പ്രിയ സംവിധായകന്‍ കെജി ജോര്‍ജിന്റെ മകള്‍ താരാ ജോര്‍ജ് നിസ്സാരക്കാരിയല്ല.

വിഖ്യാത ചലച്ചിത്രകാരന്‍ കെജി ജോര്‍ജിന്റേയും സെല്‍മയുടേയും രണ്ട് മക്കളില്‍ ഒരാളാണ് താരാ ജോര്‍ജ്. ഏഴ് വര്‍ഷത്തോളം എമിറേറ്റ്‌സിന്റെ ക്യാബിന്‍ ക്രൂ മെമ്പറായിരുന്നു താര ജോര്‍ജ്. അതിന് ശേഷമാണ് താരയുടെ ജീവിതത്തില്‍ വലിയൊരു മാറ്റം സംഭവിക്കുന്നത്. ഖത്തര്‍ എന്ന രാജ്യത്തിന്റെ മുതലാളി എന്നൊക്കെ വിളിക്കാവുന്ന ഖത്തര്‍ എമീറിന്റെ റോയല്‍ ഫ്‌ളൈറ്റിലെ ക്യാബിന്‍ ക്രൂ മെമ്പറായി വലിയൊരു അവസരം താരയ്ക്ക് മുന്നിലേക്ക് എത്തി. അതായത് ഷെയ്ഖ് എവിടെയൊക്കെ പോകുന്നോ അവിടെയൊക്കെ പോകാനും അവരുടെ കുടുംബാംഗങ്ങളോടൊപ്പം സഞ്ചരിക്കാനും പിന്നീടുള്ള ഏഴര വര്‍ഷം താരയ്ക്ക് കഴിഞ്ഞു. ഈ ഒരു കാലയളവില്‍ താരജോര്‍ജിന് ലോകം മുഴുവന്‍ സഞ്ചരിക്കാനുള്ള വലിയൊരു ഭാഗ്യമുണ്ടായി എന്ന് പറയാം.

യാത്രികനും വ്‌ളോഗറുമായ ബൈജു എന്‍ നായരുമായി നടത്തിയ സംഭാഷണത്തില്‍ താര തന്റെ അനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി. ക്യാബിന്‍ ക്രൂ മെമ്പറായ കഥ താര പറയുന്നത് ഇങ്ങനെ. സ്വപ്‌നത്തില്‍ പോലും ഞാനൊരു ക്യാമ്പിന്‍ ക്രൂ മെമ്പറാകുമെന്ന് വിചാരിച്ച ആളല്ല. എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു പൈലറ്റ് ആകണമെന്നായിരുന്നു. ഞാന്‍ അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ചെയ്തു. എന്‍ട്രന്‍സ് എക്‌സാം എഴുതി. എയര്‍ഫോഴ്‌സില്‍ പോയി ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു. എന്നാല്‍ പ്രാക്ടിക്കല്‍ ടെസ്റ്റ് ഞാന്‍ മിസ്സ് ചെയ്തു. അതുകൊണ്ട് എനിക്ക് ഇനി എയര്‍ഫോഴ്‌സിലേക്ക് അപ്ലെ ചെയ്യാന്‍ കഴിയില്ല. കാരണം അത് ജീവിതത്തില്‍ ഒരു തവണ മാത്രം കിട്ടുന്ന അവസരമാണ്. ഇതൊക്കെ നടക്കുന്നത് ഞാന്‍ ഡിഗ്രി കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ്. രണ്ടായിരത്തി രണ്ടില്‍.

