ബാലതാരമായി വന്ന് പിന്നീട് മലയാളികളെ ഏറെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത് പിന്നീട് സങ്കടത്തിന്റെ കടലാഴങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോയ നടിയാണ് കല്പന. ചവറ വിപി നായരുടേയും വിജയലക്ഷ്മിയുടെയും മൂന്ന് മക്കളും സിനിമാ താരങ്ങളായിരുന്നു. ഉര്‍വ്വശി, കലാരഞ്ജിനി പിന്നെ കല്പന. കോമഡി വേഷങ്ങളിലായിരുന്നു കല്പനയുടെ വിജയം. എന്നാല്‍ അവസാന നാളുകളില്‍ മികച്ച കഥാപാത്രങ്ങളായി കല്പന പ്രേക്ഷകരെ അമ്പരപ്പിച്ചു. സ്പിരിറ്റിലെ പങ്കജം, ഡോള്‍ഫിന്‍സിലെ വാവ, ചാര്‍ലിയിലെ ക്വീന്‍ മേരി അങ്ങനെ പ്രേക്ഷകരുടെ ഹൃദയത്തില്‍ പതിഞ്ഞ കഥാപാത്രങ്ങള്‍ ഏറെ. ചാര്ലിമായി സംസാരിച്ചുകൊണ്ട് നില്ക്കുന്ന ക്വീന്‍ മേരി കടലിലേക്ക് ചാടുമ്പോള്‍ പ്രേക്ഷകരുടെ മനസ്സും ഒരു നിമിഷം നില്ക്കും. കല്പന ചെയ്ത അവസാന വേഷമായിരുന്നു ചാര്‍ലിയിലെ ക്വീന്‍ മേരി.
എന്നാല്‍ കല്പനയുടെ അധികം പരാമര്‍ശിച്ചിട്ടില്ലാത്ത കഥാപാത്രമായിരുന്നു ഡോള്‍ഫിന്‍സ് എന്ന ചിത്രത്തിലെ കൊച്ചുവാവ സുരപാലന്‍ എന്ന വാവാച്ചി കഥാപാത്രം. സുരേഷ് ഗോപി ചെയ്ത നായക കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് കല്പന എത്തിയത്. ഗ്ലാഡ്വിന് ഷാരുണ്‍ ആ കഥാപാത്രത്തെ കുറിച്ച് എഴുതിയ ചില കാര്യങ്ങള്‍ ഇങ്ങനെ. അണ്ണന് ഓര്മ്മയുണ്ടോന്നറിഞ്ഞൂടാ. പണ്ട് ഇതുപോലൊരു മഴ. അന്നെനിക്ക് മണിക്കുട്ടി വയറ്റിലുണ്ട്. എനിക്ക് മസാലദോശ വേണമെന്ന് പൂതി പറഞ്ഞപ്പം അണ്ണന് മഴയത്ത് എന്നേം കൊണ്ട് അരുള്‍ ജ്യോതിയില്‍ പോയ് അടച്ച കട സാമിയെക്കൊണ്ട് തൊറപ്പിച്ച്. ആ ഹോട്ടലില്‍ നമ്മളും ഉറങ്ങണ കൊറേ വെയിറ്റര്‍മാരും മാത്രം. ഡോള്‍ഫിന്‍സിന്റെ ഈ ക്ലൈമാക്സ് സീന്‍ എപ്പോ കാണുമ്പോളും ഉള്ളൊന്നു വിങ്ങും. ചില താരങ്ങള്‍ക്ക് തന്റെ അവസാനനാളുകളില്‍ ആകും നല്ല വേഷങ്ങള്‍ തേടി എത്തുന്നത്. കല്പന ചേച്ചിക്ക് കിട്ടിയ ഗംഭീരവേഷങ്ങളില് ഒന്നായിരുന്നു ഡോള്‍ഫിന്‍സിലെ വാവാച്ചി. ട്രാക്ക് മാറ്റി കല്പന ചേച്ചി ഒന്ന് കയറി വരുവായിരുന്നു.
സുരേഷേട്ടനും കല്പ്പനചേച്ചിയും ഭാര്യ ഭര്ത്താക്കന്മാര് ആയി അഭിനയിക്കുന്നു എന്ന് കേട്ടപ്പോള്‍ ആ കോമ്പിനേഷന്‍ എങ്ങനെ വര്‍ക്ക് ഔട്ട് ആകുമെന്ന് ഒരു ഡൌട്ട് ഉണ്ടായിരുന്നു പക്ഷേ ഞെട്ടിച്ചു കളഞ്ഞു. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പ്രകടനം ആയിരുന്നു ക്ലൈമാക്സില്‍ രണ്ട് പേരില്‍ നിന്നും കിട്ടിയത്. പനയമുട്ടം സുര കാമുകിയായി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അത് തടസ്സപ്പെടുത്തി കൊണ്ട് വാവാച്ചി വിളിക്കുന്ന സീന്‍ അപ്പൊ ഒരു ശല്യം ആയത് പോലെ കാണിച്ചിട്ട് അതേ ഡയലോഗ് വെച്ചു തന്നെ അവസാനം നൊമ്പരപ്പെടുത്തി കളഞ്ഞപ്പോള്‍ ശരാശരിക്ക് മുകളില്‍ പോയി കൊണ്ടിരുന്ന സിനിമക്ക് കിട്ടിയ ഗംഭീര ക്ലൈമാക്സ് ആയി അത്.
സ്നേഹത്തോടെയുള്ള ഒരു വാക്കോ പുഞ്ചിരിയോ പ്രതീക്ഷിച്ചു കൊണ്ട് അവസാനശ്വാസം വരെ കുടുംബത്തെ സ്നേഹിച്ചും പരിപാലിച്ചും ജീവിക്കുന്ന അമ്മമാര്‍ക്കും ഭാര്യമാര്‍ക്കും വേണ്ടി ഈ ചിത്രം സമര്‍പ്പിക്കുന്നു. അവരുടെ അടുത്തേക്ക് മടങ്ങി പോവൂ. സ്നേഹത്തോടെ അവരെ ഒന്ന് ആലിംഗനം ചെയ്യൂ. അത് മാത്രം ആണ് അവര്‍ ആഗ്രഹിക്കുന്നത്. ഇങ്ങനെ ഒരു സന്ദേശം നല്കി കൊണ്ട് ചിത്രം അവസാനിപ്പിക്കുമ്പോള്‍ നമ്മുടെ കണ്ണൊന്നു നിറഞ്ഞിട്ടുണ്ടേല്‍ അവിടെയാണ് ഈ സിനിമയുടെ വിജയം. കുറിപ്പില്‍ പറയുന്നു. കല്പനയെ ഓര്‍ത്തുകൊണ്ട് നിരവധി പേരാണ് അഭിപ്രായത്തോട് യോജിച്ചുകൊണ്ട് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഒരുപാട് നല്ല വേഷങ്ങള്‍ ബാക്കി വെച്ചിട്ടാണ് ആ മഹാനടി പ്രേക്ഷകരെ വിട്ട് പോയത്.