ഐ വി ശശിയുടെ സംവിധാനത്തിൽ വിരിഞ്ഞ മറ്റൊരു മനോഹര ചിത്രം

ഐ വി ശശി സംവിധാനം ചെയ്ത ഉയരങ്ങളിൽ എന്ന ചിത്രത്തിനെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ആണ് ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റ് വന്നിരിക്കുന്നത്. മെൽവിൻ പോൾ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഉയരങ്ങളിൽ’ പ്രദർശനശാലകളിലെത്തുന്നത് 1984-ൽ ആണ് മലയാളത്തിലെ എക്കാലത്തെയും ‘സൂപ്പർ സ്റ്റാർ’ സംവിധായകൻ ഐ. വി. ശശിയുടെ സംവിധാനത്തിൽ. എം. ടി. രചിച്ച ആദ്യത്തെ ‘ക്രൈം ത്രില്ലർ’ ചലച്ചിത്രം.

ജയരാജൻ – ആ പേര് അന്വർത്ഥമാക്കുന്നതാണ് മോഹൻലാൽ അവതരിപ്പിച്ച നായക/പ്രതിനായക കഥാപാത്രത്തിന്റെ വ്യക്തിത്വം. തനിക്കു ചുററുമുള്ളവരെയെല്ലാം തന്റെ ചൊൽപ്പടിക്കു നിർത്തുന്നവനാണ് ജയരാജൻ, നിയമത്തെപ്പോലും. പ്രലോഭനങ്ങളാലും, തന്ത്രങ്ങളാലും, ഭീഷണിയിലൂടെയും എല്ലാവരെയും വരുതിയിലാക്കുന്ന ജയരാജന്റെ ജീവിതലക്ഷ്യം ധനം സമ്പാദിക്കുക, അതിലൂടെ വലിയവനാവുക എന്നതാണ്. സ്ത്രീകളെ അതിലേക്കുള്ള ചവിട്ടുപടികളായി അയാൾ ഉപയോഗിക്കുന്നു. ഇരുൾ മൂടിയ ഒരു ഭൂതകാലം അയാൾക്കുണ്ട്.

നമ്മളറിയുന്ന ജയരാജൻ തന്റെ കുറ്റകൃത്യങ്ങളുടെ ശൃംഖല ആരംഭിക്കുന്നത് തന്റെ രണ്ട് സഹപ്രവർത്തകരെ പ്രലോഭിപ്പിച്ച് കൂടെക്കൂട്ടി നടത്തിയ, പരാജയമടഞ്ഞ ഒരു മോഷണശ്രമത്തിലൂടെയാണ്. അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്നും രക്ഷപ്പെടാൻ അയാൾ നടത്തുന്ന കൊലപാതകത്തോടു കൂടി അയാളുടെ നരനായാട്ട് ആരംഭിക്കുന്നു. രണ്ട് ജീവനുകൾ കൂടി അയാളെടുക്കുന്നു. അവസാനം പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ തോൽവി സമ്മതിക്കാൻ കൂട്ടാക്കാതെ അയാൾ സ്വയം ‘ഉയരങ്ങളിൽ’ നിന്നും താഴേക്ക് കുതിക്കുന്ന രംഗത്തോട് കൂടി ചിത്രം അവസാനിക്കുന്നു. ചിത്രം അവസാനിക്കുന്നതിനു മുൻപ് തന്റെ കയ്പ്പേറിയ ഭൂതകാലത്തെ ഏതാനും സെക്കന്റുകൾക്കൊണ്ട് ആർദ്രമായി സൂചിപ്പിക്കുന്നുണ്ടയാൾ.

