ഞങ്ങളുടെ കൗമാരങ്ങളെ മോഹിപ്പിച്ചു കൊണ്ടാണ് തൃഷ നിറഞ്ഞു നിന്നത്

പൊന്നിയിൻ സെൽവൻ കണ്ടതിന് ശേഷം ഒരു ആരാധകൻ തൃഷയെ കുറിച്ച് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സന്തോഷ് കുമാർ എൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റ് ഇങ്ങനെ, പൊന്നിയിൻ സെൽവനിലെ നന്ദിനിയെ കുറിച്ച് പറയുമ്പോൾ “കുന്ദവൈ” യെ കുറിച്ച് എങ്ങനെ പറയാതിരിക്കും. നന്ദിനിയെ അവതരിപ്പിച്ചത് 49 വയസ്സുള്ള ലോകസുന്ദരി ആയിരുന്നെങ്കിൽ, “കുന്ദവൈ” ഞങ്ങളുടെ പ്രായക്കാരി തന്നെ ആണ്.

ഞാനും എന്റെ സുഹൃത്തുക്കളും ഇപ്പോഴും സുന്ദരന്മാരും സുന്ദരികളും ആയി തുടരുമ്പോൾ, വെറും 364 ദിവസം മാത്രം പ്രായവ്യത്യാസമുള്ള തൃഷ എങ്ങനെ സുന്ദരി അല്ലാതിരിക്കും. ഐശ്വര്യയും നന്ദിനിയുമൊക്കെ അങ്ങ് ആകാശത്തിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നെങ്കിൽ, തൃഷ ഞങ്ങളുടെ അയലോക്കത്തെ, അല്ലെങ്കിൽ അടുത്ത കോളേജിലെ സുന്ദരികുട്ടി ആയിരുന്നു. ഞങ്ങളുടെ കൗമാരങ്ങളെ മോഹിപ്പിച്ചു കൊണ്ടാണ് തൃഷ, ഗില്ലിയിലും സാമിയിലും ഒക്കെ കറുത്ത കണ്ണുകളും മുത്തു ചിതറുന്ന പുഞ്ചിരിയുമായി, ഞങ്ങളുടെ ഇടയിലേക്ക് വന്നത്.

അന്നെല്ലാം നായകന്റെ ഒപ്പം നായകന് വേണ്ടി ആടിപ്പാടുന്ന വെറും നായിക ആയിരുന്നു. വിനൈതാണ്ടി വരുവായിലെ ജെസ്സിയാണ്, തൃഷയെ കൂടുതൽ ഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചത് എന്നാണ് എന്റെ ഒരു ഇത്. സാരിയുടുത്ത ആലപ്പുഴ ക്രിസ്ത്യൻ സുന്ദരി ആയി അവരങ്ങു തകർത്തു, തിമിർത്തു, പൊളിച്ചു. കൂട്ടിന് എ ആർ റഹ്‌മാന്റെ മാസ്റ്റർ പീസ് റൊമാന്റിക് സംഗീതവും ഗൃഹാതുരത ഉണർത്തുന്ന പ്രണയത്തിന്റെ ഹെഡ് മാസ്റ്റർ ഗൗതം വാസുദേവ് മേനോനും. “96” വേറെ ഒരു ലെവൽ ആയിരുന്നു. ആ മഞ്ഞ ചുരിദാറും നീല ജീൻസും തിളങ്ങുന്ന കണ്ണുകളും മനോഹരമായ ചിരിയും.

പല കാമുക ഹൃദയങ്ങളെയും വർഷങ്ങൾ പുറകിലേക്ക് നടത്തി. പലരും ഇപ്പോഴും ജാനിയെ “എങ്കെ വിട്ടേനോ , അങ്കയെ താൻ നിക്കിറേൻ” ആണത്രേ. അവിടേക്കാണ് തല ഉയർത്തിപ്പിടിച്ചു, ഐശ്വര്യയുടെ പെരുമയെ ഒട്ടു ഭയക്കാതെ “കുന്ദവൈ” വരുന്നത്. ഒപ്പത്തിനൊപ്പം അതുമല്ലെങ്കിൽ ഒരു വേള അതുക്കും മേലെ തൃഷയുടെ കുന്ദവൈയും ശിരസ്സുയർത്തി തന്നെ നിന്നു. കുന്ദവൈയുടെ കണ്ണുകളിൽ രാജതന്ത്രവും നയതന്ത്രജ്ഞതയുമുണ്ടായിരുന്നു.

തന്റെ പിതാവിനും സഹോദരങ്ങൾക്കുമെതിരെ ഉപജാപം നടത്തുന്നവരുടെ ഇടയിലേക്ക് നടന്നു കയറുമ്പോൾ അവരുടെ ശരീര ചലനങ്ങളിലും കണ്ണുകളിലും ആത്മവിശ്വാസത്തിന്റെ പൂർണതയായിരുന്നു. കുന്ദവൈയെ വേൾക്കാൻ ഇനിയുമൊരാൾ ജനിക്കേണ്ടി ഇരിക്കുന്നു എന്ന ഡയലോഗ് പോലെ “കുന്ദവൈ” ആവാൻ തൃഷ കൃഷ്ണൻ അല്ലാതെ ഇനിയൊരാൾ ഇല്ല എന്ന് അവരുടെ അഭിനയം, എടുപ്പ്, ആത്‌മവിശ്വാസം അടിവരയിട്ടു പറയുന്നു എന്നുമാണ് പോസ്റ്റ്.

Leave a Comment