പ്രിയന്‍ സര്‍ റിട്ടയര്‍ ചെയ്യും എന്ന് സര്‍ സ്വയം തീരുമാനം എടുക്കരുത്

ക്ലബ്ബ് ഹൗസ്സ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് രണ്ട് തലമുറ സിനിമാക്കാരുടെ ഒത്തുചേരലിനായിരുന്നു. പ്രിയദര്‍ശനും മണിയന്‍പിള്ള രാജുവും നന്ദുവും ശങ്കറും മേനകാ സുരേഷും ഉള്‍പ്പെടുന്ന തൊണ്ണൂറുകളിലെ സൂപ്പര്‍ഹിറ്റ് സിനിമാക്കാരും പിന്നെ ജോജു ജോര്‍ജും ചെമ്പന്‍ വിനോദും കീര്‍ത്തി സുരേഷുമൊക്കെ ഉള്‍പ്പെടുന്ന പുതിയ തലമുറയിലെ താരങ്ങളും. എല്ലാവരും വളരെ ആവേശത്തോടെയാണ് വിശേഷങ്ങള്‍ പങ്കുവെച്ചതും അനുഭവങ്ങള്‍ പറഞ്ഞതും. കേട്ടിരുന്ന പ്രേക്ഷകര്‍ക്കും അതൊരു സിനിമ കണ്ട പ്രതീതി ഉണ്ടാക്കി. ക്ലബ്ബ് ഹൗസ്സില്‍ ഇതുവരെയുണ്ടായ ഏറ്റവും മികച്ച കൂടിചേരല്‍ ആയിരുന്നു ഇതെന്നാണ് എല്ലാവരുടേയും അഭിപ്രായം. പൂച്ചയ്‌ക്കൊരു മൂക്കുത്തി റീയൂണിയന്‍ എന്നായിരുന്നു ക്ലബ്ബ് ഹൗസ്സ് റൂമിന്റെ പേര്.

നിര്‍മ്മാതാവ് സന്ദീപ് സേനന്‍ ആണ് പഴയ തലമുറയേയും പുതിയതലമുറയേയും ഒന്നിപ്പിക്കാന്‍ ചുക്കാന്‍ പിടിച്ചത്. പ്രിയദര്‍ശന്റെ ആദ്യ സംവിധാന സംരഭമായിരുന്നു പൂച്ചയ്‌ക്കൊരു മൂക്കുത്തി. അന്നത്തെ അനുഭവങ്ങള്‍ സംവിധായകനും അതിലെ നായികാ നായകന്മാരായ മേനക സുരേഷും ശങ്കറും നിര്‍മ്മാതാവ് സുരേഷ് കുമാറും പ്രേക്ഷകര്‍ക്കായി പങ്കുവെച്ചു. ചിത്രത്തിലെ മറ്റൊരു താരം മോഹന്‍ലാല്‍ ആയിരുന്നു. മോഹന്‍ലാല്‍ അവസാന നിമിഷം വരെ ചര്‍ച്ചയില്‍ എത്തുമെന്ന് പ്രേക്ഷകര്‍ പലരും പ്രതീക്ഷിച്ചു. പക്ഷെ മോഹന്‍ലാലിനെ മാത്രം എല്ലാവരും മിസ്സ് ചെയ്തു. പുതിയ തലമുറ സിനിമാ പ്രവര്‍ത്തകര്‍ക്കെല്ലാം ഒരേ അഭിപ്രായമായിരുന്നു പ്രിയദര്‍ശന്‍ എന്ന സംവിധായകനോട്.

ഓപ്പറേഷന്‍ ജാവ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. തരുണിന്റെ ആദ്യ സിനിമയാണ് ഓപ്പറേഷന്‍ ജാവ. എനിക്ക് സിനിമയില്‍ അധികം എക്‌സ്പീരിയന്‍സ് ഒന്നും ഇല്ല. എന്റെ എക്‌സ്പീരിയന്‍സ് എന്ന് പറയുന്നത് പ്രിയന്‍ സര്‍ ചെയ്തിട്ടുള്ള തൊണ്ണൂറ്റിയഞ്ച് സിനിമകള്‍ കണ്ടിട്ടുണ്ട് എന്ന് ഉള്ളതാണ്. തരുണ്‍ മൂര്‍ത്തി പ്രിയദര്‍ശനോട് പറഞ്ഞു. തരുണിന്റെ സിനിമ കണ്ടിട്ടില്ല എന്നും കണ്ടാല്‍ ഉടന്‍ വിളിക്കാമെന്നുമാണ് പ്രിയദര്‍ശന്‍ മറുപടി നല്‍കിയത്. നടന്‍ ചെമ്പന്‍ വിനോദും തന്റെ അഭിപ്രായം പറഞ്ഞു. നമ്മുടെ കുട്ടികാലവും, കൗമാരാവും എല്ലാം മനോഹരം ആക്കിയ വ്യക്തിയാണ് പ്രിയന്‍ സര്‍. അദ്ദേഹത്തെ പോലെ ഒരു ഡയറക്ടര്‍ നമ്മുടെ സ്‌റ്റേറ്റില്‍ നിന്നാണ് എന്നുള്ളത് തന്നെ നമുക്ക് അഭിമാനം ആണ്. എന്നാണ് ചെമ്പന്‍ പറഞ്ഞത്

ഒപ്പം എന്ന സിനിമയിലെ അനുഭവവും ചെമ്പന്‍ പങ്കുവെച്ചു. വലിയ മുന്‍ധാരണകളോടു കൂടിയാണ് താന്‍ ആ സെറ്റില്‍ എത്തിയതെന്നാണ് ചെമ്പന്‍ പറഞ്ഞത്. എല്ലാവരും വലിയ സീനിയേഴ്‌സ് ആണ്. നമ്മളോടൊന്നും മിണ്ടില്ല എന്നൊക്കെയായിരുന്നു കരുതിയിരുന്നത്. എന്നാല്‍ സെറ്റില്‍ ചെന്നപ്പോള്‍ അതെല്ലാം മാറി. എല്ലാവരോടും തമാശ പറഞ്ഞിരിക്കുന്ന പ്രിയന്‍ സാറിനെയാണ് അവിടെ കണ്ടത്. ചെമ്പന്‍ പറയുന്നു. ഞങ്ങളൊക്കെ റിട്ടേര്‍ഡ് ചെയ്യാറായി എന്ന് പ്രിയദര്‍ശന്‍ പറഞ്ഞപ്പോള്‍ ജോജു ജോര്‍ജ് അതില്‍ ഇടപ്പെട്ടു. പ്രിയന്‍ സര്‍ റിട്ടയര്‍ ചെയ്യും എന്ന് സര്‍ സ്വയം തീരുമാനം എടുക്കരുത്. ഞങ്ങള്‍ക്ക് ഇനിയും സാറിന്റെ സിനിമകള്‍ കാണണം. എന്നാണ് ജോജു പറഞ്ഞത്. അത് തന്നെയാണ് ഓരോ സിനിമാ പ്രേമിക്കും പറയാന്‍ ഉള്ളത്.