ലോഹിതദാസിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് വികാരാധീനയായി മഞ്ജുവാര്യര്‍

മലയാളം കണ്ട എക്കാലത്തേയും മികച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് ഏ കെ ലോഹിതദാസ്. അദ്ധേഹം നമ്മളെ വിട്ട് പിരിഞ്ഞിട്ട് പന്ത്രണ്ട് വര്‍ഷങ്ങള്‍ കടന്നുപോവുകയാണ്. കിരീടവും ചെങ്കോലും തനിയാവര്‍ത്തനവും കമലദളവും സല്ലാപവുമെല്ലാം അദ്ധേഹത്തിന്റെ തൂലികയില്‍ നിന്ന് പിറന്ന് ഇപ്പോഴും ഓരോ പ്രേക്ഷകരേയും വിസ്മയിപ്പിച്ചുകൊണ്ട് ഇരിക്കുന്നു. സേതുമാധവനേയും അബ്ദുള്ളയേയും മേലേടത്ത് രാഘവന്‍നായരേയും ആന്റണിയേയും ഗോപിനാഥനേയും അങ്ങനെ നിരവധി ജീവിതങ്ങളെ മലയാളികള്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു. സിബിമലയിലിനൊപ്പം ചേര്‍ന്ന് എക്കാലത്തേയും ഇതിഹാസങ്ങളായ ഒരുപിടി ചിത്രങ്ങളാണ് ലോഹിതദാസ് മലയാളികള്‍ക്ക് സമ്മാനിച്ചത്. ലോഹിതദാസ് ചിത്രങ്ങളിലെല്ലാം മലയാളികളുടെ ജീവിതവും തുടിപ്പും നിറഞ്ഞു നിന്നിരുന്നു.

ലോഹിതദാസിന്റെ ഓര്‍മ്മദിവസം നടി മഞ്ജുവാര്യര്‍ വികാരാധീനയായി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ഓര്‍മ്മ കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മഞ്ജുവാര്യര്‍ എന്ന നടിയുടെ അഭിനയജീവിതത്തില്‍ വലിയൊരു വഴിത്തിരിവ് നല്‍കിയ ചിത്രമായിരുന്നു സല്ലാപം. സല്ലാപത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചത് ലോഹിതദാസ് ആയിരുന്നു. വലിയ വിജയമാണ് ചിത്രം നേടിയത്. സല്ലാപത്തിലെ രാധ എന്ന മഞ്ജുവാര്യര്‍ കഥാപാത്രം ഇപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. മഞ്ജുവാര്യരുടെ ശക്തമായ കഥാപാത്രമായ കന്മദത്തിലെ ഭാനുവും ലോഹിതദാസിന്റെ സൃഷ്ടിയായിരുന്നു. ലോഹിതദാസ് തന്നെയായിരുന്നു കന്മദത്തിന്റെ സംവിധാനവും. ആ ലോഹിതദാസ് ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് നടി. വാക്കുകള്‍ ഇങ്ങനെ.

ഇന്നലെയും ആലോചിച്ചു. ലോഹിസാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുന്നെന്ന്. വള്ളുവനാട്ടിലിരുന്ന് ഈ ലോകത്തോടായി അദ്ദേഹം ചിലപ്പോള്‍ ഇങ്ങനെയായിരിക്കാം പറയുക. ഇപ്പോഴാണ് നമ്മള്‍ അക്ഷരാര്‍ഥത്തില്‍ അണുകുടുംബങ്ങളായത്. ഉറപ്പാണ്, കഥകള്‍ക്കു വേണ്ടിയായിരിക്കും സഹജമായ കൗതുകത്തോടെയുള്ള അദ്ദേഹത്തിന്റെ അന്വേഷണം. മനുഷ്യര്‍ തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷിനെപ്പോലെ വീട്ടിനുള്ളില്‍ തളച്ചിടപ്പെട്ട നാളുകളില്‍ തനിക്ക് മാത്രം സാധ്യമാകുന്ന സര്‍ഗാത്മക വൈഭവത്തോടെ ലോഹിസാര്‍ ജീവിതാവസ്ഥകളെ മനസിലേക്ക് ഒപ്പിയേനെ. തൂവലുകളുഴിഞ്ഞ് കഥയുടെ കൊട്ടാരങ്ങള്‍ തീര്‍ക്കുന്ന, കരിങ്കല്ലുപോലൊരു കാലത്തില്‍ നിന്ന് കന്മദം കണ്ടെത്തുന്ന ജാലവിദ്യ അപ്പോള്‍ നമുക്ക് കാണാനാകുമായിരുന്നു. നഷ്ടവേദനയോടെ ലോഹി സാറിന്റെ ഓര്‍മകള്‍ക്ക് പ്രണാമം.

മഞ്ജുവാര്യര്‍ പറയുന്നു. കന്മദത്തിന്റെ ഷൂട്ടിങ് സെറ്റില്‍ ലോഹിതദാസിനൊപ്പം ഇരിക്കുന്ന ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്. നിമിഷങ്ങള്‍ക്കകം ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയും ചെയ്തു. ലോഹിതദാസ് വിടപറയുന്നതിന് മുന്‍പ് ദിലീപിനേയും മഞ്ജുവാര്യരേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ദിലീപ് തന്നെയാണ് അത് ഒരു ഇന്റര്‍വ്യൂവില്‍ വ്യക്തമാക്കിയത്. മോഹന്‍ലാലിനെ നായകനാക്കി ഭീഷ്മര്‍ എന്നൊരു സിനിമയും ലോഹിതദാസിന്റെ മനസ്സില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ സ്വപ്‌നങ്ങളെല്ലാം ബാക്കിയാക്കി ആണ് മലയാളത്തിലെ ഇതിഹാസ കഥാകാരന്‍ വിടപറഞ്ഞ് പോയത്.