വിഷമങ്ങളൊന്നും അറിയാതെ മോൻ വളർത്തുന്ന പുന്നാര അമ്മ മോനോട് പറയുന്ന ഡയലോഗ്

ജയറാമിന്റെ തൂവൽ കൊട്ടാരം എന്ന ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ്  പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ വിഷ്ണു എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, 1996ൽ ഇറങ്ങിയതുകൊണ്ട് ലോഹിതദാസും സത്യൻ അന്തിക്കാടും എയറിൽ കയറാതെ പോയ ഒരു വെറുപ്പീര് പടം.ഇന്നാണ് റിലീസ് എങ്കിൽ സീൻ ബൈ സീൻ വലിച്ചുകീറാൻ പല സംഭാഷണങ്ങൾക്കൊണ്ട് സമ്പന്നമായ സിനിമ. അച്ഛൻ മരിച്ചശേഷം ഒരു വിഷമവും അറിയിക്കാതെയാണ് അമ്മയെ ഞാൻ വളർത്തുന്നത്. നാട് മൊത്തവും കടവും മേടിച്ച് വീട്ടിലുള്ള കാര്യങ്ങളും സഹോദരങ്ങളുടെയും ചിലവ് നോക്കുന്ന നായകന്റെ ഡയലോഗ്.

ഈ ഡയലോഗ് കേൾക്കുമ്പോൾ നമ്മൾ വിചാരിക്കും “സാരമില്ല അച്ഛൻ മരിച്ചശേഷം വല്ല ഷോക്കിലൊക്കെയുള്ള അമ്മ കഥാപാത്രമായിരിക്കുമെന്ന് അങ്ങനെയാണെങ്കിൽ കുഴപ്പമില്ല” എന്നാൽ തെറ്റി.വക്കീൽ കഥാപാത്രമായതുകൊണ്ട് അമ്മയുടെയും സഹോദരങ്ങൾ (ദിലീപ് ഒഴിച്ച്) വിചാരം ഈ കഥാപാത്രം പൈസ കൊണ്ട് അമ്മാനമാടുന്നു എന്നതാണ്. അവള് വന്നിരിക്കണതെ നീ കൊടുക്കാന്ന് പറഞ്ഞിട്ടുള്ള കാശിനാ. നീയല്ലേ പറഞ്ഞത് പെരപ്പണി തുടങ്ങിക്കോട്ടെ ആവശ്യം വരുമ്പോ പത്തോ അമ്പതോ കൊടുക്കാന്ന്. അമ്പതു റുപ്പികയല്ല അമ്പതിനായിരേ. അവളിപ്പൊ പറയണത് ഇണ്ടെങ്കിൽ ഒരു ലക്ഷം തികച്ചുകൊടുക്കാനാ.

സ്ത്രീധനായിട്ട് നമ്മള് തികച്ചൊന്നും കൊടുത്തിട്ടില്ലാലോ. മാറംപള്ളി തേവരുടെ സഹായംകൊണ്ട് നീയൊരു നല്ല സ്ഥിതിയിലെത്തുവേം ചെയ്തു. അവള് പറയണത് ഇപ്പൊ നീ വിചാരിച്ചാൽ രണ്ടോ മൂന്നോ ലക്ഷം രൂപ കൊടുത്ത് സഹായിക്കാൻ പറ്റുംന്നാ. നിന്റെ ഏടത്തി അല്ലേടാ. വിഷമങ്ങളൊന്നും അറിയാതെ മോൻ വളർത്തുന്ന പുന്നാര അമ്മ മോനോട് പറയുന്ന ഡയലോഗ്. നായകനായ തന്റെ അവസ്ഥയൊന്നും വീട്ടിൽ അറിയിക്കാതെ നടന്നാൽ ഇങ്ങനെയിരിക്കും. മുകളിൽ പറഞ്ഞ ഏടത്തി (ചേച്ചി) അതായത് ഇതിലെ ബിന്ദു പണിക്കരുടെ കഥാപാത്രം റിലേറ്റബിൾ ആണ്.അതിനെക്കുറിച്ചൊന്നും പറയുന്നില്ല കാരണം വിവാഹം കഴിക്കാത്ത ആങ്ങളമാരെ പരമാവധി ഊറ്റുന്ന ഒരുപാട് സഹോദരിമാരുണ്ട്.

