അവര്‍ക്കുള്ള മറുപടിയാണ് വിദ്യാബാലന്റെ ഈ വിജയ കഥ

മുംബൈയിലാണ് വിദ്യാബാലന്‍ ജനിച്ചത്. ഒരു തമിഴ് മലയാളി കുടുംബത്തില്‍. അതുകൊണ്ട് തന്നെ വീട്ടില്‍ കേട്ടതും സംസാരിച്ചതുമെല്ലാം മലയാളവും തമിഴും തന്നെ ആയിരുന്നു. ചെറുപ്പം കാലം മുതല്‍ക്കെ സിനിമ ജീവനായിരുന്നു. ഷബാന ആസ്മിയും മാധുരി ദീക്ഷിതും ആയിരുന്നു വിദ്യയുടെ ഇഷ്ട നടിമാര്‍. പതിനാറ് വയസ്സുള്ളപ്പോള്‍ ഏക്താ കപൂറിന്റെ ഹാസ്യപരമ്പരയില്‍ ഒരു വേഷം ചെയ്യാന്‍ വിദ്യാ ബാലന് അവസരം കിട്ടി. ഹം പാഞ്ച് എന്ന പരമ്പരയില്‍ രാധിക എന്ന കഥാപാത്രത്തെയാണ് വിദ്യ അവതരിപ്പിച്ചത്. എന്നാല്‍ ആ പരമ്പരയ്ക്ക് ശേഷം ടിവി സീരിയലുകളിലേക്ക് വിദ്യാ ബാലന് ക്ഷണം വന്നു. എന്നാല്‍ വിദ്യാ ബാലന്‍ അത് സ്വീകരിച്ചില്ല. സിനിമ ആയിരുന്നു വിദ്യയുടെ ലക്ഷ്യം.

എന്നാല്‍ അത്ര സുഖകരമായിരുന്നില്ല ആ യാത്ര. പഠനം പൂര്‍ത്തിയാക്കാനാണ് വിദ്യയോട് രക്ഷകര്‍ത്താക്കള്‍ പറഞ്ഞത്. അങ്ങനെ പഠനത്തിന് ശേഷം വിദ്യാ ബാലന്‍ സിനിമയിലേക്കുള്ള അവസരങ്ങള്‍ തേടിയിറങ്ങി. മലയാളത്തില്‍ നിന്നാണ് വിദ്യാ ബാലനെ തേടി ആദ്യമൊരു നായികാ വേഷം എത്തിയത്. സിനിമ സംവിധാനം ചെയ്യുന്നത് കമല്‍ ആണ്. തിരക്കഥ ലോഹിതദാസും. നായക വേഷത്തില്‍ സാക്ഷാല്‍ മോഹന്‍ലാല്‍. ദിലീപും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. നായികയായി അവര്‍ കണ്ടെത്തിയത് വിദ്യാബാലനെ ആയിരുന്നു. സ്വപ്‌നതുല്യമായ തുടക്കം. വിദ്യാബാലന്‍ ്അങ്ങനെ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചു തുടങ്ങി.

എന്നാല്‍ കുറച്ച് ദിവസത്തെ ചിത്രീകരണത്തിന് ശേഷം ചിത്രം മുടങ്ങി. പിന്നെ ആ സിനിമ നടന്നില്ല. പൂര്‍ത്തികരിക്കാനാകാതെ പോയ ആ സിനിമയുടെ പേര് ചക്രം എന്നായിരുന്നു. ചക്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ വിദ്യാബാലനെ നായികയാക്കി പന്ത്രണ്ടോളം ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങി. എന്നാല്‍ ചക്രം മുടങ്ങിയതോടെ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അത് നായകിയുടെ ബാഡ് ലക്കാണ് എന്നൊക്കെയുള്ള തരത്തില്‍ കഥകള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. വിദ്യാ ബാലന് അങ്ങനെ ഒരു ദുരന്ത നായിക പരിവേഷം കിട്ടുകയും കമിറ്റ് ചെയ്ത സിനിമകളില്‍ നിന്ന് അവരെ ഒഴിവാക്കുകയും ചെയ്തു. പിന്നെയാണ് വിദ്യാബാലന്‍ തമിഴിലേക്ക് എത്തുന്നത്. എന്നാല്‍ അവിടേയും അവസ്ഥ മറ്റൊന്നായിരുന്നില്ല. ലിങ്കു സാമി സംവിധാനം ചെയ്ത റണ്‍ എന്ന ചിത്രത്തില്‍ വിദ്യാബാലനെയാണ് നായികയായി തീരുമാനിച്ചത്.

മാധവന്‍ ആണ് ചിത്രത്തിലെ നായകന്‍. വിദ്യാബാലനെ നായികയാക്കി ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളും പൂര്‍ത്തിയായി. എന്നാല്‍ പിന്നീട് വിദ്യാബാലനെ സിനിമയില്‍ നിന്ന് മാറ്റി. അവര്‍ അതിന് യോജിക്കുന്നില്ല എന്നായിരുന്നു കണ്ടെത്തല്‍. പിന്നെ മനസ്സെല്ലാം എന്ന തമിഴ് സിനിമയിലും നായികയായി വിദ്യാ ബാലന്‍ വന്നു. പക്ഷെ കുറച്ച് ദിവസത്തെ ചിത്രീകരണത്തിന് ശേഷം അതില്‍ നിന്നും വിദ്യയെ അണിയറ പ്രവര്‍ത്തകര്‍ മാറ്റി. കളരി വിക്രമന്‍ എന്ന മലയാളം സിനിമയില്‍ പിന്നെ വിദ്യാ ബാലന്‍ അഭിനയിച്ചു. മുകേഷ് ആയിരുന്നു നായകന്‍. എന്നാല്‍ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും അത് റീലീസ് ചെയ്യാന്‍ കഴിഞ്ഞില്ല. പെട്ടിയില്‍ തന്നെ ഇരുന്നു. അങ്ങനെ സിനിമാ ജീവിതം അവസാനിപ്പിച്ചാലോ എന്നുള്ള തീരുമാനത്തില്‍ വരെ വിദ്യാ ബാലന്‍ എത്തി. പിന്നെ കുറച്ച് നാളത്തേക്ക് വിദ്യാ ബാലന്‍ സിനിമയില്‍ നിന്ന് മാറി നിന്നു. പക്ഷെ പിന്നെ ബോളിവുഡില്‍ അരങ്ങേറിയ നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നട്ടില്ല എന്നത് ചരിത്രം