താന്‍ എന്ന സംവിധായകനെ സൃഷ്ടിച്ച സുഹൃത്തിനെ കുറിച്ച് താത്വിക അവലോകനം സംവിധായകന്‍

റിലീസിന് മുന്‍പ് തന്നെ പോസ്റ്ററിലൂടെയും ടീസറിലൂടെയും പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഒരു താത്വിക അവലോകനം. സന്ദേശം, വെള്ളിമൂങ്ങ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മികച്ചൊരു രാഷ്ട്രീയ ആക്ഷേപ ഹാസ്യചിത്രമാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ജോജു ജോര്‍ജ്, അജു വര്‍ഗ്ഗീസ്, നിരജ്ഞന്‍ രാജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. രാഷ്ട്രീയ ആക്ഷേപ ഹാസ്യമായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഖില്‍ മാരാര്‍ ആണ്. നിരവധി പുതുമുഖങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. പുതുമുഖവും തന്റെ സുഹൃത്തുമായ പ്രവീണ്‍ സുധാകര്‍ ജലജയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

അഖില്‍ മാരാര്‍ പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ. ഈ പോസ്റ്ററിലെ പുതു മുഖത്തെ നിങ്ങള്‍ക്ക് ഓര്‍മ ഉണ്ടാകും. സംഘത്തിന് വേണ്ടി ഞാന്‍ മരിക്കും. ഒരുപാട് ട്രോളുകളില്‍ നിറഞ്ഞ ഈ രംഗം നിങ്ങളും മറക്കില്ല. എന്റെ സിനിമയിലെ കളരി എന്ന കഥാപാത്രം ചെയ്യുന്നത് എന്റെ സുഹൃത്തും സഹപാഠിയും ഒക്കെ ആയ പ്രവീണ് ആണ്. പ്രവീണ്‍ എങ്ങനെ എന്റെ സിനിമയില്‍ എത്തി എന്ന് നിങ്ങള്‍ അറിയണം. പ്രവീണ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ പത്തോളം ഷോര്‍ട്ട് ഫിലിമില്‍ കേന്ദ്ര കഥാപാത്രമായി അഭിനയിച്ചിരുന്നു. എനിക്കതില്‍ പ്രവീണിന്റെ അഭിനയം അത്ര മികച്ചതായി തോന്നിയിട്ടില്ല എന്ന് ഞാന്‍ എന്റെ അഭിപ്രായം അവനോട് പറഞ്ഞിരുന്നു. രണ്ടായിരത്തി എട്ടില്‍ കപ്പലില്‍ ജോലിക്ക് കയറിയ പ്രവീണും ഞാനും സ്‌കൂള്‍ കാലത്തിനു ശേഷം പിന്നീട് കാണുന്നത് രണ്ടായിരത്തി പന്ത്രണ്ടില്‍ ആണ്.

ഞാന്‍ എഴുതിയ അന്നത്തെ ഒരു തിരക്കഥ വായിച്ച ശേഷം എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത പ്രവീണ്‍ ആ തിരക്കഥ പുസ്തകം ആക്കി മാറ്റുന്നതിന് ചെറിയ സാമ്പത്തിക സഹായവും ചെയ്തു. സത്യത്തില്‍ ആ സമയം തൊണ്ണൂറ്റിയൊന്‍പത് ശതമാനം സുഹൃത്തുക്കളും പുശ്ചതോടെയും പരിഹാസത്തോടെയും എന്റെ സിനിമ സ്വപ്നങ്ങളെ കണ്ട സമയം ഞാന്‍ സിനിമയില്‍ എത്തും എന്ന് വിശ്വസിച്ചവന്‍ കൂടിയാണ് പ്രവീണ്‍. അന്ന് മുതല്‍ സമയം ഉള്ളപ്പോഴൊക്കെ ഞങ്ങള്‍ മണിക്കൂറുകള്‍ സിനിമയെ കുറിച്ചു ഫോണില്‍ സംസാരിക്കും. ഇതിനിടയില്‍ പ്രേമം സിനിമയില്‍ അവന് മുഖം കാണിക്കാനുള്ള അവസരം കിട്ടി. സത്യത്തില്‍ അപ്പോഴാണ് അവന് സിനിമയോടുള്ള പാഷന്റെ ആഴം ഞാന്‍ തിരിച്ചറിയുന്നത്. ആള്‍ക്കൂട്ടത്തില്‍ തന്റെ മുഖം സൂം ചെയ്തു എന്നെ കാണിച്ചിട്ട് അതില്‍ അവന്‍ അഭിമാനിക്കുന്നു. അതേ സത്യമാണ് സിനിമ എന്ന മായിക ലോകത്തില്‍ വളരെ ചെറുത് എന്ന് സമൂഹത്തിനു തോന്നുന്നത് ഇവര്‍ക്ക് ഏറെ വലുതാണ്.

