ഓപ്പറേഷന്‍ ജാവയുടെ റ്റൈറ്റില്‍ കാര്‍ഡിനു പിന്നിലെ മധുരപ്രതികാര കഥ

കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് ദുരിതത്തിലായ തീയേറ്റര്‍ മേഖലയ്ക്ക് വലിയൊരു ആശ്വാസം നല്‍കിയ ചിത്രമായിരുന്നു ഓപ്പറേഷന്‍ ജാവ. മുന്‍നിരയിലുള്ള താരങ്ങളൊന്നുമില്ലാതിരുന്നിട്ടുകൂടി വലിയ വിജയമാണ് സിനിമ തീയേറ്ററുകളില്‍ നേടിയത്. പുതുമയുള്ള കഥയും മികച്ച തിരക്കഥയും അഭിനേതാക്കളുടെ പ്രകടനവുമാണ് സിനിമയ്ക്ക് അത്തരത്തിലൊരു വിജയം സമ്മാനിച്ച്. നവാഗതനായ തരുണ്‍ മൂര്‍ത്തിയാണ് സിനിമയുടെ തിരക്കഥയും സംവിധാനവും. ബാലു വര്‍ഗ്ഗീസ്, ലുക്ക്മാന്‍, ഇര്‍ഷാദ്, ബിനുപപ്പു എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സൈബര്‍സെല്‍ പോലീസുകാരുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളായിരുന്നു സിനിമയുടെ ഇതിവൃത്തം.

ഇപ്പോള്‍ സീഫൈവിലൂടെ ഒറ്റിറ്റി റിലീസായി ചിത്രം എത്തുമ്പോള്‍ വീണ്ടും ഓപ്പറേഷന്‍ ജാവ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുകയാണ്. സിനിമയില്‍ ഏറെ കൗതുകം ജനിപ്പിക്കുന്ന ഒന്നായിരുന്നു റ്റൈറ്റില്‍ കാര്‍ഡുകള്‍. മുന്‍പൊരു സിനിമകള്‍ക്കും കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ ചില റ്റൈറ്റില്‍ കാര്‍ഡുകള്‍ ഓപ്പറേഷന്‍ ജാവയില്‍ കാണാന്‍ കഴിഞ്ഞിരുന്നു. ചിലരോട് സോറി പറയുന്നു എന്ന തലക്കെട്ടില്‍ വന്ന റ്റൈറ്റിലുകളാണ് അതില്‍ ശ്രദ്ധേയമായത്. സ്‌ക്രീന്‍ ടെസ്റ്റില്‍ റിജക്ടായവരോട് ക്ഷമചോദിക്കുന്നു എന്നായിരുന്നു അതില്‍ ഒന്ന്. ആദ്യമായിട്ടാണ് അങ്ങനെയൊരു ക്ഷമാപണം സിനിമയുടെ റ്റൈറ്റില്‍ കാര്‍ഡില്‍ വരുന്നത്. ഏതെങ്കിലും തരത്തിലുള്ള സോറി റ്റൈറ്റിലുകളില്‍ വന്നിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്.

എന്നാല്‍ ഇങ്ങനെയൊരു റ്റൈറ്റില്‍ നല്‍കിയതിന് പിന്നില്‍ മറ്റൊരു കഥകൂടിയുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. അഭിനയമോഹവുമായി നടന്ന ചെറുപ്പക്കാരനായിരുന്നു തരുണ്‍ മൂര്‍ത്തി. നിരവധി ഷോര്‍ട്ട്ഫിലിമുകളില്‍ നായകനായി അഭിനയിക്കുകയും ആക്ടിംങ് വര്‍ക്ക്‌ഷോപ്പുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. സിനിമയില്‍ ചാന്‍സൊന്നും കിട്ടാതെ വന്നപ്പോള്‍ തനിക്ക് തന്നെ അഭിനയിക്കാന്‍ എഴുതിയ തിരക്കഥയാണ് ഓപ്പറേഷന്‍ ജാവയുടേതെന്നും പറയപ്പെട്ടിരുന്നു. എന്നാല്‍ മറ്റൊരു സിനിമയുടെ ഓഡിഷനുപോയി നിരാശനായി വന്നൊരു കഥയും ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനായി എത്തിയ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്ന സിനിമയുടെ ഓഡിഷനില്‍ തരുണ്‍ മൂര്‍ത്തി പങ്കെടുത്തിരുന്നു.

എന്നാല്‍ അതില്‍ തരുണ്‍ സെലക്ടായില്ല. പക്ഷെ വെറും ഒന്നരവര്‍ഷത്തിന് ശേഷം സ്വന്തം പടവുമായി തരുണ്‍ മൂര്‍ത്തി എത്തി. ഇങ്ങനെ തഴയപ്പെട്ട ഒരാളാണ് താനെന്നും അതുകൊണ്ട് തന്നെ അവരെയൊന്നും നിസ്സാരക്കാര്‍ ആയി കാണരുതെന്നുമാണ് സംവിധായകന്‍ പറയുന്നതെന്നാണ് മനസ്സിലാക്കാന്‍ പറ്റുന്നത്. ഇത്തരം ഘട്ടങ്ങളില്‍ ഒഴിവാക്കപ്പെടേണ്ടി വരുന്നവരൊക്കെ നേരം പുലരുമ്പോഴേക്ക് ആരായിത്തീരും എന്ന് ഒരുറപ്പും പറയാന്‍ പറ്റില്ലെന്ന സ്വന്തം അനുഭവത്തില്‍നിന്നാണ് ഈ നന്ദി പറച്ചില്‍ എന്ന് മനസ്സിലാക്കാം. ആരെയും ചെറുതായി കാണരുതെന്ന കാഴ്ചപ്പാട്. അര്‍ജന്റീന ഫാന്‍സില്‍ പുള്ളിക്കാരനെ തഴഞ്ഞ അതേ കാസ്റ്റിങ് ഡയറക്ടറെത്തന്നെ ഓപ്പറേഷന്‍ ജാവയുടെ കാസ്റ്റിങ് ഡയറക്ടര്‍ ആക്കുകയും ചെയ്തു അദ്ദേഹം. അങ്ങനെയും ഒരുമറുപടി സംവിധായകന്‍ കൊടുത്തു.