എണ്ണത്തിൽ ചുരുക്കമായ കഥാപാത്രങ്ങളെ ക്ലിപ്തമായ ഒരു ഭൂമികയിൽ വിന്യസിച്ച് കൈയ്യടക്കത്തോടെ കഥ പറയുന്ന എം. ടി. യുടെ മായാജാലം നമുക്കിവിടെക്കാണാം. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകന്റെ വെറുപ്പു മാത്രം സമ്പാദിക്കുന്ന ഒരു കഥാപാത്രത്തെ നായകനാക്കി ഒരു ‘കമേർഷ്യൽ’ ചിത്രം ഒരുക്കാൻ ഐ. വി. ശശി തയ്യാറായതിൽ എനിക്ക് അത്ഭുതം ലവലേശമില്ല, കാരണം, ഒരഭിസാരികാ കഥാപാത്രത്തെ നായികയാക്കി എഴുപതുകളിൽത്തന്നെ ഒരു മലയാളചലച്ചിത്രം സംവിധാനം ചെയ്യാൻ തക്ക ധീരത പ്രദർശിപ്പിച്ചയാളാണദ്ദേഹം. തുടക്കക്കാരനായ മോഹൻലാലിന്റെ പ്രതിഭ ഐ. വി. ശശി മനസ്സിലാക്കി ഇതിലെ നായകനാക്കിയിരുന്നില്ലെങ്കിൽ ചിത്രത്തിന്റെ മേന്മയെ അത് പ്രതികൂലമായി ബാധിക്കുമായിരുന്നു എന്നത് നിസ്സംശയം.

ജയരാജൻ എന്ന കഥാപാത്രത്തെ മോഹൻലാൽ എന്ന അഭിനയപ്രതിഭ അത്രമാത്രം ആഴത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. താൻ ചെയ്യുന്ന കാര്യങ്ങളെല്ലാം ‘സ്പോർട്ട്’ ആയി കാണുന്ന, സ്വയം വിമർശിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന ‘ജയരാജൻ’ എന്ന കഥാപാത്രം ആ നടന്റെ കൈവശം ഭദ്രമായിരുന്നു. തിരശ്ശീലയിൽ അധിക സമയവും കയ്യാളുന്നത് ജയരാജനെങ്കിലും, സഹകഥാപാത്രങ്ങളും കരുത്തുറ്റവയായിരുന്നു. തന്റെ ഷണ്ഢത്വം പകർന്ന അപകർഷതാബോധത്താൽ ആരുമായും കൂട്ടുകൂടാതെ ഒറ്റയാനായി നടന്ന, കർക്കശക്കാരനായ ഫാക്ടറി മാനേജരുടെ കഥാപാത്രം എടുത്തു പറയേണ്ടതാണ്.

റഹ്മാൻ, നെടുമുടി വേണു, കേസന്വേഷത്തിനു വരുന്ന ഉദ്യോഗസ്ഥനായി അഭിനയിച്ച രതീഷ് എന്നിവരുടെ പ്രകടനവും മികച്ചതായിരുന്നു. ചിത്രം മികച്ച പ്രദർശനവിജയം നേടി. മലയാളത്തിലെ എണ്ണം പറഞ്ഞ ക്രൈം ത്രില്ലറുകളുടെ ഗണത്തിൽ ‘ഉയരങ്ങളിൽ’ തലയുയർത്തി നിൽക്കുന്നു; മലയാള ചലച്ചിത്രങ്ങളിലെ ഏറ്റവും അപകടകാരികളായ കഥാപാത്രങ്ങളുടെ കൂട്ടത്തിൽ ‘ജയരാജനും’! വാൽക്കഷണം: കമൽഹാസൻ അവിസ്മരണീയമാക്കിയ ‘വയനാടൻ തമ്പാൻ (1978)’ ആണ് എന്നെ ‘രസിപ്പിച്ച’ മറ്റൊരു തുടർകൊ ലയാളി. നൂറ്റാണ്ടുകളിലൂടെ സഞ്ചരിച്ചാണ് തമ്പാൻ തന്റെ ഇ രകളെ വേ ട്ടയാടിയിരുന്നത് എന്നുമാണ് പോസ്റ്റ്.

Leave a Comment