ചുരുങ്ങിയകാലം കൊണ്ട് മലയാളികളുടെ പ്രിയങ്കരനായി മാറിയ ശ്രീകാന്ത് വെട്ടിയാരുടെ കഥയും ജീവിതവും ഇതാ.

ലോക്ക്ഡൗണ്‍ കാലം ഒരുതരത്തില്‍ പ്രതിഭകളുടെ കാലം കൂടിയായിരുന്നു. ഇന്റര്‍നെറ്റിലൂടെ പലരുടേയും കഴിവ് വിളിച്ചറിയിക്കാന്‍ കിട്ടിയ അവസരം കൂടിയായിരുന്നു ആ കാലം. നിരവധി പ്രതിഭകളാണ് സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ കഴിവ് ലോകത്തോട് വിളിച്ചു പറഞ്ഞത്. അവരെയെല്ലാം ഇരുകൈയും നീട്ടി മലയാളികള്‍ സ്വീകരിക്കുകയും ചെയ്തു. അതില്‍ പ്രധാനിയാണ് ശ്രീകാന്ത് വെട്ടിയാര്‍ എന്ന മനുഷ്യന്‍. രസകരമായ തമാശങ്ങള്‍കൊണ്ട് ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ കളിയാക്കലുകളോ ഒന്നുമില്ലാതെ പൊളിറ്റിക്കലി ഇന്‍കറക്ടാകാതെയുള്ള ആലപ്പുഴയിലെ വെട്ടിയൂരില്‍ നിന്നെത്തിയ വീഡിയോകള്‍ ലക്ഷകണക്കിന് പ്രേക്ഷകരെ രസിപ്പിക്കുകയായിരുന്നു. ദി ക്യൂ എന്ന ഓണ്‍ലൈന്‍ ചാനലിന് നടത്തിയ അഭിമുഖത്തില്‍ ശ്രീകാന്ത് വെട്ടിയാര്‍ തന്റെ ജീവിതം എല്ലാവര്‍ക്കുമായി തുറന്ന് കാട്ടി.

ജോലി തേടി ഗള്‍ഫിലേക്ക് പോയതായിരുന്നു. എന്നാല്‍ സിനിമാ മോഹം കാരണം തിരിച്ച് നാട്ടില്‍ വന്നു. അച്ഛന്‍ ചെറിയ പ്രായത്തില്‍ തന്നെ ഉപേക്ഷിച്ച് പോയതാണ്. അമ്മയാണ് രണ്ട് മക്കളെ വളര്‍ത്തിയത്. പൂശിയട്ടില്ലാത്ത വീട് പൂശി ബാക്കി പണികളൊക്കെ തീര്‍ക്കണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ ശ്രീകാന്ത് തിരിച്ചെത്തിയത് ഒരുപിടി സ്വപ്‌നങ്ങളുമായിട്ടായിരുന്നു. ശ്രീകാന്ത് തമാശകള്‍ ഉണ്ടാക്കി. കൂട്ടുകാരെയും നാട്ടുകാരേയും എന്തിന് അമ്മയെ വരെ കൂട്ടി. വീഡിയോകളിലൂടെ പുതിയ പുതിയ ക്രിയേറ്റീവ് ആശയങ്ങള്‍കൊണ്ടുവന്നു. സോഷ്യല്‍ മീഡിയയില്‍ അതെല്ലാം ഹിറ്റായി മാറി. ആരെയും വിഷമിപ്പിക്കുന്നതോ പരിഹസിക്കുന്നതോ ആയ ഒന്നും തന്റെ വീഡിയോകളില്‍ ഉണ്ടാകരുതെന്ന് ശ്രീകാന്ത് വെട്ടിയാര്‍ക്ക് നിര്‍ബന്ധമായിരുന്നു. അത് അയാളെ നല്ലൊരു മനുഷ്യനുമാക്കി. ശ്രീകാന്ത് വെട്ടിയാറെ കുറിച്ച് സംവിധായകന്‍ ജനിത് കാച്ചപ്പള്ളി തന്റെ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.

