ബാലതാരമായി എത്തി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഒരുപാട് അഭിനേതാക്കള്‍ ഉണ്ട്. അവരില്‍ പലരും വളര്‍ന്നു കഴിഞ്ഞും സിനിമയില്‍ നായികയായും നായകനായും ഒക്കെ തന്നെയുണ്ട്. ഒരുകാലത്ത് നമ്മുടെ ഒക്കെ പ്രിയപ്പെട്ട ബാലതാരമായിരുന്നു ബേബി ശാലിനി. പിന്നീട് അനിയത്തിപ്രാവിലൂടെ നായികയായി വന്നു നമ്മുടെ ബേബി ശാലിനി. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റേയും ഒക്കെ നായികയായി തിളങ്ങി നില്ക്കുന്ന മീന സിനിമയില്‍ എത്തിയത് ബാലതാരമായിട്ടായിരുന്നു. ബോളിവുഡിലും തിളങ്ങിയ നടി ശ്രീദിവയുടെ അരങ്ങേറ്റവും ബാലതാരമായി തന്നെ ആയിരുന്നു. അങ്ങനെ നിരവധി പേര്. കൊച്ചിന് ഹനീഫ സംവിധാനം ചെയ്ത പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമായ വത്സല്യത്തിലെ മമ്മൂട്ടിയുടെയും ഗീതയുടെയും മകള്‍ ആയി അഭിനയിച്ച കൊച്ചു മിടുക്കിയെ നമ്മള് അത്ര പെട്ടെന്ന് ഒന്നും മറക്കാന്‍ ഇടയില്ല. മമ്മൂട്ടിയുടെ മേലേടത്ത് രാഘവന് നായരുടെയും ഗീതയുടെ മാലതിയുടെയും മകളായി അഭിനയിച്ചത് ബേബി അമ്പിളി ആയിരുന്നു.
സിദ്ദിഖ് അവതരിപ്പിച്ച രാഘവന് നായരുടെ അനിയന് കഥാപാത്രമായ വിജയകുമാര്‍ നാട്ടിലേക്ക് വരുമ്പോള്‍ തന്റെ അനിയനെ എടുക്കുമ്പോള്‍ പരിഭവം കാണിച്ചു പിണങ്ങി നില്ക്കുന്നതും, വിജയകുമാര്‍ പറഞ്ഞു കൊടുക്കുന്ന കഥകള്‍ കേട്ടു ഇരിക്കുന്നതും ഒക്കെ ആ കൊച്ചു മിടുക്കിയെ നമ്മുടെ മനസ്സില്‍ നിര്‍ത്തുന്ന രംഗങ്ങളാണ്. ഒരു കാലത്ത് നമ്മുടെ ഒക്കെ മനസ്സില്‍ ഇടം നേടിയ ഈ സൂപ്പര്‍ ബാലതാരം ഇപ്പോള്‍ ഒരു അഡ്വക്കേറ്റ് ആണ്. കോഴിക്കോട് ലോ കോളേജില്‍ നിന്നായിരുന്നു പഠനം. ഇപ്പോള്‍ അഭിനയരംഗത്തു നിന്നും മാറി നിന്നു കുടുംബത്തോടൊപ്പം കഴിയുകയാണ് നടി. പഠന സമയത്തു തന്നെ വിവാഹം കഴിച്ച അമ്പിളിക്ക് രണ്ടു മക്കളാണ് ഉള്ളത്. ദിയ, ധാര എന്നാണ് മക്കളുടെ പേര്. തന്റെ രണ്ടര വയസ്സിലാണ് അമ്പിളി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നാല്ക്കവല എന്ന ചിത്രത്തിലൂടെ ആയിരുന്നു അത്.
ഒരു സീനില്‍ തിക്കുറിശ്ശി കുട്ടികളെ പാട്ടു പടിപ്പിക്കുന്ന രംഗം ആയിരുന്നു ചിത്രീകരിക്കേണ്ടത്. എന്നാല്‍ ആ രംഗത്തു അഭിനയിക്കാന്‍ കുട്ടികളെ കിട്ടിയതുമില്ല. അങ്കണവാടിയില്‍ നിന്നും വന്ന കുട്ടികള്‍ ഒക്കെയും കരച്ചില് ആയിരുന്നു എന്നാല്‍ ബേബി അമ്പിളി മാത്രം കരഞ്ഞില്ല. അതുകൊണ്ട് തന്നെ ആ രംഗത്തു തിക്കുറിശ്ശി തന്നെ മടിയില്‍ ഇരുത്തി പാട്ടു പാടിയത് അമ്പിളിയെ വെച്ചായിരുന്നു. നന്മ നിറഞ്ഞവന് ശ്രീനിവാസന്, ദശരഥം, വര്‍ത്തമാനകാലം എന്നീ സിനിമകളിലും അമ്പിളി വേഷമിട്ടു. പ്രേക്ഷകര്‍ എന്നും ഓര്‍ത്തു ഇരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ഗോഡ്ഫാദര്. അതില്‍ വന്നു പോയ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. ഇന്നസെന്റ് അവതരിപ്പിച്ച സ്വാമിനാഥന് എന്ന കഥാപാത്രത്തിന്റെയും കെപിഎസി ലളിത അവതരിപ്പിച്ച കൊച്ചമ്മിണിയുടെയും മകള്‍ ആയി തിളങ്ങിയത് അമ്പിളി ആയിരുന്നു. മക്കളെയും കൂട്ടി കൊച്ചമ്മിണി അഞ്ഞൂറാന്റെ വീട്ടില്‍ വരുന്നതും അവിടുത്തെ കിണറ്റില്‍ മക്കളെയും കൂട്ടി ചാടാന്‍ പോകുന്ന രംഗം ഒക്കെ ഇപ്പോഴും പ്രേക്ഷരുടെ മനസ്സില്‍ ഉണ്ട്.
പക്ഷെ ഇതിനും എല്ലാം അപ്പുറം അമ്പിളിയെ നമ്മള് ഓര്‍ത്തിരിക്കുന്ന ഒരു ചിത്രമുണ്ട്. മീനത്തില്‍ താലികെട്ട് എന്ന ചിത്രത്തില്‍ ദിലീപിന്റെ അനിയത്തി കഥാപാത്രം അവതരിപ്പിച്ചത് അമ്പിളി ആയിരുന്നു. ദിലീപ് അവതരിപ്പിച്ച ഓമനക്കുട്ടന് അനിയത്തിയെ വീപ്പകുറ്റി എന്നു വിളിച്ചു കളിയാക്കുന്നത് ഒക്കെ ഇപ്പോഴും പ്രേക്ഷക മനസ്സിലുണ്ട്. ലാല്‍ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്നദിക്കില്‍ എന്ന ചിത്രത്തില്‍ അമ്പിളിയെ ആയിരുന്നു കാസ്റ്റ് ചെയ്തത്. എന്നാല്‍ തന്റെ അച്ഛന്റെ മരണത്തെ തുടര്‍ന്ന് നടിക്ക് ആ സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചില്ല. പിന്നീട് നടി വേറെ ചിത്രങ്ങളില്‍ അഭിനയിച്ചതുമില്ല.