാൻ വിലയിരുത്തിയിട്ടുള്ളത്. പൂച്ചക്കൊരു മൂക്കുത്തിയിൽ തുടക്കമിട്ട സ്ലാപ് സ്റ്റിക് കോമഡിയുടെ തുടർച്ചകളായിരുന്നു പിന്നീടിറങ്ങിയ മിക്ക പ്രിയദർശൻ ചിത്രങ്ങളും. ഓടരുതമ്മാവാ ആളറിയാം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, അയൽവാസി ഒരു ദരിദ്രവാസി, ധിം തരികിട തോം, അരം + അരം = കിന്നരം തുടങ്ങിയ തമാശ ചിത്രങ്ങളിൽ നിന്നും പ്രിയദർശൻ കഥാപരമായി വഴി മാറി സഞ്ചരിക്കാൻ ആരംഭിക്കുന്നത് താളവട്ടത്തിലൂടെയാണ്. പ്രേക്ഷകരെ ചിരിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്ത ചിത്രവും കിലുക്കവുമടക്കമുള്ള ചിത്രങ്ങൾക്ക് പ്രിയദർശൻ തുടക്കമിടുന്നത് താളവട്ടത്തിലൂടെയാണ് എന്നത് ഈ ചിത്രത്തെ കൂടുതൽ പ്രസക്തമാക്കുന്നു എന്നുമാണ് പോസ്റ്റ്.

Leave a Comment