പ്രേക്ഷക മനസ്സില്‍ ഭയം ജനിപ്പിച്ച നിരവധി വില്ലന്‍ കഥാപാത്രങ്ങളായി മലയാളത്തില്‍ തിളങ്ങിയ അന്യഭാഷ നടന്‍

ചില കഥാപാത്രങ്ങള്‍ എന്നും നമ്മള്‍ ഓര്‍ത്തു ഇരിക്കും. അതു നായകന്‍ എന്നോ നായിക എന്നോ ഇല്ല. ചിലപ്പോള്‍ പേടിപ്പിക്കുന്ന വില്ലന്‍ കഥാപാത്രം വരെ ആകാം. ജോണിവാക്കര്‍ സിനിമയിലെ സ്വാമി, വിയറ്റ്‌നാം കോളനിയിലെ റാവുത്തര്‍, മൈ ഡിയര്‍ കുട്ടിച്ചാത്തനിലേ മന്ത്രവാദി എന്നീ കഥാപാത്രങ്ങള്‍ അത്തരം വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് ഉദാഹരണമാണ്. വലിയ ശ്രദ്ധ നേടാതെ പോയ ഒരു ചിത്രമാണ് മമ്മൂട്ടി നായകനായി എത്തിയ വിഷ്ണു. പക്ഷെ അതിലെ വില്ലന്‍ കഥാപാത്രമായ ഗുരുദാദയെ മലയാള സിനിമ പ്രേക്ഷകര്‍ മറക്കാന്‍ ഇടയില്ല. തമിഴ് നടന്‍ അജയ് രത്‌നം ആയിരുന്നു ഗുരുദാദ ആയി എത്തിയത്. നായകനേക്കാള്‍ ഉയരവും രൗദ്രഭാവങ്ങളുമായി എത്തിയ ഗുരുദാദ മലയാള സിനിമയിലെ എണ്ണം പറഞ്ഞ വില്ലന്മാരില്‍ ഒരാളാകുകയും ചെയ്തു.

ആറടി നാലിഞ്ച് ഉയരമുണ്ട് നടന്. മറ്റു അഭിനേതാക്കളില്‍ നിന്നുള്ള ഈ വ്യത്യാസം തന്നെയാണ് നടനെ ശ്രദ്ധേയന്‍ ആക്കിയതും. അതുകൊണ്ട് തന്നെ നടനെ തേടി എത്തിയത് വില്ലന്‍ കഥാപാത്രങ്ങളും ആയിരുന്നു. അജയ് രത്‌നം അഭിനയിച്ച ആദ്യ മലയാള ചിത്രമായിരുന്നു വിഷ്ണു. മുപ്പത്തിരണ്ട് വര്‍ഷം മുന്‍പ് ഇറങ്ങിയ തമിഴ് ഹൊറര്‍ ചിത്രമായ നാളൈ മനിതാണ് നടന്റെ ആദ്യ ചിത്രം. ചിത്രത്തിലെ പ്രധാന കഥാപാത്രമായ മോണ്‍സ്റ്റര്‍ ആയിട്ടാണ് അജയ് എത്തിയത്. ഈ ചിത്രത്തിന്റെ തുടര്‍ച്ചയായി എത്തിയ അതിസയ മനിതനിലും അജയ് തന്നെ ആയിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്. കമല്‍ ഹാസന്‍ നായകനായ ഗുണ എന്ന ചിത്രത്തിലൂടെയാണ് അജയ് രത്‌നം ശ്രദ്ധിക്കപ്പെടുന്നത്. കഥാപാത്രത്തിന്റെ പേര് ഇന്‍സ്‌പെക്ടര്‍ മൂവേന്തര്‍ എന്നായിരുന്നു.

ഇന്‍സ്‌പെക്ടര്‍ മുത്തുപാണ്ടി എന്ന കഥാപത്രം ആയി പിന്നീട് വീണ്ടും ഒരു കമല്‍ ഹാസന്റെ തേവര്‍ മകന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. നടന്റെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഇന്‍സ്‌പെക്ടര്‍ മുത്തുപാണ്ടി. കാതലന്‍, തിരുടാ തിരുടാ, വീര, പാണ്ടിദുരൈ, ജെന്റില്‍മാന്‍, ഉടന്‍ പിറപ്പ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അജയ് രത്‌നം മികച്ച അഭിനയം ആണ് കാഴ്ചവെച്ചത്. വിഷ്ണുവിന് ശേഷം മലയാളത്തില്‍ പിടക്കോഴി കൂവുന്ന നൂറ്റാണ്ടില്‍ ആണ് നടന്‍ വേഷമിട്ടത്. സിനിമയിലെ വില്ലന്‍ ഡഗ്ലസ് എന്ന കഥാപാത്രത്തെയാണ് അജയ് അവതരിപ്പിച്ചത്. അതേ വര്‍ഷം തന്നെ ജോഷി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ സൈന്യം എന്ന ചിത്രത്തിലും അജയ് അഭിനയിച്ചു. മുകേഷും ആനിയും പ്രധാന കഥാപാത്രങ്ങള്‍ ആയി എത്തിയ പാര്‍വതി പരിണയം എന്ന ചിത്രത്തിലും നടനെ പിന്നീട് കണ്ടു.

അതിലെ വില്ലന്‍ കഥാപാത്രമായ അനിയന്‍ തിരുമേനിയുടെ വേഷം ചെയ്തത് അജയ് ആയിരുന്നു. മലയാളം സിനിമകളില്‍ നടനെ അതികം കണ്ടില്ലെങ്കിലും തമിഴ് സിനിമകളില്‍ വളരെ സജീവമായിരുന്നു നടന്‍. സൂര്യവംശം, രക്ഷകന്‍, കാതലാ കാതലാ, ഇന്ത്യന്‍, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ഭരത്ചന്ദ്രന്‍ ഐ പി എസിലെ കാലാപുരോഹിത് ഖാന്‍, ജനനായകനിലെ കുപ്പു സ്വാമി തുടങ്ങിയ കഥാപാത്രങ്ങള്‍ ഇപ്പോഴും നമ്മുടെ ഓര്‍മയില്‍ ഉണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം മാമാങ്കം സിനിമയില്‍ നടനെ കണ്ടു. മോറ്റിവേഷണല്‍ സ്പീക്കര്‍ കൂടിയാണ് ഇപ്പോള്‍ നടന്‍. അജയ്‌യുടെ മകന്‍ ധീരജ് വിഷ്ണുവും ഇപ്പോള്‍ അഭിനയ രംഗത്ത് ഉണ്ട്.