പക്ഷേ ഈ പറഞ്ഞതിനും മുകളിൽ അതിലും വലിയ കോമഡി സിനിമയിലെ മഞ്ജു വാര്യർ അവതരിപ്പിച്ച രണ്ടാമത്തെ നായികയുടെ കഥാപാത്രമാണ്.13 ആമത്തെ വയസ്സിൽ കാർ ഓടിച്ച് സ്വന്തം സഹോദരനെ പടമാക്കിയത് കൊണ്ടുള്ള ഷോക്കിൽ ചെറിയ മാനസിക പ്രശ്നങ്ങളുള്ള അസുഖം മാറാത്ത കഥാപാത്രത്തെ കൊണ്ടാണ് വീണ്ടും വണ്ടിയോടിപ്പിക്കുന്നത് എന്നൊരു പ്രത്യേകതയുമുണ്ട്. എന്തെങ്കിലും ആവശ്യത്തിന് തനിക്ക് വള വരെ ഊരിക്കൊടുക്കുന്ന കുഴപ്പമില്ലാതെ തട്ടിയും മുട്ടിയും ദാരിദ്രം കൊണ്ട് ജീവിക്കുന്ന നായികയെ കോലോത്തെ മുത്തശ്ശൻ തമ്പുരാനും പേരക്കുട്ടിയും അപമാനിക്കുമ്പോ സാരല്യ പൈസ ചിലവില്ലലോയെന്ന് ഓർത്ത് നായികയെ ഇൻസൾട്ട് ചെയ്തവരുടെ വണ്ടിയിൽ കയറി പോവുക അങ്ങനെ പലതരം വിനോദങ്ങൾ. അതിലുംകൂടാതെ അമിതമായിട്ടുള്ള തമ്പുരാക്കന്മാരോടുള്ള രാജഭക്തി.

പല സീനുകളിലും അവ നല്ല ഓവർ ആയിരുന്നു എന്നതാണ് മറ്റൊരു നെഗറ്റീവ്. (ഇതേ സന്ദർഭങ്ങൾ ഒരു പ്രിയദർശൻ സിനിമയിൽ ആയിരുന്നെങ്കിൽ ജാതിയുടെ പേരും പറഞ്ഞ് കീറിമുറിച്ച് ഒരു പരുവത്തിലാക്കിയേനെ എന്നത് മറ്റൊരു വസ്തുത) ഇന്നലെ ഞാൻ ഗ്രൂപ്പിൽ ഈ പോസ്റ്റിട്ടപ്പോൾ ഒരാൾ പറഞ്ഞു (അത്യാവശ്യം പ്രായമുള്ള ഒരാൾ) വർഷങ്ങൾക്ക് മുമ്പിറങ്ങിയ ഈ സിനിമയെ വിമർശിക്കാൻ തനിക്ക് എന്ത് പക്വതയാണ് ഉള്ളതെന്ന്? എന്റെ മറുപടി ഇതാണ് സിനിമ അതിപ്പോ ഏത് കാലഘട്ടത്തിലെ ആണെങ്കിലും വിമർശിക്കാനുള്ളതുണ്ടെങ്കിൽ വിമർശിക്കാം അത് ഇന്നത്തെ സിനിമകളാണെങ്കിലും അന്നത്തെയാണെങ്കിലും. ഇതേ സിനിമ അന്നത്തെ കാലഘട്ടത്തിൽ കണ്ടിട്ട് ഇഷ്ടപ്പെടാത്ത ഒരുപാട് പേരെ എനിക്ക് വ്യക്തിപരമായിട്ട് അറിയാം.

