പഴയകാല സിനിമ പ്രേമികൾക്ക് ഒരു ഉത്തരം മാത്രമേ ഈ ചോദ്യത്തിന് കാണു

മലയാള സിനിമയിലെ ഏറ്റവും കൂടുതല്‍ സൗന്ദര്യമുള്ള നടി എന്നൊരു ചോദ്യം ചോദിക്കുകയാണെങ്കില്‍ പലര്‍ക്കും പറയാനുണ്ടാകുന്നത് പല ഉത്തരങ്ങള്‍ ആയിരിക്കും. എന്നാല്‍ ലോകത്തിലെ ഏറ്റവും സുന്ദരിയായ സിനിമാനടി എന്നറിയപ്പെടുന്ന സാക്ഷാല്‍ മര്‍ലിന്‍ മണ്‍റോയോട് വരെ ഉപമിച്ച ഒരു നടി വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാളത്തില്‍ ഉണ്ടായിരുന്നു. ഒരു തലമുറ മുഴുവന്‍ ആ സുന്ദരമുഖം നെഞ്ചിലേറ്റി നടന്നിരുന്നു. വിജയശ്രീ എന്ന നടിയായിരുന്നു അത്. ആരെയും ആകര്‍ഷിക്കുന്ന കണ്ണുകളും ചുരുണ്ട തലമുടികളും ആയിരുന്നു വിജയശ്രീയുടേത്. തന്റെ ജീവിതത്തില്‍ ഏഴ് വര്‍ഷത്തോളം മാത്രമേ വിജയശ്രീ സിനിമാരംഗത്ത് അഭിനയിച്ചിട്ടുള്ളൂ.

അതില്‍ നാല് വര്‍ഷം മാത്രമാണ് മലയാള സിനിമകളില്‍ അഭിനയിച്ചത്. പ്രേംനസീറിന്റെ നായികയായിട്ടായിരുന്നു ഭൂരിഭാഗം സിനിമകളിലും വിജയശ്രീ എത്തിയത്. നാല്‍പതോളം മലയാള സിനിമകളില്‍ പ്രധാന വേഷത്തില്‍ നടിയെത്തി. ചിത്തി എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിജയശ്രീ തന്റെ സിനിമ ജീവിതം തുടങ്ങുന്നത്. ആയിരത്തി തൊള്ളായിരത്തി അറുപത്തിയൊമ്പതില്‍ തിക്കുറിശ്ശി സംവിധാനം ചെയ്ത് പ്രേംനസീര്‍, ഷീല തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ പൂജാപുഷ്പം എന്ന സിനിമയിലൂടെയാണ് വിജയശ്രീ മലയാളത്തില്‍ എത്തുന്നത്. ചിത്രത്തില്‍ പ്രേംനസീര്‍ കഥാപാത്രത്തിന്റെ സഹോദരി ആയിട്ടാണ് നടി അഭിനയിച്ചത്.

ആദ്യ സിനിമയില്‍ നടി ബഹദൂര്‍ കഥാപാത്രത്തിന്റെ ജോഡിയായിട്ടാണ് എത്തിയത്. ഗ്ലാമര്‍ നൃത്ത രംഗങ്ങളിലൂടെ പ്രേക്ഷകരുടെ ആവേശമായി മാറി നടി. ‘അക്കരെ നിക്കണ ചക്കരമാവിലെ തൂക്കണാം കുരുവിക്കുഞ്ഞെ’ എന്ന കോമഡി ഗാനത്തില്‍ കുറച്ച് ഗ്ലാമര്‍ ആയി തന്നെയാണ് വിജയശ്രീ എത്തിയത്. പിന്നീട് രക്തപുഷ്പം എന്ന സിനിമയില്‍ പ്രേംനസീറിന്റെ നായികയായി ആദ്യമായി വിജയശ്രീ അഭിനയിച്ചു. റാണി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ഒതേനന്റെ മകന്‍ എന്ന ചിത്രത്തില്‍ സത്യന്‍ അവതരിപ്പിച്ച ഒതേനന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യ കുങ്കിയായിട്ടാണ് വിജയശ്രീ എത്തിയത്.

ചിത്രത്തില്‍ പ്രേംനസീര്‍ എത്തിയത് അവരുടെ മകന്‍ അമ്പു ആയിട്ടായിരുന്നു. പിന്നീട് പ്രേംനസീര്‍ വിജയശ്രീ കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രങ്ങളെല്ലാം വലിയ വിജയം ആവുകയും ചെയ്തു. മലയാളത്തിലെ തിരക്കുള്ള നടിയായി വിജയശ്രീ മാറുകയും ചെയ്തു. മറവില്‍ തിരിവ് സൂക്ഷിക്കുക, ലങ്കാദഹനം, പളുങ്ക്പാത്രം, മറുനാട്ടില്‍ ഒരു മലയാളി, ആരോമലുണ്ണി, പോസ്റ്റുമാനെ കാണാനില്ല, പുഷ്പാഞ്ജലി തുടങ്ങിയ നിരവധി സിനിമകളില്‍ വിജയശ്രീയെ നമ്മള്‍ കണ്ടു. വിജയശ്രീ സിനിമകളിലെ ഗാനരങ്ങള്‍ കാണാന്‍ വേണ്ടി മാത്രം സിനിമ ടിക്കറ്റ് എടുക്കുന്ന ഒരു കാലം കൂടിയായിരുന്നു അത്.

കുഞ്ചാക്കോ സംവിധാനം ചെയ്ത പ്രേം നസീര്‍ നായകനായി എത്തിയ പൊന്നാപുരം കോട്ടയിലെ ഗാനരംഗങ്ങള്‍ ഒക്കെ ഇപ്പോഴും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതാണ്. സ്വര്‍ഗ്ഗപുത്രി, അങ്കത്തട്ട്, പച്ചനോട്ടുകള്‍, തേനരുവി തുടങ്ങിയ സിനിമകളിലും വിജയശ്രീ അഭിനയിച്ചു. വണ്ടിക്കാരി എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കയാണ് തന്റെ ഇരുപത്തിയൊന്നാം വയസ്സില്‍ നടിക്ക് മാത്രം അറിയാവുന്ന കാരണത്താല്‍ സ്വയം ജീവനൊടുക്കുകയായിരുന്നു. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ എത്രയോ കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് ലഭിക്കുമായിരുന്നു. അക്കാലത്തില്‍ നമ്മെ വിട്ടുപോയ നടിക്ക് പ്രണാമം എന്നുമാണ് പോസ്റ്റ്.

Leave a Comment