അമ്മായി റെഡി ആണേല്‍ ഞങ്ങള്‍ റെഡി എന്ന മാട്രിമോണിയുടെ പരസ്യചിത്രം ഓര്‍മ്മയുണ്ടോ?

അടുത്തക്കാലത്തായി മലയാളത്തില്‍ വ്യത്യസ്തമായ സിനിമകള്‍കൊണ്ട് ശ്രദ്ധേയനാവുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ചോക്കലേറ്റ് പയ്യന്‍ എന്ന ഇമേജില്‍ നിന്നൊക്കെ മാറി പക്വതയുള്ള കരുത്തുള്ള കഥാപാത്രങ്ങളുമായി മികച്ച പ്രകടനാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ കാഴ്ചവെക്കുന്നത്. ഒറ്റിറ്റി റിലീസായി അടുത്തിടെ എത്തിയ രണ്ട് ചിത്രങ്ങള്‍ മാത്രം നോക്കിയാല്‍ മതി അത് മനസ്സില്ലാക്കാന്‍. നായാട്ടും നിഴലുമാണ് ആ ചിത്രങ്ങള്‍. വിഷു റിലീസായി തിയേറ്റുകളില്‍ രണ്ട് സിനിമകളും ഏകദേശം ഒരേ സമയത്ത് തന്നെയാണ് എത്തിയത്. എന്നാല്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചതും മറ്റും സിനിമകള്‍ക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു.

നിഴല്‍ എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനൊപ്പം ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ഉണ്ട്. എന്നാല്‍ നയന്‍താര അവതരിപ്പിച്ച ശര്‍മ്മിള എന്ന കഥാപാത്രത്തിന്റെ മകന്‍ നിതിനെ നോക്കാനും പഠിപ്പിക്കാനുമായി ഒരു പെണ്‍കുട്ടി വീട്ടില്‍ എത്തുന്നുണ്ട്. മേഘ എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. സിനിമ കണ്ടതിന് ശേഷം മേഘയെ അവതരിപ്പിച്ച നടി ആരാണെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പലരുടേയും ചര്‍ച്ച. മുന്‍പ് എവിടേയോ ആ നടിയെ കണ്ടതായും ചിലര്‍ ഓര്‍മ്മിച്ചെടുത്തു. കുഞ്ചാക്കോ ബോബനേയും നയന്‍താരയേയും പോലെ സിനിമയില്‍ തിളങ്ങിയ നടി ആരാണ് എന്നുള്ള ചോദ്യത്തിന് ആദ്യ പ്രസാദ് എന്നാണ് ഉത്തരം. ഇതിനൊടകം തന്നെ കുറച്ചധികം സിനിമകളില്‍ ആദ്യ എത്തികഴിഞ്ഞിരുന്നു.

കായംകുളംകാരിയായ ആദ്യ പ്രസാദ് മോഡലിങ് രംഗത്ത് നിന്നാണ് സിനിമയിലേക്ക് എത്തുന്നത്. നിരവധി ശ്രദ്ധേയമായ പരസ്യചിത്രങ്ങളിലും ആദ്യ അഭിനയിച്ചിരുന്നു. കേരളമാട്രിമോണിയുടെ പരസ്യത്തില്‍ പലരും നടിയെ കണ്ടിരിക്കാം. അമ്മായി റെഡി ആണേല്‍ ഞങ്ങള്‍ റെഡി എന്നൊരു ഡയലോഗുമായി അതില്‍ തിളങ്ങിയ നടിയാണ് ആദ്യ പ്രസാദ്. കിറ്റക്‌സ്, വനിത, പോപ്പി തുടങ്ങി നിരവധി പരസ്യചിത്രങ്ങളിലും ആദ്യ പിന്നീട് അഭിനയിച്ചു. കുട്ടികളുടെ ഡബ്ബിംഗ് ആര്‍ടിസ്റ്റായും ആ സമയത്ത് ആദ്യ ജോലിനോക്കിയിരുന്നു. പിന്നീട് ചെറിയ വേഷങ്ങളില്‍ സിനിമയിലും അഭിനയിച്ചുതുടങ്ങി. എന്നാല്‍ ശ്രദ്ധിക്കപ്പെടുന്നൊരു വലിയ വേഷം ചെയ്തത് സാക്ഷാല്‍ ജഗതി ശ്രീകുമാറിനൊപ്പം ആയിരുന്നു. അപകടത്തിന് ശേഷം ജഗതി ശ്രീകുമാര്‍ അഭിനയിച്ച കബീറിന്റെ ദിവസങ്ങള്‍ എന്ന സിനിമയിലാണ് ആദ്യ പ്രസാദ് ആദ്യമായി നായികയായത്.

കബീറിന്റെ ദിവസങ്ങള്‍ എന്ന സിനിമയില്‍ ജഗതി ശ്രീകുമാറിന്റെ മകളായിട്ടാണ് ആദ്യ അഭിനയിച്ചത്. പിന്നീട് കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത്സിംഗ് എന്ന സിനിമയിലും ആദ്യ പ്രസാദ് നായികയായി. എന്നാല്‍ ചിത്രം വലിയ വിജയം നേടിയില്ല. എന്നാല്‍ ഇപ്പോള്‍ നിഴലിലെ മേഘ എന്ന കഥാപാത്രത്തിലൂടെ മലയാളസിനിമയില്‍ സജീവമാവുകയാണ് ആദ്യ പ്രസാദ്. അന്തനാള്‍ എന്ന തമിഴ് സിനിമയാണ് ആദ്യയുടെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. ഫിനിഷിങ് പോയിന്റ് എന്നൊരു വെബ് സീരിസിലും ആദ്യ അഭിനയിച്ചു. തമിഴില്‍ ഒരുങ്ങിയ വെബ്‌സീരിസും റിലീസിന് തയ്യാറെടുക്കുകയാണ്.