ARTICLES

കാളിദാസ് ജയറാം, നസ്രിയ ഫഹദ്, ചെമ്പന്‍വിനോദ് – അണിനിരക്കുന്നത് വന്‍ താരനിര

മായാവി മലയാളികളുടെ നൊസ്റ്റാള്‍ജിയ ആണ്. മായാവിയെ കുറിച്ച് അറിയാത്ത വായിക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. ബാലരമയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ മായാവി ചിത്രക്കഥകള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതിമാനുഷികനായി മായാവി എന്ന കുട്ടിച്ചാത്തനും മായാവിയുടെ സുഹൃത്തുക്കളായ രാജുവും രാധയും മായാവിയെ പിടിക്കാന്‍ പഠിച്ചപണി പതിനെട്ടും നോക്കി പരാജയപ്പെടാറുള്ള കുട്ടൂസനും ഡാകിനിയും എന്ന മന്ത്രവാദികളും അവരുടെ ലുട്ടാപ്പി എന്ന അടിമയുംമൊക്കെ മലയാളികളുടെ ഹൃദയത്തില്‍ ജീവിക്കുന്ന കഥാപാത്രങ്ങളാണ്.

ഇനിയുമേറെ കഥാപാത്രങ്ങള്‍ മായാവിയിലുണ്ട്. വിക്രമനും മുത്തുവും എന്ന രണ്ട്് കള്ളന്മാര്‍. പുട്ടാലു എന്ന ലുട്ടാപ്പിയുടെ ബന്ധു. ലൊട്ടുലൊടുക്കും ഗുലുഗുലുമാലും – രസച്ചരടില്‍ കോര്‍ത്ത ഒരുപിടി കഥാപാത്രങ്ങള്‍. മായാവിയില്‍ ഒരു വലിയ സിനിമയ്ക്കുള്ള സാധ്യതയുണ്ട്. പലപ്പോഴായി ചില സംവിധായകന്‍ അതിന് മുതിര്‍ന്നിട്ടുമുണ്ട്. പക്ഷെ ഇതുവരേയും അത് സാധ്യമായിട്ടില്ല. മലയാളികള്‍ക്ക് അത്രയും പ്രിയപ്പെട്ട കഥാപാത്രങ്ങളെ സിനിമയിലേക്ക് പറിച്ച് നടുമ്പോള്‍ ഉണ്ടാകുന്ന റിസ്‌ക് കണക്കിലെടുത്ത് പലരും പിന്‍മാറുകയാണ് ഉണ്ടായത്. പുതിയ സംവിധായകരായ അമല്‍ നീരദോ ലിജോ ജോസ് പല്ലിശ്ശേരിയോ ഒക്കെ ചെയ്താല്‍ ഉഷാറാകും എന്ന് ചില ആരാധകര്‍ പറയുന്നു.

എന്നാല്‍ മൈഡിയര്‍ കുട്ടിച്ചാത്തനെന്ന വിസ്മയം മലയാളികള്‍ക്ക് സമ്മാനിച്ച ജിജോ പുന്നൂസ് സംവിധായകനായി എത്തണമെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. ജിജോ ഇപ്പോള്‍ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ത്രീഡി സിനിമയുടെ തിരക്കിലാണ്. എന്തായാലും മായാവി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്. അതിന്റെ കാരണം അനൂപ് വേലായുധന്‍ എന്ന ചിത്രകാരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച ചിത്രങ്ങളാണ്. അനൂപ് തന്റെ ഭാവനയില്‍ മായാവി യൂണിവേഴ്‌സിലെ കഥാപാത്രങ്ങള്‍ക്ക് മലയാള സിനിമാ താരങ്ങളെവെച്ചുള്ള സ്‌കെച്ചസ് ചെയ്യുകയും അത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

മായാവി യൂണിവേഴ്‌സിലെ റ്റൈറ്റില്‍ കഥാപാത്രം മായാവി ആയി എത്തുന്നത് സാക്ഷാല്‍ ടോവിനോ തോമസ് ആണ്. മിന്നല്‍ മുരളി എന്ന സൂപ്പര്‍ഹിറോ ആയി തയ്യാറെടുക്കുന്ന ടോവിനോക്ക് മായാവി എന്ന കുട്ടിച്ചാത്തന്‍ പരിവേഷം യോജിക്കുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. രാജുവും രാധയുമായി എത്തുന്നത് കാളിദാസ് ജയറാമും നസ്രിയ ഫഹദുമാണ്. ലുട്ടാപ്പിയായി ബിജുകുട്ടനും കുട്ടൂസനെന്ന മായാവി ചേസറായി മമ്മൂക്കോയയും ഡാകിനിയായി ഫിലോമിനയും എത്തുന്നു. ഷമ്മി തിലകന്‍ വിക്രമന്റെ വേഷത്തിലും രമേശ് പിഷാരടി മുത്തുവും ആകുന്നു. ചെമ്പന്‍ വിനോദ് ജോസാണ് പുട്ടാലുവിന്റെ വേഷത്തില്‍. സലീകുമാര്‍ ഗുലുഗുലുമാലായും കോട്ടയം പ്രദീപ് ലൊട്ടുലൊടുക്കായും മാറുന്നു. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Trending

To Top
error: Content is protected !!