ബോംബെയില്‍ ലോകത്തിലെ തന്നെ ഒരു മികച്ച ഷിപ്പിംഗ് കമ്പനിയുടെ ഹെഡ് ഓഫീസില്‍ നല്ല ജോലി ഉള്ളപ്പോഴും പ്രേമം സിനിമയിലെ ജൂനിയര്‍ ആര്ടിസ്‌റ് ആയി അഭിനയിക്കാന്‍ അവന്‍ ഇരുപത് ദിവസം ലീവ് എടുത്തു നാട്ടില്‍ വന്നു നിന്നു. പിന്നീട് രണ്ടായിരത്തി പത്തൊമ്പതിന്റെ ആദ്യം ഞാന്‍ മാനസികമായും സാമ്പത്തികമായും ഏറെ തകര്‍ന്നു. ജീവിതം ഇനി വേണ്ട എന്ന നിലയില്‍ കൊച്ചിയിലേക്ക് യാത്ര തിരിക്കുന്നു. മരണം മാത്രം മുന്നില്‍ കണ്ട് ഞാന്‍ മുന്നോട്ട് പോകുന്ന ആ സമയം എനിക്ക് പ്രതീക്ഷ തന്നും എല്ലാ മാസവും സാമ്പത്തികമായി സഹായിച്ചും പ്രവീണ്‍ എന്റെ കൂടെ നിന്നു. അങ്ങനെ അവന് സിനിമയില്‍ അഭിനയിക്കാന്‍ അവന്‍ ഒരു സംവിധായകനെ സൃഷ്ടിച്ചെടുത്തു. എന്റെ കൂട്ടുകാരനും എന്നെ സഹായിച്ച എന്റെ ആത്മാര്‍ഥ സുഹൃത്തുക്കളില്‍ ഒരാള്‍ ആയിട്ടും കൃത്യമായ സ്‌നേഹവും ബഹുമാനവും തന്നാണ് പ്രവീണ്‍ ഷൂട്ടിങ് സെറ്റില്‍ നിന്നത്. ഒരിക്കല്‍ പോലും ഞാനും അവനും തമ്മിലുള്ള അടുപ്പം സെറ്റില്‍ അവന്‍ ഉപയോഗിച്ചില്ല. സിനിമയില്‍ ആരെ കൂടെ നിര്‍ത്തണം എന്ന് എനിക്ക് വ്യക്തമായി അറിയാം എന്ന് അവനറിയാം. സിനിമ അനൗന്‍സ് ചെയ്തപ്പോള്‍ കൂടെ കൂടിയവര്‍ ധാരാളം ഉണ്ട്. പ്രവീണ്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി എന്നെ സൃഷ്ടിക്കാന്‍ കൂടെ നില്‍ക്കുവാരുന്നു. ഇത് വെറുമൊരു കാരക്ടര്‍ പോസ്റ്റര്‍ മാത്രമല്ല ഇനിയങ്ങോട്ട് നി മലയാള സിനിമയില്‍ ഉണ്ടാവും എന്ന ഉറപ്പ് കൂടിയാണ്.