അങ്ങനെ ആണെങ്കിൽ രാജസേനൻ ജയറാം ടീമിന്റെ മറ്റൊരു സിനിമയാണ് “ഞങ്ങൾ സന്തുഷ്ടരാണ് ” ആ സിനിമയിലെ പല സീനുകളും വിമർശിക്കാം. എത്ര അഹങ്കാരിയായ ഭാര്യ ആണെങ്കിലും പൊതുസ്ഥലത്ത് അതായത് ഒരു സ്കൂളിൽ എല്ലാവരുടെയും മുൻപിൽ വെച്ച് ഒരു ഭർത്താവ് തന്റെ കോംപ്ലക്സ് കാരണം ഭാര്യയെ അപമാനിക്കുന്നതൊക്കെ കുഴപ്പമില്ല അന്നത്തെ കാലമല്ലെ എന്ന് പറയാൻ പറ്റുവോ. അതുപോലെ മറ്റൊരു ചോദ്യവും : താൻ ഒരു ജോലിക്ക് കയറിയാലേ തനിക്ക് ഈ സിനിമ മനസ്സിലാവൂ. പ്രാരാബ്ദം എല്ലാവർക്കുമുണ്ട്. അത് വീട്ടിലുള്ളവരുടെയടുത്തും കൂടി ഷെയർ ചെയ്യാതെ തന്നെക്കൊണ്ട് എന്തുംപറ്റും എന്നൊരു കഥാപാത്രമാണ് അത്.തന്റെ ലിമിറ്റേഷൻസ് വീട്ടിലുള്ളവരുടെയും അടുത്ത് പറഞ്ഞാൽ അവരും പറ്റുന്നപോലെ അഡ്ജസ്റ്റ് ചെയ്യില്ലേ.

പിന്നെ ഞാൻ ജോലിക്ക് കയറുമ്പോഴേ മനസ്സിലാവൂ എന്നത്. ഞാൻ ഒരു വിദ്യാർത്ഥി ആണ് എന്നാലും എന്റെ എൻട്രൻസ് പരീക്ഷാ റിസൾട്ട് കാത്തിരുന്ന ഒരു മാസക്കാലം (അതായത് ഓഗസ്റ്റ് മാസം) ഞാനും ജോലിക്ക് പോയതാണ് എനിക്ക് അതിന് പോകേണ്ട യാതൊരു ആവശ്യവുമുണ്ടായിരുന്നില്ല എന്നാലും വീട്ടിലുള്ളവരോട് എന്റെ ഈ കുഞ്ഞാഗ്രഹം പറഞ്ഞപ്പോൾ അവരൊന്നും എതിർത്ത് പറഞ്ഞില്ല. അന്നും നല്ല രീതിയിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഏത് ജോലി ചെയ്യാനും എനിക്കിഷ്ടമാണ് അതിപ്പോ ഹോട്ടലിൽ സെർവിങ്ങ് ആണെങ്കിൽ പോലും അതുകൊണ്ട് അങ്ങനെയൊരു ചോദ്യം ഇവിടെ എനിക്ക് പ്രസക്തിയില്ല.

നടീനടന്മാരുടെ പ്രകടനങ്ങളൊക്കെ വളരെ മികച്ചതായിരുന്നു അതിനെക്കുറിച്ചു ഒന്നും ഞാൻ പറയുന്നില്ല അതുപോലെ ഗാനങ്ങളും. ഇതിലും മികച്ച തിരക്കഥയായിരുന്നു ഇതേ കൂട്ടുക്കെട്ടിൽ (സത്യൻ അന്തിക്കാട്-ലോഹിതദാസ്) പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ. പണ്ടൊക്കെ ഏഷ്യാനെറ്റിൽ ടെലികാസ്റ്റ് ചെയ്യുന്ന സമയത്ത് കണ്ടതാണ് അന്നൊക്കെ ഭയങ്കര ഇഷ്ടപ്പെട്ട സിനിമയായിരുന്നു. അതുകൊണ്ട് വർഷങ്ങൾക്ക് ശേഷം ഇന്നാണ് കണ്ടത്. അതുകൊണ്ട് ഉള്ള ഇഷ്ടം പോയിക്കിട്ടി എന്നുമാണ് പോസ്റ്റ്.

Leave a Comment