അത് കഴിഞ്ഞ് ഞാന്‍ എന്ത് ചെയ്യുമെന്നറിയാതെ എയര്‍ഫോഴ്‌സില്‍ കിട്ടാത്തതിന്റെയൊക്കെ വിഷമത്തില്‍ നില്‍ക്കുകയായിരുന്നു. ആ സമയത്താണ് ദുബായ് ഷോപ്പിംങ് ഫെസ്റ്റിവലിലേക്ക് ഒരു മൂന്ന് മാസം പോകുന്നത്. അവിടെ എന്റെ ലോക്കല്‍ ഗാര്‍ഡിയനായിരുന്ന അച്ഛന്റെ ഫ്രണ്ട് അവിടുത്തെ ഗള്‍ഫ് എയറിന്റെ എയര്‍പോര്‍ട്ട് മാനേജര്‍ ആയിരുന്നു. അങ്കിളാണ് എന്നോട് പറയുന്നത് എന്തുകൊണ്ട് താരയ്ക്ക് എമിറേറ്റ്‌സില്‍ ട്രൈ ചെയ്തൂടാ എന്ന്. എന്റെ പേഴ്‌സണാലിറ്റിക്ക് കാബിന്‍ ക്രൂ മെമ്പറാകാനൊക്കെ പറ്റുമെന്ന് അങ്കിള്‍ പറഞ്ഞു. അങ്ങനെ അങ്കിളിന് വേണ്ടിയാണ് ഞാന്‍ എമിറേറ്റ്‌സിലേക്ക് അപ്ലെ ചെയ്യുന്നത്. എന്നാല്‍ എനിക്കാ ജോലി കിട്ടി. എങ്കില്‍ ഒന്ന് ട്രൈ ചെയ്ത് നോക്കാമെന്ന് വെച്ചു. അങ്ങനെ ഏഴ് വര്‍ഷത്തോളം അവിടെ ജോലി ചെയ്തു. അവിടുത്തെ ഏറ്റവും ഉയര്‍ന്ന പൊസിഷനിലും എത്തി.

ഖത്തര്‍ രാജാവിന്റെ റോയല്‍ ഫ്‌ളൈറ്റിലെ അനുഭവവും താര പറയുന്നു. ഖത്തര്‍ റോയല്‍ ഫ്‌ളൈറ്റിലെ ജോലി ഇങ്ങോട്ട് എന്നെ തേടി വരുവായിരുന്നു. ഒരു ഏജന്‍സി മെയില്‍ അയച്ചാണ് ആവശ്യപ്പെട്ടത്. ഇന്റര്‍വ്യു അറ്റന്‍ഡ് ചെയ്തു. കിട്ടുമെന്ന് പ്രതീക്ഷയൊന്നുമില്ലായിരുന്നു. പക്ഷെ പിന്നെ അവര്‍ എനിക്ക് സെലക്ഷന്‍ കിട്ടിയ കാര്യം അറിയിച്ചപ്പോള്‍ എനിക്ക് വലിയ സന്തോഷമായി. വലിയ കോണ്‍ഫിഡന്‍ഷ്യാലിറ്റിയുള്ള ജോലിയായിരുന്നു അത്. എവിടെ പോകുന്നു ആരെ കാണാന്‍ പോകുന്നു എന്നൊന്നും ആരോടും പറയാന്‍ പാടില്ല. സോഷ്യല്‍ മീഡിയയില്‍ പോലും ഒന്നും പങ്കുവെക്കരുത്. കാരണം ലോകത്തിലെ തന്നെ ടാര്‍ജറ്റഡ് ആയിട്ടുള്ള ആള്‍ക്കാരാണ് ഫ്‌ളൈറ്റില്‍ ഒപ്പമുള്ളത്. എന്നാല്‍ അതൊരു ഫാമിലി പോലെയായിരുന്നു. എമീറൊക്കെ എന്ന് പേരായിരുന്നു വിളിച്ചിരുന്നത്. അത്രക്ക് ഫ്രണ്ട്‌ലി ആയിരുന്നു എല്ലാവരുമായി. എമിറേറ്റിസില്‍ വെച്ച് അമ്പതോളം രാജ്യങ്ങളില്‍ പോയിരുന്നുവെങ്കില്‍ ഇവിടെ എത്തിയപ്പോള്‍ തൊണ്ണൂറിന് മുകളില്‍ രാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ പറ്റി. ഫോറിന്‍ മിനിസ്‌റ്റേഴ്‌സിനൊപ്പം ചെറിയ രാജ്യങ്ങളിലെ റിമോട്ട് ഏരിയാസില്‍ പോലും പോകാന്‍ പറ്റി. നമ്മളൊക്കെ ടിക്കറ്റെടുത്ത് പോകാന്‍ പോലും പറ്റാത്ത സ്ഥലങ്ങളൊക്കെയാകും അവ. അവിടെയൊക്കെ പോകാന്‍ പറ്റി എന്നതാണ് വലിയ കാര്യമായി കരുതുന്നത്. മുപ്പത്തിയഞ്ച് ദിവസമാണ് എന്റെ ലൈഫിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫ്‌ളൈറ്റ് യാത്ര. ദോഹയില്‍ നിന്ന് വിട്ട് അത്രയും സമയം ഏകദേശം ഭൂമി മുഴുവന്‍ ചുറ്റിയാണ് തിരിച്ചെത്തിയത്. താര പറയുന്നു.