ആദ്യമൊക്കെ ട്രോളുകളില്‍ ശ്രദ്ധിച്ചിരുന്ന ഒരു പേരായിരുന്നു ശ്രീകാന്ത് വെട്ടിയാര്‍. പിന്നെ പിന്നെ വീഡിയോകളില്‍. ഇന്ന് ഇന്റര്‍വ്യൂ കാണുമ്പോ ഏറ്റവും കൂടുതല്‍ മനസിലുടക്കുന്നത് വെട്ടിയാരുടെ അമ്മയുടെ ചിരിയാണ്. ഒരു പ്രായത്തില്‍ അച്ഛന്‍ ഉപേക്ഷിച്ചു പോയതാണ് എന്ന് ശ്രീകാന്ത് വെട്ടിയാര്‍ തന്നെ പറഞ്ഞു കേട്ടിട്ടുള്ള അമ്മയുടെ. ഒരിക്കല്‍ രണ്ടു മക്കളെ പോറ്റാന്‍ പാട് പെട്ടിരുന്ന അമ്മ അന്നും ഇതുപോലെ തന്നെ ആയിരിക്കുമോ ചിരിച്ചിരുന്നിരിക്കുക. വീട് പണിയാന്‍ ഗള്‍ഫില്‍ പോയിട്ട് ജോലി ഉപേക്ഷിച്ച് തിരിച്ചു വരുന്ന മകനെ കണ്ടപ്പോഴും ഇങ്ങനെ ചിരിച്ചിട്ടുണ്ടാകുമോ. അവന്‍ പതിയെ പതിയെ സ്വന്തം ഇഷ്ടത്തിന് വിഡിയോകള്‍ ഉണ്ടാക്കി തുടങ്ങുമ്പോഴോ. എന്നാല്‍ ലൈക്കോ റീച്ചോ പോസ്റ്റ് എന്‍ഗേജ്‌മെന്റോ അറിയാത്ത ആ അമ്മ കൂടി ഭാഗമാകുന്ന അവന്റെ വിഡിയോകള്‍ ഇന്ന് ആരുടെയൊക്കെയോ ചിരിയുടെയോ, സന്തോഷങ്ങളുടെയോ ഭാഗമാണെന്ന് അവര്‍ അറിയുമ്പോഴോ.

ചെത്തി തേക്കാത്തതും, പണി തീരാത്തതുമായ വീടിന്റെ ഭിത്തിയ്ക്ക് പോലും ഇന്ന് ഇഷ്ടക്കാരുണ്ട് എന്ന് കൂടി അറിയുമ്പോഴോ. തീര്‍ച്ചയായും അവര്‍ ചിരിക്കുന്നുണ്ട്. അത് അന്നത്തേതിനേക്കാള്‍ മനോഹരമായി തന്നെയാകണം. അതുപോലെ കൈവഴി വെട്ടി നാട്ടിലേക്ക് പുഴയെത്തിച്ച് പുഴയ്ക്കും നാടിനും വെട്ടിയാര്‍ എന്ന പേര് വന്ന നാട്ടില്‍ നിന്നും ആരേയും വിഷമിപ്പിക്കുന്ന തമാശ ഉണ്ടാക്കില്ല എന്ന് തീരുമാനിക്കുന്ന, ആ നാടിന്റെ പേര് കൂടെ വെച്ച് ആ നാടിനെ ചിരിയുടെ പേരുകളില്‍ ഒന്നാക്കി മാറ്റുക കൂടി ചെയ്യുന്ന ഒരു മകന്‍ ഉണ്ടാക്കുന്ന ചിരികള്‍ക്ക് ആള് തേടിയെത്തുമ്പോള്‍ ഒരുപക്ഷെ അവര്‍ പണ്ടത്തേതിനേക്കാള്‍ മനോഹരമായി കരഞ്ഞിട്ടുമുണ്ടാകണം. ചില മനുഷ്യരുടെ വിജയം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോകുന്നത് ഇങ്ങനെയൊക്കെയാണ്. അല്ലെങ്കിലും പാതി പണി ഇനിയും തീരാന്‍ ബാക്കിയുള്ള മുകളിലത്തെ മുറിയില്‍ ഇരുന്ന് കഥയും തിരക്കഥയും പരസ്യവുമെഴുതുന്ന എന്നെപ്പോലുള്ളവര്‍ ഇതല്ലാതെ വേറെയെന്താഗ്രഹിക്കാന്‍.